തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ അമേരിക്കന്‍ യാത്രയില്‍ മുറവിളി കൂട്ടുന്നവര്‍ക്കെതിരെ സുനിത ദേവദാസ്. ഏതൊരു മനുഷ്യനും അടിസ്ഥാനപരമായി ചില മനുഷ്യാവകാശങ്ങള്‍ ഉണ്ട്. അതിലൊന്നാണ് സ്വകാര്യത എന്നത്. തന്റെ രോഗാവസ്ഥയടക്കമുള്ള, തനിക്ക് പൊതുജനങ്ങളെ അറിയിക്കാന്‍ താല്പര്യമില്ലാത്ത എന്തും സ്വകാര്യമാക്കി വെയ്ക്കാന്‍ ഏത് മനുഷ്യനും അവകാശമുള്ളതു പോലെ പിണറായി വിജയനും അവകാശമുണ്ട്. അത് മാനിക്കുക.
എങ്കിലും പിണറായി തന്റെ രോഗാവസ്ഥ ചര്‍ച്ച ചെയ്യേണ്ട എന്ന് തീരുമാനിച്ചാല്‍ അവിടെ തീരും നിങ്ങളുടെയൊക്കെ അറിയാനുള്ള അവകാശവും അഹങ്കാരവും മര്യാദ പഠിപ്പിക്കലുമൊക്കെ എന്നും സുനിത ദേവദാസ് ഫേസ്ബുക്കില്‍ കുറിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം ചുവടെ:
പിണറായി വിജയന്റെ അമേരിക്കന്‍ യാത്രയും സ്വകാര്യതയും
മുഖ്യമന്ത്രി പിണറായി വിജയന്‍ തന്റെ ചികിത്സക്കായി അമേരിക്കയിലാണ്. അദ്ദേഹം അവിടെയെത്തി Rochester ല്‍ ഉള്ള മയോ ക്ലിനിക്കില്‍ ചികിത്സ ആരംഭിച്ചു. അദ്ദേഹത്തിനു വിദ്ഗ്ധ ചികിത്സ ആവശ്യമുണ്ട്.
ഇത്രയും പറഞ്ഞത് അദ്ദേഹത്തിന്റെ സ്വകാര്യത മാനിക്കാതെയല്ല . പലരും എഴുതിയിടുന്നത് വായിച്ചു സഹികെട്ടാണ്. എത്ര വൃത്തികെട്ട രീതിയിലാണ് ആളുകള്‍ ഒരു മനുഷ്യന്റെ രോഗാവസ്ഥയെ പോലും പരിഹസിക്കുന്നത്.
ഏതൊരു മനുഷ്യനും അടിസ്ഥാനപരമായി ചില മനുഷ്യാവകാശങ്ങള്‍ ഉണ്ട്. അതിലൊന്നാണ് സ്വകാര്യത എന്നത്. തന്റെ രോഗാവസ്ഥയടക്കമുള്ള തനിക്ക് പൊതുജനങ്ങളെ അറിയിക്കാന്‍ താല്പര്യമില്ലാത്ത എന്തും സ്വകാര്യമാക്കി വക്കാന്‍ ഏത് മനുഷ്യനും അവകാശമുള്ളതു പോലെ പിണറായി വിജയനും അവകാശമുണ്ട്. അത് മാനിക്കുക.
പിണറായി മുഖ്യമന്ത്രിയാണ് , അതിനാല്‍ രോഗത്തിന്റെയും ചികിത്സയുടെയും മുഴുവന്‍ വിവരങ്ങളും ഞങ്ങളെ അറിയിക്കണം എന്നൊക്കെ കുറെ പേര് അവകാശം ഉന്നയിക്കുന്നത് കണ്ടു. എന്തവകാശം ? എനിക്ക് എന്റെ രോഗാവസ്ഥ പറയാനോ നിങ്ങളെ അറിയിക്കാനോ താല്പര്യമില്ല എന്ന് പിണറായി പറഞ്ഞാല്‍ തീരുന്നതേയുള്ളു നിങ്ങളുടെയൊക്കെ അവകാശത്തിനു വേണ്ടിയുള്ള ഈ മുറവിളി. മുറവിളിക്കാര്‍ അത്രയും വൃത്തികെട്ടവരാണെങ്കില്‍ നിങ്ങള്‍ക്ക് ചെലവായ പൈസ അറിയാതെ ഉറക്കം വരില്ലെങ്കില്‍ അത് ചോദിക്കാം.
അപ്പൊ ഒരു തുക നിങ്ങള്‍ക്ക് അറിയാന്‍ കഴിയും .
എങ്കിലും പിണറായി തന്റെ രോഗാവസ്ഥ ചര്‍ച്ച ചെയ്യേണ്ട എന്ന് തീരുമാനിച്ചാല്‍ അവിടെ തീരും നിങ്ങളുടെയൊക്കെ അറിയാനുള്ള അവകാശവും അഹങ്കാരവും മര്യാദ പഠിപ്പിക്കലും എല്ലാം .
കുരു പൊട്ടി ചലം ചീറ്റി പറന്നു നടക്കുന്ന നികൃഷ്ട ജീവികള്‍ക്ക് ആശ്വാസം കിട്ടുമെങ്കിലോ എന്ന് കരുതി ചിലത് വിശദീകരിക്കാം.
1 . പിണറായി വിജയന്‍ കേരളത്തിന്റെ മുഖ്യമന്ത്രിയാണ്. ചെറുപ്പ കാലം മുതല്‍ 74 വയസ്സ് വരെയും മുഴുവന്‍ സമയ രാഷ്ട്രീയ പ്രവര്‍ത്തകനാണ്. തന്റെ ജീവിതം മുഴുവനും അദ്ദേഹം രാഷ്ട്രീയപ്രവര്‍ത്തനത്തിനും സംഘടനാ പ്രവര്‍ത്തനത്തിനുമാണ് ചെലവഴിച്ചത്.
അദ്ദേഹത്തിന് എം എല്‍ എ എന്ന നിലയില്‍ ചെറിയ പൈസ ലഭിച്ചിട്ടുണ്ടാവും. ഇപ്പോള്‍ മുഖ്യമന്ത്രിയുടെ ശമ്ബളവും ഉണ്ട്.
എന്നാല്‍ അദ്ദേഹത്തിന് മെഡിക്കല്‍ ലീവോ , earn ലീവ് സറണ്ടറോ തുടങ്ങി ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥന് പോലും കിട്ടുന്ന യാതൊന്നും ഉണ്ടായിരുന്നില്ല.
ഒരു ഐ എ എസുകാരന്റെ ശമ്ബളം , ആനുകൂല്യങ്ങള്‍ തുടങ്ങി ഇദ്ദേഹത്തെ പോലെ പണിയെടുക്കുന്നവര്‍ക്ക് ലഭിക്കുന്ന ആനുകൂല്യങ്ങള്‍ ഓര്‍ക്കുക. എന്നിട്ട് അതിനെ മുഴുവന്‍ സമയ രാഷ്ട്രീയക്കാരുടെ വരുമാനവുമായി ഒന്ന് തട്ടിച്ചു നോക്കുക.
പിണറായി വിജയനെ പോലുള്ള രാഷ്ട്രീയക്കാര്‍ 24 മണിക്കൂറും പണിയെടുത്തു കൊണ്ടിരിക്കുകയാണ്. രാഷ്ട്രനിര്മാണത്തില്‍ അവര്‍ക്കുള്ള പങ്ക് ചെറുതല്ല. എന്നാല്‍ ഇവര്‍ക്കാര്‍ക്കും സര്‍ക്കാര്‍ ജീവനക്കാരെ പോലെ വരുമാനമില്ല.
ഒരു സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിക്ക് അസുഖം വന്നാല്‍ ലോകത്തുള്ള ഏറ്റവും നല്ല ചികിത്സ തന്നെ അദ്ദേഹത്തിന് ലഭിക്കണം. അതിനു നിലവില്‍ നിയമവുമുണ്ട്. അത് പിണറായി വിജയന്‍ ഉപയോഗപ്പെടുത്തുന്നതില്‍ നിങ്ങള്‍ക്ക് അസ്വസ്ഥത ഉണ്ടാവുന്നത് എന്തിനാണ് മനുഷ്യരെ ?
അദ്ദേഹം അമേരിക്കയില്‍ കിട്ടുന്ന ഏറ്റവും നല്ല ചികിത്സ കഴിഞ്ഞു ആരോഗ്യവാനായി തിരിച്ചു വരട്ടെ. ഇത്രയും കാര്യശേഷിയുള്ള മുഖ്യമന്ത്രിയുടെ സേവനം ഇനിയും നമ്മുടെ നാടിന് ആവശ്യമുണ്ട്. അതിനു അദ്ദേഹത്തിന്റെ ആരോഗ്യം നല്ലതായിരിക്കുക എന്നതും പ്രധാനമാണ്.
2 . ഒരു വ്യക്തി രാഷ്ട്രീയക്കാരനാവുന്നതും പൊതുപ്രവര്‍ത്തകനാവുന്നതും കമ്മ്യൂണിസ്റ് ആവുന്നതും ഒരു ആത്മസമര്‍പ്പണം തന്നെയാണ്. തര്‍ക്കമില്ല. എന്നാല്‍ ജീവിതത്തില്‍ വിരക്തിയാവണം അങ്ങനെയുള്ളവരുടെ മുഖമുദ്ര എന്ന് ശഠിക്കുന്നത് ഒരുതരം സാഡിസമാണ്.
രാഷ്ട്രീയക്കാരും മനുഷ്യരാണ്. കമ്മ്യൂണിസ്റ്റുകാരും മനുഷ്യരാണ്. അവര്‍ നല്ല വസ്ത്രം ധരിക്കട്ടെ, നല്ല കണ്ണട വെക്കട്ടെ, നല്ല വീട്ടില്‍ താമസിക്കട്ടെ , നല്ല വണ്ടിയില്‍ യാത്ര ചെയ്യട്ടെ, വേഗമെത്താന്‍ മന്ത്രിമാര്‍ സിഗ്‌നലില്‍ കാത്ത് കിടക്കാതെ മുന്നോട്ട് പോകട്ടെ. മക്കള്‍ക്ക് നല്ല വിദ്യാഭ്യാസം നല്‍കട്ടെ, അവരുടെ മക്കള്‍ക്ക് നല്ല ജോലിയുണ്ടാവട്ടെ, ബിസിനെസ്സ് ഉണ്ടാവട്ടെ, രോഗം വന്നാല്‍ അവര്‍ നല്ല ആശുപത്രിയില്‍ ചികിത്സിക്കട്ടെ, നല്ല ആഹാരം കഴിക്കട്ടെ .
അല്ലാതെ രാഷ്ട്രീയക്കാര്‍ മുഴുവന്‍ കട്ടന്‍ ചായയും വടയും കുടിലില്‍ താമസവും ജനറല്‍ ആശുപത്രിയിലെ മരുന്നും സര്‍ക്കാര്‍ സ്‌കൂളിലെ വിദ്യാഭ്യാസവും മതി എന്ന് വാശി പിടിക്കരുത്. പുതിയ കുപ്പായവും കീറിയിട്ട് ഇട്ടാല്‍ മതി എന്ന് നിര്‍ബന്ധിക്കരുത്. പാലൊഴിച്ച കാപ്പി നിഷിദ്ധമെന്നും അത്യാധുനിക ചികിത്സകള്‍ അരുതെന്നും തീട്ടൂരം ഇറക്കരുത്. പച്ചമലയാളത്തില്‍ പറഞ്ഞാല്‍ , അല്ലെങ്കില്‍ വേണ്ട ഇംഗ്ലീഷില്‍ പറയാം സാഡിസമാണ്.
3 . നാട്ടില്‍ പകര്‍ച്ച വ്യാധികള്‍ വന്നാല്‍ ആദ്യം മരിക്കേണ്ടത് ഭരണാധികാരികള്‍ അല്ല. വെള്ളപ്പൊക്കം വന്നാല്‍ ആദ്യമൊഴുകി പോകേണ്ടത് ഭരണാധികാരികളുടെ വീടല്ല, നിങ്ങള്‍ക്ക് ആശ്രയിക്കാനുള്ള അഭയ സ്ഥാനങ്ങളാണ് ഭരണാധികാരികള്‍. അവര്‍ ആരോഗ്യത്തോടെ ഇരിക്കട്ടെ. അവരുടെ വിഷനാണ് നാടിന്‍റെ നന്മ. അവരുടെ ആരോഗ്യമാണ് നാളെയുടെ പുരോഗതി.
കെ കരുണാകരന് ആക്സിഡന്റ് സംഭവിച്ചപ്പോള്‍ അദ്ദേഹത്തിന് ഏറ്റവും വിശ്വാസം അമേരിക്കയിലെ ഡോക്ടര്‍ എം വി പിള്ളയെ ആയിരുന്നു. കരുണാകരന്‍ അമേരിക്കയില്‍ പോയി ചികിത്സിച്ചു. ആരോഗ്യം വീണ്ടെടുത്ത് തിരിച്ചു വന്നു.
ഇപ്പോള്‍ പിണറായി വിജയനും കാന്‍സര്‍ വിദഗ്ധനായ ഡോക്ടര്‍ എം വി പിള്ളയെ ചികിത്സക്കായി കണ്‍സള്‍ട്ട് ചെയ്തിരുന്നു. (അതിനു മുന്‍പ് പിണറായി ചികിത്സക്കായി അപ്പോളോ ആശുപതിയിലായിരുന്നു കാണിച്ചിരുന്നത്. ) അദ്ദേഹത്തിന്റെ കൂടി നിര്ദേശപ്രകാരമാവാം ഇപ്പോള്‍ അമേരിക്കയില്‍ ചികിത്സ നടത്തുന്നത്. എന്നാല്‍ ചികിത്സ സംഘത്തില്‍ ഡോക്ടര്‍ എം വി പിള്ള ഇല്ല. വിദേശ ഡോക്ടര്‍മാണ് പിണറായിയെ ചികിത്സിക്കുന്നത്.
എന്ത് കൊണ്ട് മയൊ ക്ലിനിക് ?
1 . രോഗിയുടെ സ്വകാര്യത. ലോകത്ത് വികസിത രാജ്യങ്ങളിലെല്ലാം രോഗിയുടെ സ്വകാര്യത മാനിക്കാറുണ്ടെങ്കിലും മായോ ക്ലിനിക്കില്‍ രോഗിയുടെ സ്വകാര്യതയും ചികിത്സയുടെ വിശദാംശങ്ങള്‍ പുറത്തു നല്‍കില്ല എന്നതും പ്രത്യേകതയാണ്.
2 . ഏറ്റവും മികച്ച ചികിത്സ ഇവിടെ ലഭ്യമാണ്. രോഗിയെ ചികിത്സക്കായി മാത്രമേ ആശുപത്രിയില്‍ കൊണ്ടു വരൂ. ബാക്കി സമയം ആശുപത്രിയോട് ചേര്‍ന്ന താമസസ്ഥലത്ത് വിശ്രമിക്കാം.
3 . ഇന്ത്യയില്‍ കിട്ടാത്ത എന്ത് ഇവിടെ കൂടുതല്‍ കിട്ടും എന്നാണെങ്കില്‍ ഏറ്റവും മികച്ച, കുറ്റമറ്റ രീതിയില്‍ കോശങ്ങള്‍ മാത്രം ( ചുറ്റുമുള്ളവ നശിപ്പിക്കാതെ, കരിക്കാതെ ) നശിപ്പിച്ചു പൂര്‍ണ ആരോഗ്യവാനായി രോഗിയെ പുറത്തു വിടാന്‍ ഇവര്‍ക്ക് കഴിയും.
74 വയസ്സുള്ള ഒരു മനുഷ്യന്‍ – വെറും മനുഷ്യനല്ല , ഇന്ന് കേരളത്തിലെ ഏറ്റവും വിലയുള്ള മനുഷ്യന്‍ – ഇവിടെ തന്നെയാണ് ചികിത്സിക്കേണ്ടത് .
അദ്ദേഹത്തിന് അതിനു അര്‍ഹതയുണ്ട്.
ഒരായുസ്സ് മുഴുവന്‍ നാടിനു വേണ്ടിയും പാര്‍ട്ടിക്ക് വേണ്ടിയും നാട്ടുകാര്‍ക്ക് വേണ്ടിയും ഉഴിഞ്ഞു വച്ച ഒരു 74കാരനായ മികച്ച ഭരണാധികാരിക്ക് മികച്ച ചികിത്സ നല്‍കേണ്ടത് ആ നാട്ടിലെ പൗരന്മാരുടെ ഉത്തരവാദിത്തം കൂടിയാണ്.
മൂന്നാഴ്ചത്തെ ചികിത്സ കഴിഞ്ഞു പൂര്ണാരോഗ്യവാനായി പിണറായി വിജയന്‍ തിരിച്ചെത്തട്ടെ. നമുക്ക് എന്നിട്ട് ഒരുപാട് കാര്യങ്ങള്‍ ചെയ്യാനുണ്ട്. അദ്ദേഹം തുടങ്ങി വച്ച പുരനരധിവാസ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കാന്‍ അദ്ദേഹം തന്നെ വേണം നമ്മുടെ മുന്നില്‍ നില്ക്കാന്‍.
ആരോഗ്യവാനായി തിരിച്ചെത്താന്‍ എല്ലാവിധ ആശംസകളും ഹൃദയം നിറഞ്ഞ സ്നേഹവും .
NB: ഇത്രയും എഴുതിയത് പലരും എഴുതിയ വെറുപ്പിന്റെ കുറിപ്പുകള്‍ വായിച്ചിട്ടാണ്. ഒരാള്‍ എഴുതി കണ്ടു. പിണറായിക്ക് എന്തോ ഒരു അപൂര്‍വ അസുഖമാണ്. അതില്‍ പലരും പല കമന്റുമിട്ട് അശ്ളീല ചിരി ചിരിക്കുന്നതും കണ്ടു. അത്തരം പല എഴുത്തുകളും കണ്ടു.
സംഘികളുടെ …. എന്നതില്‍ കുറഞ്ഞു ഒന്നും പറയാന്‍ തോന്നുന്നില്ല. ഓരോ ദിവസം കഴിയുംതോറും ഇവറ്റയൊടുള്ള അറപ്പ് കൂടി കൂടി വരികയാണ്.
Sunitha Devadas
