സി.പി.എം പ്രവര്‍ത്തകന്റെ കൊല: പ്രതികളെ വെറുതെ വിട്ടു

കാ‍സര്‍കോട്: സി.പി.എം പ്രവര്‍ത്തകനായ മാങ്ങാട് എം.വി.ബാലകൃഷ്ണ (45)നെ സ്‌കൂട്ടര്‍ തടഞ്ഞ് വെട്ടിക്കൊന്ന കേസിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകരായ എല്ലാ പ്രതികളേയും ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി വെറുതെ വിട്ടു. കോണ്‍ഗ്രസ് നേതാവ് ഷിബു കടവങ്ങാനം, പ്രവര്‍ത്തകരായ ശ്യാം മോഹന്‍ എന്ന ശ്യാം (27), എ.സുരേഷ് (27), ഉദുമ പരിയാരത്തെ ശ്രീജയന്‍ (42), മാങ്ങാട്ടെ രഞ്ജിത്ത് എന്നിവരെയാണ് വെറുതെ വിട്ടത്.

കേസിലെ മറ്റൊരു പ്രതി മാങ്ങാട് ആര്യനടുക്കം കോളനിയിലെ പ്രജിത്ത് എന്ന കുട്ടാപ്പി (26) മേയില്‍ കിണറ്റില്‍ വീണ് മരിച്ചിരുന്നു. പ്രതികള്‍ക്കെതിരായ കുറ്റം സംശയാതീതമായി തെളിയിക്കാനായില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതിയുടെ ഉത്തരവ്. 2013 സെപ്തംബര്‍ 16ന് തിരുവോണ ദിനത്തിലാണ് ബാലകൃഷ്ണന്‍ ബാര സ്‌കൂളിനു സമീപത്ത് വച്ച്‌ വെട്ടേറ്റ് മരിച്ചത്. മരണ വീട്ടില്‍ പോയി വീട്ടിലേയ്ക്ക് മടങ്ങുന്നതിനിടയില്‍ സ്‌കൂട്ടര്‍ തടഞ്ഞു നിറുത്തി അക്രമികള്‍ വെട്ടിക്കൊല്ലുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *