തിരുവനന്തപുരം: പ്രളയത്തില്‍ സംസ്ഥാനത്ത് 40,000 കോടിയുടെ നഷ്ടമാണ് ഉണ്ടായതെന്ന് മന്ത്രി ഇ.പി.ജയരാജന് പറഞ്ഞു. പ്രളയക്കെടുതി സംബന്ധിച്ച് കേന്ദ്രത്തിന് സമര്‍പ്പിക്കാനുള്ള നിവേദനം തയ്യാറായിട്ടുണ്ടെന്നും അത് നാളെ സമര്‍പ്പിക്കുമെന്നും മന്ത്രിസഭാ ഉപസമിതി യോഗത്തിന് ശേഷം ജയരാജന് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. കേന്ദ്രത്തിന് സമര്‍പ്പിക്കാനുള്ള നിവേദനം തയ്യാറാക്കാന്‍ കഴിയാത്ത രീതിയില്‍ കേരളത്തില്‍ ഭരണസ്തംഭനം ഉണ്ടെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചിരുന്നു.
പ്രളയത്തില്‍ വീടുകള്‍ തകര്‍ന്നവര്‍ക്ക് കുടുംബശ്രീ വഴി ഒരു ലക്ഷം രൂപ വായ്പ നല്‍കും. ഇതിന്റെ വിതരണം ഈ മാസം 25ന് ആരംഭിക്കും. കേരളത്തിന്റെ പുനര്‍നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ വെബ് പോര്‍ട്ടല്‍ ആരംഭിക്കും. ശബരിമലയിലേക്കുള്ള തകര്‍ന്ന റോഡുകള്‍ ഈ മണ്ഡലകാലത്തിന് മുമ്ബ് തന്നെ നന്നാക്കും. ദുരിതാശ്വാസ ക്യാമ്ബുകളില്‍ 1498 കുടുംബങ്ങള്‍ കഴിയുന്നുണ്ട്. ക്യാമ്ബുകളില്‍ കഴിഞ്ഞവര്‍ക്ക് 10,000 രൂപാ വീതം നല്‍കുന്നത് ഉടന്‍ പൂര്‍ത്തിയാക്കും. പ്രളയക്കെടുതി അനുഭവിക്കുന്ന കേരളത്തിന് ഇതുവരെ കേന്ദ്ര സര്‍ക്കാരില്‍ നിന്ന് 1000 കോടിയോളം രൂപ ലഭിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
ഈ മാസം 10 മുതല്‍ 15വരെ മന്ത്രിമാര്‍ ജില്ലകളില്‍ കേന്ദ്രീകരിച്ച് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുമെന്നും അദ്ദേഹം അറിയിച്ചു.
