ജലന്ധര്‍ ബിഷപ്പിനെതിരായ അന്വേഷണത്തില്‍ തൃപ്തിയുണ്ടെന്ന് ഹൈക്കോടതി

കൊച്ചി: കന്യാസ്ത്രീയുടെ പരാതിയില്‍ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരേ നടക്കുന്ന അന്വേഷണത്തില്‍ ഹൈക്കോടതിക്ക് തൃപ്തി. കേസ് അന്വേഷണവുമായി ബന്ധപ്പെട്ട് പോലീസ് സമര്‍പ്പിച്ച സത്യവാങ്മൂലം പരിശോധിച്ച ശേഷമാണ് ഹൈക്കോടതി തൃപ്തി രേഖപ്പെടുത്തിയത്. കുറ്റസമ്മത മൊഴികൊണ്ട് മാത്രം ആരെയും അറസ്റ്റ് ചെയ്യാന്‍ കഴിയില്ലെന്നും അതിന് തെളിവുകള്‍ ആവശ്യമാണെന്നും കേസ് പരിഗണിക്കുന്നതിനിടെ ഹൈക്കോടതി നിരീക്ഷിച്ചു.

അന്വേഷണം നല്ല രീതിയില്‍ പുരോഗമിക്കുകയാണെന്ന് നിരീക്ഷിച്ച ഹൈക്കോടതി അറസ്റ്റ് വേണമോ എന്ന് തീരുമാനിക്കേണ്ടത് അന്വേഷണ സംഘമാണെന്നും നിരീക്ഷിച്ചു. കന്യാസ്ത്രീയുടെ പരാതിയുമായി ബന്ധപ്പെട്ട് ബിഷപ്പിനോട് വീണ്ടും ചോദ്യം ചെയ്യലിന് ഹാജരാകാന്‍ അന്വേഷണ സംഘം നോട്ടീസ് നല്‍കിയിട്ടുണ്ട്. രണ്ടാംഘട്ട ചോദ്യം ചെയ്യലിന് ശേഷം സെപ്റ്റംബര്‍ 19ന് കേസ് വീണ്ടും പരിഗണിക്കുമെന്നും ഹൈക്കോടതി അറിയിച്ചു.

പരാതിക്കാരിയുടെയും സാക്ഷികളുടെയും മൊഴികളില്‍ വളരെയേറെ വൈരുദ്ധ്യങ്ങളുണ്ടെന്നാണ് അന്വേഷണ സംഘം ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ വ്യക്തമാക്കിയിരിക്കുന്നത്. ഈ വൈരുദ്ധ്യങ്ങള്‍ ദൂരികരിച്ച ശേഷമാകും ബിഷപ്പിനെ അറസ്റ്റ് ചെയ്യണമോ വേണ്ടയോ എന്ന് തീരുമാനിക്കുക എന്നും പോലീസ് വ്യക്തമാക്കി. കേസ് അന്വേഷണത്തിന്‍റെ പുരോഗതിയും ലഭ്യമായ രേഖകളും പോലീസ് കോടതിക്ക് കൈമാറിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *