തിരുവനന്തപുരം: കന്യാസ്ത്രീക്കെതിരെ വിവാദ പരാമര്‍ശം നടത്തിയ പി.സി. ജോര്‍ജ് എം.എല്‍.എയ്ക്കെതിരെ നിയമവൃത്തങ്ങളില്‍ ഉയര്‍ന്നുവന്ന പരാതികള്‍ കണക്കിലെടുത്ത് നിയമസഭയുടെ എത്തിക്‌സ് കമ്മിറ്റിയെ പരിശോധനയ്ക്കായി ചുമതലപ്പെടുത്തുമെന്ന് സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. നമ്മുടെ നിയമ, നീതിന്യായ വ്യവസ്ഥകളുടെ പരിരക്ഷ സമൂഹത്തിലെ എല്ലാ വിഭാഗം ആളുകള്‍ക്കും ലഭ്യമാകുന്നുവെന്ന് ഉറപ്പുവരുത്താന്‍ നിലകൊള്ളേണ്ടവരാണ് സാമാജികര്‍. ഇപ്പോള്‍ ഉയര്‍ന്നുവന്ന തരം കേസുകളില്‍ സ്ത്രീകളുടെ പരാതി അടിസ്ഥാനമായി പരിഗണിച്ചാണ് കേസും നടപടികളുമുണ്ടാവുന്നത്. ഈഘട്ടത്തില്‍ ഇത്തരം നിലപാടുകള്‍ സാമാജികരുടെ ഭാഗത്ത് നിന്നുണ്ടാകുന്നത് നിര്‍ഭാഗ്യകരമാണ്. എത്തിക്സ് കമ്മിറ്റിയുടെ റിപ്പോര്‍ട്ട് ലഭിച്ച ശേഷം ജോര്‍ജിന്റെ കാര്യത്തില്‍ തുടര്‍നടപടികള്‍ സ്വീകരിക്കും. അതേസമയം, എ. പ്രദീപ്കുമാര്‍ അദ്ധ്യക്ഷനായ നിയമസഭാ എത്തിക്സ് കമ്മിറ്റിയില്‍ പി.സി. ജോര്‍ജും അംഗമാണെന്നതാണ് ശ്രദ്ധേയം. തനിക്കെതിരായ പരാതി പരിഗണിക്കുമ്ബോള്‍ അതിനാല്‍ ജോര്‍ജ് മാറിനില്‍ക്കേണ്ടി വരും.
പ്രളയത്തിന്റെ തുടര്‍ച്ചയായി നവകേരളം സൃഷ്ടിക്കാനുതകുന്ന നവീനമായ അഭിപ്രായങ്ങളോ നിര്‍ദ്ദേശങ്ങളോ നല്‍കുന്നതില്‍ പ്രത്യേക നിയമസഭാസമ്മേളനം വേണ്ടത്ര വിജയിച്ചില്ല. ഇക്കാര്യത്തില്‍ അല്പംകൂടി ശ്രദ്ധേയമായ ചര്‍ച്ച നടക്കേണ്ടതായിരുന്നു. അതിന് ഇനിയും സമയമുണ്ട്. എങ്കിലും പ്രളയാനുഭവങ്ങളും അതിന്റെ ഭാഗമായുള്ള പ്രശ്നങ്ങളും സഭയുടെയും അതുവഴി ജനങ്ങളുടെയും ശ്രദ്ധയില്‍ പെടുത്തുന്നതില്‍ എല്ലാവരും വിജയിച്ചു. സഭാസമ്മേളനം പൊതുഖജനാവിന്റെ ധൂര്‍ത്താണെന്ന് ആക്ഷേപിക്കുന്നവരോട് പറയാനുള്ളത്, അങ്ങനെയെങ്കില്‍ നിയമസഭാ കെട്ടിടം തന്നെ പൂട്ടിയിടുന്നതാകും നല്ലത് എന്നാണ്. അങ്ങനെയാവുമ്ബോള്‍ ഒരു ചെലവുമുണ്ടാകില്ലല്ലോ. ഇന്ത്യയില്‍ ഏറ്റവുമധികം സമ്മേളനങ്ങള്‍ ചേരുന്ന നിയമസഭയാണ് നമ്മുടേത്. അതിന് ചെലവ് വരും. അത് ജനാധിപത്യത്തില്‍ അനിവാര്യമാണ്. പ്രളയബാധിത മേഖലകളില്‍ നിന്നുള്ള അംഗങ്ങളാണ് അന്ന് ഏറെയും അനുഭവങ്ങള്‍ പങ്കുവച്ചത്. ഒരുമയോടെ മുന്നോട്ട് പോകാന്‍ നിര്‍ദ്ദേശിച്ച് സമ്മേളനം പ്രമേയം പാസാക്കി. പ്രശ്നം എല്ലാവരുടെയും ശ്രദ്ധയിലെത്തിക്കാനായി എന്നത് പോസിറ്റീവായി എടുക്കണം.
പി.കെ. ശശി എം.എല്‍.എയ്ക്കെതിരായ പരാതിയില്‍ നടപടികള്‍ അതിന്റെ വഴിക്ക് നടക്കും. സാമാജികര്‍ക്ക് പ്രത്യേക പരിഗണന ഒരു കാര്യത്തിലും കിട്ടാറില്ല. നിയമസഭാ സമ്മേളനം ഒക്ടോബര്‍ അവസാനമോ നവംബര്‍ ആദ്യമോ ചേരാനാകുമെന്ന് പ്രതീക്ഷിക്കുന്നു. നിയമസഭയുടെ പാര്‍ലമെന്ററി പഠന പരിശീലനകേന്ദ്രത്തെ പ്രമുഖ സര്‍വകലാശാലകളുമായി സഹകരിച്ച് വിപുലമായ പഠനഗവേഷണ കേന്ദ്രമായി വികസിപ്പിക്കും. ജെ.എന്‍.യു അടക്കമുള്ള സര്‍വകലാശാലകളുമായി ഇതിന്റെ ചര്‍ച്ചകള്‍ നടത്തിവരികയാണെന്നും സ്പീക്കര്‍ പറഞ്ഞു.
