ചാരക്കേസില്‍ പ്രതിയാക്കി പോലീസ് പീഡിപ്പിച്ചതിനു നഷ്ടപരിഹാരമായി കിട്ടുന്ന അമ്ബതു ലക്ഷം രൂപ പ്രളയാനന്തര കേരളത്തിന്റെ പുനര്‍നിര്‍മാണചത്തിലേക്ക് നല്‍കുമെന്ന് നമ്ബിനാരായണന്‍. പ്രളയത്തിന് ശേഷം കേരളം പുനര്‍നിര്‍മിക്കുന്നതിന് സര്‍ക്കാര്‍ പലവഴിക്കു പണം സമാഹരിക്കുന്നതിനിടയില്‍ ഖജനാവില്‍ നിന്ന് ഇത്രയും വലിയൊരു തുക താന്‍ സ്വീകരിക്കുന്നത് അനീതിയാകുമെന്ന് അദ്ദേഹം കരുതുന്നു.
എന്നാല്‍ തനിക്കു നേരിട്ട മനുഷ്യാവകാശ ലംഘനങ്ങള്‍ക്കു രാജ്യത്തെ പരമോന്നത കോടതി നിര്‍ദേശിച്ച നഷ്ടപരിഹാരം എന്ന നിലയില്‍ പണം സ്വീകരിക്കുകയും നാമമാത്ര തുക മാത്രം എടുത്തിട്ട് ബാക്കി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യാന്‍ ആലോചിക്കുന്നതായും വിവരമുണ്ട്. യുഡിഎഫ് സര്‍ക്കാരിന്റെ കാലത്തു നടന്ന ചാരക്കേസിന്റെയും അറസ്റ്റിന്റെയും പീഡനത്തിന്റെയും പേരില്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ ഇത്തരമൊരു പ്രതിസന്ധി ഘട്ടത്തില്‍ പൊതുപണം ചെലവഴിക്കേണ്ടി വരുന്നതിനു താന്‍ കാരണമാകാന്‍ പാടില്ലെന്നു കരുതുന്നു.
ആരോപണ വിധേയരായ മുന്‍ പോലീസ് ഉദ്യോഗസ്ഥരില്‍ നിന്ന് നഷ്ടപരിഹാരത്തുക ഈടാക്കും എന്നായിരുന്നു ആദ്യം പുറത്തുവന്ന വിവരം. പിന്നീട് സുപ്രീംകോടതി വിധി വന്നപ്പോഴാണ് സംസ്ഥാന സര്‍ക്കാര്‍ നല്‍കാനാണ് നിര്‍ദേശിച്ചിരിക്കുന്നത് എന്ന് വ്യക്തമായത്. അതോടെതന്നെ നമ്ബി നാരായണന്‍ പണം സ്വീകരിക്കുന്നതിനെക്കുറിച്ച് ആശങ്ക പ്രകടിപ്പിച്ചു.
തന്റെ നാട് മഹാപ്രളയത്തില്‍ മുങ്ങിയതിന്റെ പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്ക് തനിക്ക് ചെയ്യാന്‍ കഴിയുന്ന ഏറ്റവും വലിയ സംഭാവനയാണ് കാല്‍നൂറ്റാണ്ടോളം പൊരുതി നേടിയ ഈ നഷ്ടപരിഹാരത്തുക എന്നാണത്രേ നിലപാട്. അതേസമയം, നിയമപോരാട്ടം അവസാനിപ്പിച്ചു എന്ന് പറഞ്ഞെങ്കിലും ഒരു കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് തിരുവനന്തപുരത്തെ കോടതിയില്‍ നല്‍കിയിരുന്ന കേസ് പിന്‍വലിക്കുമോ എന്ന് അദ്ദേഹം വ്യക്തമാക്കിയിട്ടില്ല.
