കുരുക്ഷേത്ര: ഹരിയാനയിലെ യമുനനഗറില്‍ നവ വധുവിനെ ഭര്‍ത്താവിന്റെ ബന്ധുക്കള്‍ ചേര്‍ന്ന് മാനഭംഗപ്പെടുത്തി. ഭര്‍ത്താവിന്റെ മുത്തസഹോദരനും സഹോദരിയുടെ ഭര്‍ത്താവും ചേര്‍ന്നാണ് പെണ്‍കുട്ടിയെ മാനഭംഗപ്പെടുത്തിയത്.
പെണ്‍കുട്ടിക്ക് മാനസിക പ്രശ്നമുണ്ടെന്ന് പറഞ്ഞ് പിന്നീട് ബന്ധുക്കള്‍ പെണ്‍കുട്ടിയുടെ പിതാവിനെ വിളിച്ചു വരുത്തിയതോടെയാണ് വിവരം പുറത്തറിയുന്നത്. തുടര്‍ന്നു പെണ്‍കുട്ടിയുടെ പിതാവ് കുരുക്ഷേത്ര പോലീസില്‍ പരാതി നല്കി.
സെപ്റ്റംബര്‍ 12നായിരുന്നു വിവാഹം. പെണ്‍കുട്ടിക്ക് മയക്കു മരുന്ന് നല്‍കിയശേഷമായിരുന്നു ഇവര്‍ മാനഭംഗപ്പെടുത്തിയത്. തുടര്‍ച്ചയായി മൂന്ന് ദിവസം ഇവര്‍ കുട്ടിയെ പീഡിപ്പിച്ചു. സംഭവത്തില്‍ അമ്മായിയമ്മയ്ക്കും രണ്ട് സഹോദരിമാര്‍ക്കും പങ്കുണ്ടെന്നും കുട്ടിയുടെ പിതാവ് നല്കിയ പരാതിയില്‍ പറയുന്നു.
സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്തുവെന്നും എന്നാല്‍ പ്രതികള്‍ വസ്ത്രങ്ങള്‍ ഉള്‍പ്പെടെയുള്ള തെളിവുകള്‍ നശിപ്പിച്ചുവെന്നും പോലീസ് പറഞ്ഞു. സംഭവത്തില്‍ അന്വേഷണം പുരോഗമിച്ചു വരികയാണെന്നും പോലീസ് കൂട്ടിച്ചേര്‍ത്തു.
