ഭര്‍ത്താവ് മരിച്ച്‌ മൂന്നാം നാള്‍ ഭാര്യ സുഹൃത്തിനൊപ്പം പോയി; രണ്ടാം ഭാര്യ പോയത് ഭര്‍ത്താവിന്റെ മരണത്തിന് തലേന്നും വീട്ടിലെത്തി മദ്യപിച്ച്‌ ഒപ്പം കിടന്നുറങ്ങിയ ഭര്‍ത്താവിന്റെ സുഹൃത്തിനൊപ്പം

കാളികാവ്: എട്ടു ദിവസം മുമ്ബ് മരിച്ചയാളുടെ മരണത്തില്‍ മകന്‍ ദുരൂഹത ആരോപിച്ചതിനെ തുടര്‍ന്ന് ഇന്ന് മൃതദേഹം പുറത്തെടുത്ത് പരിശോധിക്കും. കാളികാവ് അഞ്ചച്ചിവിടി മരുതത്ത് മുഹമ്മദിന്റെ മൃതദേഹമാണ് ഇന്ന് പുറത്തെടുത്ത് പരിശോധിക്കുന്നത്. മുഹമ്മദ് മരിച്ച്‌ മൂന്നാം നാള്‍ ഇയാളുടെ രണ്ടാം ഭാര്യ മക്കളേയും കൂട്ടി മുഹമ്മദിന്റെ സുഹൃത്തിനൊപ്പം നാടുവിട്ടതിനെ തുടര്‍ന്നാണ് ആദ്യ ഭാര്യയുടെ മകന്‍ ദുരൂഹത ആരോപിച്ച്‌ പരാതി നല്‍കിയത്.

ഇക്കഴിഞ്ഞ സെപ്റ്റംബര്‍ 21നാണ് ഹൃദയാഘാതത്തെ തുടര്‍ന്ന് മുഹമ്മദ് മരിച്ചത്. അന്ന് തന്നെ മൃതദേഹം ഖബറടക്കുകയും ചെയ്തിരുന്നു. മുഹമ്മദ് മരിച്ച്‌ 3 ദിവസം കഴിഞ്ഞപ്പോള്‍ തന്നെ രണ്ടാം ഭാര്യ രണ്ടു മക്കളെയും കൂട്ടി കുടുംബ സുഹൃത്തിന്റെ കൂടെ നാടു വിട്ടിരുന്നു. ഇതാണ് സംശയങ്ങള്‍ക്ക് വഴിവെച്ചത്. ഇതോടെ മകന്‍ പരാതി നല്‍കുകയായിരുന്നു. ഈ സുഹൃത്ത് മരണത്തിന്റെ തലേദിവസം മുഹമ്മദിന്റെ വീട്ടിലെത്തിയതും ഒപ്പമിരുന്നു മദ്യപിക്കുകയും ചെയ്തിരുന്നു. ഇതാണ് ദുരൂഹത വര്‍ദ്ധിപ്പിച്ചത്.

പൊലീസിന്റെ പ്രാഥമിക റിപ്പോര്‍ട്ട് പ്രകാരം മുഹമ്മദ് മരിച്ചതിന്റെ തലേന്ന് രാത്രി കുടുംബ സുഹൃത്ത് ഇവരുടെ വീട്ടിലുണ്ടായിരുന്നു. രാത്രി ഇരുവരും ഒന്നിച്ചിരുന്ന് മദ്യപിച്ചു. കുഴഞ്ഞുവീണ മുഹമ്മദിനെ സുഹൃത്ത് മുറിയില്‍ കിടത്തി. ഇതേ മുറിയില്‍ ഇയാളും കിടന്നു. നേരം വെളുത്തതോടെ പെട്ടെന്ന് സ്ഥലം വിട്ടു. മുഹമ്മദിനെ വിളിച്ചിട്ട് എഴുന്നേല്‍ക്കാത്തതിനാല്‍ വീട്ടുകാര്‍ ഡോക്ടറെ വിളിച്ചു പരിശോധിച്ചപ്പോഴാണ് മരിച്ച വിവരം അറിയുന്നത്.

ഹൃദയാഘാതമാണെന്നായിരുന്നു നിഗമനം. അന്നു തന്നെ ഖബറടക്കവും നടത്തി. എന്നാല്‍ ഭാര്യ സുഹൃത്തിന്റെ കൂടെ നാടുവിട്ടെന്ന പരാതി വന്നതോടെയാണ് ബന്ധുക്കള്‍ക്ക് സംശയം ഉണര്‍ന്നത്. അസ്വാഭാവിക മരണത്തിന് കേസെടുത്താണ് മൃതദേഹം പുറത്തെടുത്ത് പരിശോധിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *