പുനപരിശോധനാ ഹര്‍ജി നല്‍കില്ല; ശബരിമല വിഷയത്തില്‍ കോടതി വിധിയുമായി മുന്നോട്ട് പോകുമെന്ന് മുഖ്യമന്ത്രി

ശബരിമലയില്‍ എല്ലാ പ്രായത്തിലുമുള്ള സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിച്ച സുപ്രിം കോടതി വിധിക്കെതിരെ സര്‍ക്കാര്‍ പുനപരിശോധനാ ഹര്‍ജി നല്‍കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കോടതി വിധിക്കനുസരിച്ച്‌ മുന്നോട്ട് പോകുമെന്നും ശബരിമലയില്‍ പോകാന്‍ സ്ത്രീകള്‍ തയ്യാറായി വരികയാണെങ്കില്‍ അവരെ തടയാന്‍ സാധിക്കില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

‘സാധാരണ നിലയില്‍ ഇന്ന് സ്ത്രീകള്‍ക്ക് ശബരിമലയില്‍ പോകാനുള്ള അനുമതി സുപ്രിം കോടതി നല്‍കി കഴിഞ്ഞു. സുപ്രിം കോടതി അനുമതി നല്‍കിക്കഴിഞ്ഞാല്‍ മറ്റൊരു നിയമം ഉണ്ടാകുന്നതുവരെ അതാണ് നിയമം. അതിനാവശ്യമായിട്ടുള്ള നടപടികളെല്ലാം സ്വീകരിക്കാന്‍ സര്‍ക്കാരിന് ബാധ്യതയുണ്ട്,’ തിരുവനന്തപുരത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

വിശ്വാസികളില്‍ എല്ലാവരും ശബരിമലയില്‍ സ്ത്രീകള്‍ പോകാന്‍ പാടില്ല എന്ന പക്ഷക്കാരല്ല. സ്ത്രീകള്‍ അവിടെ പോകാന്‍ അവകാശമുണ്ടെന്ന് വിശ്വസിക്കുന്ന ധാരാളം വിശ്വാസികളുണ്ട്. അതൊരു ചര്‍ച്ചാ വിഷയം മാത്രമാണ്. നിലവില്‍ ശബരിമലയില്‍ എല്ലാ പ്രായത്തിലുള്ള സ്ത്രീകള്‍ക്കും പോകാനുള്ള അനുമതി സുപ്രിംകോടതി നല്‍കിയിരിക്കുന്നു. ആ അനുമതിക്ക് അനുസരിച്ച്‌ അവര്‍ പോകട്ടെയെന്ന നിലപാട് മാത്രമേ സര്‍ക്കാരിന് സ്വീകരിക്കാനാകൂ.

ശബരിമലയില്‍ പോകാന്‍ സ്ത്രീകള്‍ തയ്യാറായി വരികയാണെങ്കില്‍ പോകുന്നവരെ തടയാന്‍ പറ്റുമോയെന്നും, അവര്‍ക്ക് അതിനുള്ള അവകാശം ഉള്ളതല്ലേയെന്നും മുഖ്യമന്ത്രി ചോദിച്ചു. നമ്മുടെ നാട്ടില്‍ വിവിധ പരിഷ്‌കാരങ്ങള്‍ അമ്ബലങ്ങളുമായി ബന്ധപ്പെട്ട് മുന്‍പ് വന്നിട്ടുണ്ടെന്നും, പുതിയ നിലപാടിനനുസരിച്ച്‌ കാര്യങ്ങള്‍ മുന്നോട്ട് കൊണ്ടുപോകാന്‍ മാത്രമേ മാര്‍ഗമുള്ളൂവെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

ചിലയാളുകള്‍ക്ക് സര്‍ക്കാരിനെ കുറ്റപ്പെടുത്തി അതിന്റെ മറവില്‍ ചില വാദങ്ങള്‍ ഉന്നയിക്കാന്‍ താത്പര്യം കാണും. ഇക്കാര്യത്തില്‍ സര്‍ക്കാരിന് എന്താണ് ചെയ്യാന്‍ കഴിയുക? നിയമവാഴ്ചയുള്ള ഒരു രാജ്യത്ത് സുപ്രിം കോടതി ഒരു നിലപാട് എടുത്താല്‍ അത് നിറവേറ്റാന്‍ ബാധ്യതപ്പെട്ട ഒരു സംവിധാനം മാത്രമാണ് സര്‍ക്കാരെന്നും മുഖ്യമന്ത്രി ഓര്‍മിപ്പിച്ചു. ശബരിമല ദര്‍ശനത്തിന് സ്ത്രീകള്‍ എത്തുമ്ബോള്‍ വനിതാ പൊലീസുകാരെ വിനിയോഗിക്കുമെന്നും. ആവശ്യമെങ്കില്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുള്ള വനിതാ പൊലീസുകാരെ കൂടി നിയോഗിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *