അഞ്ചാം മന്ത്രി കളം മാറുന്നു

മലപ്പുറം- ലീഗിന്റെ അഞ്ചാം മന്ത്രി കളം മാറാനൊരുങ്ങുന്നു. മന്ത്രി മഞ്ഞളാംകുഴി അലി ഇത്തവണ പെരിന്തല്‍മണ്ണയെ കൈവിടാനൊരുങ്ങുകയാണ്. കോട്ടക്കലിലേക്ക് കളംമാറാനാണ് അലിയുടെ നീക്കം. മുസ്്‌ലിം ലീഗ് നേതൃത്വം ഇതിന് അനുവാദം നല്‍കിയാല്‍ ഇത്തവണ അലി കോട്ടക്കലില്‍ നിന്ന് ജയിച്ച് കയറും.
സിനിമയില്‍ നിന്ന് ഇടതുപക്ഷത്തുകൂടി രാഷ്ട്രീയത്തിലെത്തി പിന്നീട് മുസ്്‌ലിം ലീഗിലൂടെ മന്ത്രിയായ മഞ്ഞളാംകുഴി അലിക്ക് ഇത്തവണയും സീറ്റ് നല്‍കാന്‍ തന്നെയാണ് മുസ്്‌ലിം ലീഗിന്റെ തീരുമാനം. സി.പി.എമ്മുമായി കടുത്ത ശത്രുതയിലുള്ള അലിയെ മലപ്പുറം ജില്ലയില്‍ ഇടതുപക്ഷത്തിനെതിരായ പ്രചാരണത്തിന് ഉപയോഗിക്കാമെന്നാണ് ലീഗ് നേതൃത്വം കണക്കുകൂട്ടുന്നത്.
അലി പെരിന്തല്‍മണ്ണയില്‍ തന്നെ വീണ്ടും മല്‍സരിക്കുമെന്നാണ് പ്രതീക്ഷിച്ചിരുന്നതെങ്കിലും പെരിന്തല്‍മണ്ണ ഇത്തവണ അത്ര സുരക്ഷിതമല്ലെന്നാണ് അദ്ദേഹം കരുതുന്നത്. ഇടതുപക്ഷത്തിന് അടുത്തറയുള്ള പെരിന്തല്‍മണ്ണയില്‍ മഞ്ഞളാംകുഴി അലിയുടെ രാഷ്ട്രീയപ്രഭാവത്തിലൂടെയാണ് കഴിഞ്ഞ തവണ വിജയം നേടാനായത്. ഒമ്പതിനായിരത്തിലേറെ വോട്ടുകളുടെ ഭൂരിപക്ഷത്തിനായിരുന്നു വിജയം. എന്നാല്‍ ഇത്തവണ അലിയുടെ രാഷ്ട്രീയ പ്രഭാവം പെരിന്തല്‍മണ്ണയില്‍ ഏല്‍ക്കില്ലെന്നാണ് സൂചന. മാത്രമല്ല, മുസ്്‌ലിം ലീഗില്‍ ഗ്രൂപ്പിസം ശക്തമായ പെരിന്തല്‍മണ്ണയില്‍ പാര്‍ട്ടിയിലെ ഒരു വിഭാഗം അദ്ദേഹത്തിന് എതിരായി മാറിയിരിക്കുന്നു. പാര്‍ട്ടിയിലെ തൊഴുത്തില്‍കുത്ത് തനിക്ക് വിനയാകുമോ എന്ന ഭയവും മഞ്ഞളാംകുഴി അലിയെ പിടികൂടിയിട്ടിണ്ട്.
കോട്ടക്കലില്‍ ഇത്തവണ അബ്്ദുസമദ് സമദാനി മല്‍സരരംഗത്തുണ്ടാകില്ലെന്നാണ് ലീഗ് കേന്ദ്രങ്ങളില്‍ നിന്നുള്ള സൂചനകള്‍. മുസ്്‌ലിം ലീഗിന്റെ സുരക്ഷിത മണ്ഡലങ്ങളിലൊന്നായ കോട്ടക്കലില്‍ സീറ്റ് ഉറപ്പിക്കാന്‍ അലി ലീഗ് നേതൃത്വവുമായി ബന്ധപ്പെട്ടുവരികയാണ്.
2001 ല്‍ മങ്കടയില്‍ മുസ്്‌ലിം ലീഗ് നേതാവ് കെ.പി.എ.മജീദിനെ തോല്‍പ്പിച്ച് ലീഗിനെ ഞെട്ടിച്ച അലി 2006 തെരഞ്ഞെടുപ്പിലും വിജയം ആവര്‍ത്തിച്ചു. മുസ്്‌ലിം ലീഗ് നേതാവ് ഡോ.എം.കെ.മുനീറിനെയാണ് അന്ന് അദ്ദേഹം തോല്‍പ്പിച്ചത്. രണ്ടാം തവണ മങ്കടയില്‍ വിജയിച്ചതോടെ ഇടതുമുന്നണി സര്‍ക്കാരില്‍ തനിക്ക് മന്ത്രിസ്ഥാനം ലഭിക്കുമെന്നാണ് അലി പ്രതീക്ഷിച്ചത്. എന്നാല്‍ ഇടതുമുന്നണി മന്ത്രിസ്ഥാനം നല്‍കാതിരുന്നതോടെ സി.പി.എമ്മുമായി അലി അകന്നു. തുടര്‍ന്നാണ് മുസ്്‌ലിം ലീഗിലെത്തി 2011 ല്‍ പെരിന്തല്‍മണ്ണയില്‍ നിന്ന് വിജയിച്ചത്. അലിയെ പാര്‍ട്ടിയുടെ അഞ്ചാം മന്ത്രിയാക്കാനായി മുസ്്‌ലിം ലീഗ് നടത്തിയ രാഷ്ട്രീയ സമ്മര്‍ദ്ദം കേരള രാഷ്ട്രീയത്തില്‍ വലിയ ചര്‍ച്ചയായിരുന്നു. ഒരിക്കല്‍ താന്‍ തോല്‍പ്പിച്ച ഡോ.എം.കെ.മുനീറിനൊപ്പം മന്ത്രിയായി അലി സി.പി.എമ്മിന് കനത്ത തിരിച്ചടിയാണ് നല്‍കിയത്.

Leave a Reply

Your email address will not be published. Required fields are marked *