തിരുവനന്തപുരം: ശബരിമലയില്‍ കലാപത്തിന് ആഹ്വാനം ചെയ്യുന്ന ഒരാളുടെ ശബ്ദരേഖ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന് പുറത്തുവിട്ടു. തീര്‍ത്ഥാടകരുടെ വേഷത്തില്‍ ഇരുമുടിക്കെട്ടുമായി ആളുകളെ എത്തിയ്ക്കാന്‍ വാട്സ് ആപ്പ് വഴി പ്രചരിപ്പിക്കുന്ന ശബ്ദസന്ദേശമാണ് കടകംപള്ളി വാര്‍ത്താസമ്മേളനത്തില്‍ പുറത്തുവിട്ടത്.
അഖിലേന്ത്യാ ഹിന്ദുപരിഷത്ത് ജില്ലാ ജനറല്‍ സെക്രട്ടറി ജിജിയാണെന്ന് സ്വയം പരിചയപ്പെടുത്തിയ ആളിന്റേതാണ് ഈ ശബ്ദമെന്ന് മന്ത്രി പറഞ്ഞു. 144 പ്രഖ്യാപിച്ചിരിക്കുന്ന ശബരിമലയില്‍ ഇരുമുടിക്കെട്ടുമായി എത്തണമെന്നും അവിടെ വച്ച് ഒരു മൊബൈല്‍ നന്പറില്‍ വിളിച്ചാല്‍ ആവശ്യമായ സഹായങ്ങള്‍ എല്ലാം നല്‍കുമെന്നും എത്രയും പെട്ടെന്ന് എത്താന്‍ കഴിയുന്ന എല്ലാ അയ്യപ്പഭക്തരും നിലയ്ക്കലെത്തണമെന്നുമാണ് സന്ദേശത്തില്‍ പറയുന്നതെന്നും മന്ത്രി വിശദീകരിച്ചു. നിലയ്ക്കലില്‍ നിരോധനാജ്ഞ ലംഘിക്കാന്‍ പാര്‍ട്ടിപ്രവര്‍ത്തകരോട് ആഹ്വാനം ചെയ്ത ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍ പി.എസ്.ശ്രീധരന് പിള്ള കലാപത്തിനാണോ ശ്രമിക്കുന്നതെന്നും മന്ത്രി ചോദിച്ചു. ശബരിമലയില്‍ സ്ത്രീകളെ പ്രവേശിപ്പിക്കണമെന്ന സുപ്രീം കോടതി വിധി നടപ്പാക്കാന്‍ ശ്രമിച്ചതാണോ സര്‍ക്കാര്‍ ചെയ്ത തെറ്റ്. വിധിക്ക് ആധാരമായ കേസ് നടത്തിയത് ആര്.എസ്.എസാണ്. എന്നാല്‍ അവര്അത് മറച്ചുവയ്ക്കുകയാണ്. നിലയ്ക്കലില്‍ കഴിഞ്ഞ ദിവസം സംഘര്‍ഷമുണ്ടാക്കിയതും മാദ്ധ്യമപ്രവര്‍ത്തകരെ ആക്രമിച്ചതും ബി.ജെ.പി ആര്.എസ്.എസ് പ്രവര്‍ത്തകര്‍ അല്ലെന്ന് ശ്രീധരന് പിള്ള പറഞ്ഞു. അത്തരം അക്രമകാരികളെ ഉദ്ദേശിച്ചാണ് നിരോധനാജ്ഞ പുറപ്പെടുവിച്ചത്. എന്നാലത് ഭക്തരെ ഉദ്ദേശിച്ചല്ലെന്നും മന്ത്രി വിശദീകരിച്ചു.
ആചാരത്തെയും അനുഷ്ഠാനങ്ങളെയും സംബന്ധിച്ച് സംസ്ഥാനസര്‍ക്കാരിന് അഭിപ്രായവ്യത്യാസങ്ങളൊന്നുമില്ല. വിധിയോട് വിയോജിപ്പുണ്ടെങ്കില്‍ അത് മറികടക്കാന്‍ കേന്ദ്രം ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കണം. കേന്ദ്രസര്‍ക്കാരും പാര്‍ലമെന്റും ബിജെപിയുടെ കൈയിലല്ലേ. കലാപം ആഹ്വാനം ചെയ്യുന്നതിലും നല്ലതല്ലേ പ്രധാനമന്ത്രിയോട് സംസാരിച്ച് ഒറ്റവരി ഓര്‍ഡിനന്‍സ് ഇറക്കുന്നത്. സംസ്ഥാന സര്‍ക്കാര്‍ ശ്രമിച്ചാല്‍ ഓര്‍ഡിനന്‍സ് ഇറക്കാനാകില്ലെന്ന് ബി.ജെ.പിക്ക് അറിയാമെന്നും മന്ത്രി പറഞ്ഞു.
