കൊച്ചി: ശബരിമല ചവിട്ടാനെത്തിയ കൊച്ചി സ്വദേശി രഹ്നാ ഫാത്തിമയ്ക്ക് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രനുമായി അടുത്തബന്ധം ഉണ്ടെന്ന രശ്മി ആര്‍ നായരുടെ വെളിപ്പെടുത്തല്‍ ശരിവെയ്ക്കുന്ന തെളിവുകള്‍ പുറത്ത്. ശബരിമല വിഷയവുമായി ബന്ധപ്പെട്ട് 2016 സെപ്തംബര്‍ രണ്ടിന് കെ സുരേന്ദ്രന്‍ രഹ്നാ ഫാത്തിമയെ ടാഗ് ചെയ്തിട്ട ഫേസ്ബുക്ക് പോസ്റ്റാണ് ഇവര്‍ തമ്മില്‍ പരിചയമുണ്ടെന്ന സൂചന നല്‍കുന്നത്. രഹ്നാ ഫാത്തിമയ്ക്ക് ശബരിമലയില്‍ എന്താണ് കാര്യമെന്ന് വെള്ളിയാഴ്ച കെ സുരേന്ദ്രന്‍ ചോദിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ഇവര്‍ തമ്മിലുള്ള ബന്ധം വെളിവാക്കുന്ന തെളിവുകള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുന്നത്.
കെ സുരേന്ദ്രന്‍ 2016ലെ ഫേസ്ബുക്ക് പോസ്റ്റ്, .
ശബരിമലയിലെ ദൈനംദിന കാര്യങ്ങള്‍ എങ്ങനെ ആയിരിക്കണമെന്നു തീരുമാനിക്കാനുള്ള അവകാശം സര്‍ക്കാരിനോ ദേവസ്വം ബോര്‍ഡിനോ രാഷ്ട്രീയ നേതാക്കള്‍ക്കോ ഇല്ല. അഭിപ്രായം ആര്‍ക്കും പറയാം. അവിടെ എല്ലാ പ്രായക്കാരായ സ്ത്രീകള്‍ക്കും പ്രവേശനം വേണമെന്നും വര്‍ഷത്തില്‍ എല്ലാ ദിവസവും ദര്‍ശനസൗകര്യം വേണമെന്നും ചിലര്‍ അഭിപ്രായം പറയുന്നുണ്ട്. ഇക്കാര്യത്തില്‍ ഭക്തജനങ്ങള്‍ക്കിടയില്‍ ഒരു ചര്‍ച്ച നടക്കുന്നതില്‍ വേവലാതി വേണ്ടെന്നാണ് എനിക്കു തോന്നുന്നത്. പത്തു വയസ്സിനും അന്‍പതു വയസ്സിനുമിടയില്‍ പ്രായമുള്ള സ്ത്രീകള്‍ക്കു മാത്രമാണ് അവിടെ വിലക്കുള്ളത്. മലയാളമാസം ആദ്യത്തെ അഞ്ചു ദിവസം ഇപ്പോള്‍ ഭക്തര്‍ക്കു ദര്‍ശനസൗകര്യവുമുണ്ട്. അഞ്ചു ദിവസവും മുപ്പതു ദിവസവും തമ്മില്‍ എന്തു വ്യത്യാസമാണുള്ളത്? മണ്ഡല മകര വിളക്കു കാലത്തെ തിരക്ക് ഒഴിവാക്കാന്‍ ഇതു സഹായകരമാവുമെങ്കില്‍ ഈ നിര്‍ദ്ദേശം പരിഗണിച്ചുകൂടെ? അപകടഭീഷണി ഒഴിവാക്കുകയും ചെയ്യാം.തിരക്കു മുതലെടുത്ത് വലിയ തീവെട്ടിക്കൊള്ളയാണ് ചില ഗൂഡസംഘം അവിടെ നടതത്തുന്നത്. വന്‍തോതില്‍ ചൂഷണം ഭക്തര്‍ നേരിടുന്നുണ്ട്. പിന്നെ ആര്‍ത്തവകാലത്ത് നമ്മുടെ നാട്ടില്‍ സ്ത്രീകളാരും ഒരു ക്ഷേത്രത്തിലും പോകാറില്ല. ദര്‍ശനസമയത്ത് ദേഹശുദ്ധിയും മനശുദ്ധിയും വേണം. നാല്‍പത്തി ഒന്നു വ്രതം എടുക്കുന്നതിനിടയില്‍ ഒരു ആര്‍ത്തവം വരില്ലേ എന്നതാണല്ലോ ചോദ്യം. അതിനു അവിടെ വരുന്ന മഹാഭൂരിപക്ഷം പുരുഷഭക്തന്മാരും നാല്‍പത്തി ഒന്നു വ്രതം എടുക്കുന്നുണ്ടോ? ഇല്ലെന്നാണ് ഉല്‍സവാനന്തരം നടത്തുന്ന പ്രശ്‌നചിന്തയില്‍ തന്നെ തെളിയുന്നത്. അയ്യപ്പന്‍ നൈഷ്ഠിക ബ്രഹ്മചാരിയായതുകൊണ്ട് സ്ത്രീ വിരോധിയാണെന്ന് അര്‍ത്ഥമില്ല. യൗവനയുക്തയായ മാളികപ്പുറത്തിനു അയ്യപ്പന്‍ തൊട്ടടുത്തു തന്നെയാണ് ഇരിപ്പിടം നല്‍കിയതെന്ന വസ്തുത വിസ്മരിക്കരുത്. പിന്നെ ആര്‍ത്തവം ഒരു പ്രകൃതി നിയമമല്ലേ? അതു നടക്കുന്നതു കൊണ്ട് മാത്രമല്ലേ ഈ പ്രകൃതിയില്‍ മാനവജാതി നിലനില്‍ക്കുന്നത്? അതിനെ വിശുദ്ധമായി കാണണമെന്നാണ് എനിക്കു തോന്നുന്നത്. ഹിന്ദു സമൂഹം യുക്തിസഹമായ എന്തിനേയും കാലാകാലങ്ങളില്‍ അംഗീകരിച്ചിട്ടുണ്ട്. സെമിററിക് മതങ്ങളിലേതുപോലുള്ള കടുംപിടുത്തം അത് ഒരിക്കലും കാണിക്കാറില്ല. ഇക്കാര്യങ്ങളെല്ലാം ഹൈന്ദവനേതൃത്വം പരിഗണിച്ചു മാററങ്ങളെ സ്വാഗതം ചെയ്യുമെന്നാണ് എനിക്കുതോന്നുന്നത്. വിശ്വാസികളല്ലാത്ത ചില ഫെമിനിസ്ടുകളും അവരുടെ രാഷ്ട്രീയ യജമാനന്‍മാരും നടത്തുന്ന പ്രചാരണം ദുഷ്ടലാക്കോടെയാണ്. യത്ര നാര്യസ്തു പൂജ്യന്തേ രമന്തേ തത്ര ദേവതാ. ഇതാണ് ഹിന്ദുവിന്രെ എക്കാലത്തേയും സ്ത്രീകളോടുള്ള കാഴ്ചപ്പാട്.’
രഹ്നാ ഫാത്തിമയെ ടാഗ് ചെയ്ത് കെ സുരേന്ദ്രന്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത കുറിപ്പ്
രശ്മി ആര്‍ നായരുടെ ആരോപണം ഇങ്ങനെ,
‘രഹന ഫാത്തിമ എന്ന കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരി കെ സുരേന്ദ്രനുമായി മംഗലാപുരത്തു വച്ചു പലതവണ കൂടിക്കാഴ്ച നടത്തിയ വിവരം എനിക്ക് നേരിട്ടറിയാം. കേരളത്തിലെ പ്രോഗ്രസീവ് സ്‌പെയിസുകള്‍ക്കുള്ളില്‍ കയറി അതിനെ അശ്ലീല വല്‍ക്കരിച്ചു വെടക്കാക്കി തനിക്കാക്കി പൊതുസ്വീകാര്യത വലതുപക്ഷത്തിനു അനുകൂലമാക്കുക എന്ന കൊട്ടേഷന്‍ പലതവണ ഇവര്‍ ഭംഗിയായി നിര്‍വഹിക്കുകയും ചെയ്തു. ശബരിമല വിഷയത്തില്‍ ഒരു വര്‍ഗീയ കലാപം സൃഷ്ടിക്കുവാനുള്ള ഗൂഡാലോചനയുടെ ഭാഗമാണ് ആ സ്ത്രീയുടെ ഫോട്ടോ മുതല്‍ മലകയറ്റം വരെയുള്ള സംഭവങ്ങള്‍. അയ്യപ്പഭക്തരെ മുസ്ലീങ്ങള്‍ വെട്ടി പരിക്കേല്‍പ്പിക്കുന്നു എന്ന ജനം ടിവി വാര്‍ത്ത ഈ സമയത്തു തന്നെ വരുന്നതും ഇതിനൊപ്പം ചേര്‍ത്ത് വായിക്കണം. ഈ ഗൂഢാലോചനയില്‍ സംസ്ഥാന പോലീസ് ഫോഴ്സിലെ ക്രിമിനല്‍ ഉദ്യോഗസ്ഥരുടെ പട്ടികയില്‍ ഉള്ള ഐജി ശ്രീജിത്തിന്റെ പങ്കും സര്‍ക്കാര്‍ അന്വേഷിക്കണം.’
അതേസമയം രഹ്നാ ഫാത്തിമയുടെ ശബരിമല കയറ്റത്തിന് കെ സുരേന്ദ്രന് പങ്കുണ്ടെന്ന ആരോപണത്തെക്കുറിച്ചറിയാന്‍ സമയം മലയാളത്തിന്റെ പ്രതിനിധി അദ്ദേഹത്തെ ബന്ധപ്പെട്ടെങ്കിലും പ്രതികരിക്കാന്‍ തയ്യാറായില്ല.
ശബരിമലയില്‍ സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിക്കണമെന്ന് പൊതു സമൂഹത്തിനു മുമ്ബില്‍ പറയാന്‍ തയ്യാറായ കെ സുരേന്ദ്രന്‍ സുപ്രീംകോടതി വിധിക്കു പിന്നാലെ രാഷ്ട്രീയ ലാക്കോടെയാണ് മലക്കം മറിഞ്ഞതെന്ന് നേരത്തെ ആരോപണം ഉണ്ടായിരുന്നു. എന്നാല്‍ ശബരിമലയില്‍ പ്രവേശിക്കാനെത്തിയ രഹ്ന ഫാത്തിമയെ 2016ല്‍ ഫേസ്ബുക്കിലെഴുതിയ കുറിപ്പില്‍ കെ സുരേന്ദ്രന്‍ ടാഗ് ചെയ്തിരുന്നു എന്നത് ഇവര്‍ ബന്ധമുണ്ടെന്ന രശ്മിയുടെ ആരോപണത്തെ സ്ഥിരീകരിക്കുന്നതാണ്.
അതേസമയം ശബരിമലയില്‍ നടക്കുന്നത് കലാപത്തിനുള്ള ശ്രമമാണെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. കരുതിക്കൂട്ടി ശബരിമലയില്‍ പ്രശ്‌നം ഉണ്ടാക്കാന്‍ ശ്രമം നടക്കുന്നുവെന്നതിന്റെ സൂചന ലഭിച്ചതിനെത്തുടര്‍ന്നാണ് ഇടപെട്ടതെന്നും മന്ത്രി പറഞ്ഞു.
