സോള്‍: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സോള്‍ സമാധാന പുരസ്കാരം നല്‍കാനുള്ള തീരുമാനത്തിനെതിരെ ദക്ഷിണ കൊറിയയില്‍ സന്നദ്ധ സംഘടനകളുടെയും മനുഷ്യാവകാശ സംഘടനകളുടെയും പ്രതിഷേധം .ഇന്ത്യയില്‍ മുസ്ലിങ്ങള്‍ക്കെതിരെ കലാപം നടത്തിയ ചരിത്രമുള്ള ഒരാള്‍ ഇത്തരമൊരു പുരസ്കാരം അര്‍ഹിക്കുന്നില്ലെന്ന് പ്രതിഷേധക്കാര്‍ കുറ്റപ്പെടുത്തി. സോള്‍ പീസ് പ്രൈസ് കള്‍ചറല്‍ ഫൗണ്ടേഷന് തീരുമാനത്തില്‍നിന്ന് പിന്തിരിയണമെന്നും അവര്‍ ആവശ്യപ്പെട്ടു.
കൊറിയ ഹൗസ് ഒഫ് ഇന്റര്‍നാഷണല്‍ സോളിഡാരിറ്റി, സെന്റര്‍ ഫോര്‍ റെഫ്യൂജി റൈറ്റ്സ് ഇന്‍ കൊറിയ എന്നീ സംഘടനകളാണ് പ്രതിഷേധവുമായി രംഗത്തുളളത്. രാജ്യാന്തര സഹകരണത്തിനും ആഗോള സാമ്ബത്തിക വളര്‍ച്ചയ്ക്കും നല്കിയ സംഭാവനകള്‍ കണക്കിലെടുത്താണ് മോദിക്ക് പുരസ്കാരം സമ്മാനിക്കുന്നത്. മോദിയുടെ അഴിമതി വിരുദ്ധ പ്രവര്‍ത്തനങ്ങളെയും നോട്ടുനിരോധനത്തെയും പുരസ്കാര സമിതി പ്രശംസിച്ചിരുന്നു. സോള്‍ സമാധാന പുരസ്കാരം ലഭിക്കുന്ന പതിനാലാമത്തെ വ്യക്തിയാണ് നരേന്ദ്ര മോദി. യു.എന്‍ മുന്‍ സെക്രട്ടറി ജനറല്‍ കോഫി അന്നന്, ജര്‍മന്‍ ചാന്‍സലര്‍ ആംഗല മെര്‍ക്കല്‍ തുടങ്ങിയവരാണ് ഇതിനുമുന്‍പ് പുരസ്കാരം ലഭിച്ച പ്രമുഖര്‍.
മോദിക്കും സോള്‍ സമാധാന പുരസ്കാര ഫൗണ്ടേഷനും സൗകര്യപ്രദമായ ദിവസത്തിലാണ് പുരസ്കാരം കൈമാറുക.
