ന്യൂഡല്‍ഹി: അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്ന് എന്‍.സി.പി വിട്ട മുതിര്‍ന്ന നേതാവ് താരിഖ് അന്‍വര്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു. ശനിയാഴ്ച ഡല്‍ഹിയില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുമായി നടന്ന ചര്‍ച്ചക്ക് ശേഷമാണ് ഇദ്ദേഹം കോണ്‍ഗ്രസ് അംഗത്വം സ്വീകരിച്ചത്.
ബീഹാറിലെ കതിഹാറില്‍ നിന്നുള്ള ലോക്‌സഭാ അംഗമായിരുന്നു ഇദ്ദേഹം. താരിഖ് കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ അഗത്വം സ്വികരിച്ചതായി ഔദ്യോഗിക അറിയിപ്പ് ഉടന്‍ പുറത്ത് വരുമെന്ന് അദ്ദേഹത്തിന്റെ അനുയായികള്‍ പറയുന്നു. റഫേല്‍ ഇടപാടില്‍ എന്‍സിപി അധ്യക്ഷന്‍ ശരത് പവാര്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സംരക്ഷിക്കുന്ന നിലപാട് സ്വീകരിച്ചതില്‍ പ്രതിഷേധിച്ച് സെപ്തംബര്‍ 28നാണ് താരിഖ് എന്‍സിപി വിടാന്‍ തീരുമാനിച്ചത്.
വിഷയത്തില്‍ നിലപാട് തിരുത്താന്‍ പവാര്‍ തയ്യാറായെങ്കിലും താരിഖ് തന്റെ രാജിയില്‍ ഉറച്ചുനില്‍ക്കുകയായിരുന്നു. 1980കളില്‍ ബീഹാറിലെ കോണ്‍ഗ്രസ് അധ്യക്ഷനായിരുന്നു താരിഖ് അന്‍വര്‍. ദീര്‍ഘകാലം പവാറിനൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിച്ചിട്ടുണ്ട്.
