പുതുപ്പള്ളി : ശബരിമലയില്‍ വിഐപികളുടെ ബന്ധുക്കള്‍ മലചവിട്ടിയിരുന്നുവെന്ന് ജന്മഭൂമി മുന്‍ എഡിറ്ററും പ്രശസ്ത പത്രപ്രവര്‍ത്തകയുമായിരുന്ന ലീലാമേനോന്റെ ആത്മകഥയില്‍.
‘ഇന്ന് ജയമാല വിവാദം കൊഴുക്കുമ്ബോള്‍ ഞാന്‍ ഓര്‍മിക്കുന്നത് അക്കാലത്ത് വിഐപികളുടെ ബന്ധുക്കളായ സ്ത്രീകള്‍ മലചവിട്ടിയിരുന്നു എന്ന വസ്തുതയാണ്’ എന്നാണ് പരാമര്‍ശം. തൃശൂര്‍ കറണ്ട് ബുക്സ് പ്രസിദ്ധീകരിച്ച ലീലാമേനോന്റെ ആത്മകഥയായ ‘നിലയ്ക്കാത്ത സിംഫണി’യുടെ പേജ് 151 ല്‍ അഞ്ചാമത്തെ പാരഗ്രാഫില്‍ ശബരിമല റിപ്പോര്‍ട്ടിനെക്കുറിച്ച് പറയുന്ന ഭാഗത്താണിത്.
കരുണാകരന് മുഖ്യമന്ത്രിയായിരിക്കെ അദ്ദേഹത്തോടൊപ്പം എല്ലാവര്‍ഷവും മണ്ഡലകാലത്ത് റിപ്പോര്‍ട്ടിങ്ങിനായി മലകയറിയ കാര്യവും ആത്മകഥയിലുണ്ട്. കൊല്ലവര്‍ഷം 1032 നവംബര്‍ 10ന് ജനിച്ച ലീലാമേനോന് 48 – 50 വയസുള്ളപ്പോഴാണ് കരുണാകരനോടൊപ്പം ശബരിമല കയറിയെന്നാണ് കരുതുന്നത്. ഇതു ശരിവച്ച് ആര്‍എസ്എസ് നേതാവ് ടി ജി മോഹന്‍ദാസ് ഒരു സ്വകാര്യ ചാനലില്‍ പ്രസ്താവന നടത്തിയിരുന്നു.
”കരുണാകരന് മുഖ്യമന്ത്രിയായപ്പോള്‍ അദ്ദേഹത്തോടൊപ്പം എല്ലാക്കൊല്ലവും പത്രക്കാരും മലകയറി. കൂട്ടത്തില്‍ ഞാനും. കരുണാകരന് വളരെ വേഗത്തിലാണ് അന്ന് മല കയറിയിരുന്നത്. അത് അദ്ദേഹത്തിന്റെ ആക്സിഡന്റിന് മുമ്ബാണ് എന്നോര്‍ക്കണം. ഞങ്ങള്‍ക്കാര്‍ക്കും അദ്ദേഹത്തിന്റെ ഒപ്പമെത്താന്‍ സാധിച്ചിരുന്നില്ല. ഓള് ഇന്ത്യാ റേഡിയോയിലെ തിരുവാര്‍പ്പ് ബാലനും കേരളശബ്ദത്തിലെ കേശവന്‍നായരും ഒഴിച്ച്. ഞാന്‍ തീര്‍ത്തും പുറകില്‍ ആകാറാണ് പതിവ്. പക്ഷേ എന്റെ സഹപ്രവര്‍ത്തകര്‍ ക്ഷമയോടെ എന്നോടൊപ്പം നടക്കുകയും ഞാന്‍ ക്ഷീണിക്കുമ്ബോള്‍ വഴിയില്‍നിന്ന് കട്ടന്‍കാപ്പി വാങ്ങി തരികയും ചെയ്തിരുന്നു.
കരുണാകരന് രാത്രി താമസിക്കുമ്ബോള്‍ ഞങ്ങളും രാത്രി മലയില്‍ തങ്ങി. അദ്ദേഹത്തിനൊപ്പം കഞ്ഞിയും പയറും കഴിച്ചു. ഇന്ദിരാഗാന്ധിയെ ശബരിമല ദര്‍ശനത്തിന് കൊണ്ടുവരണമെന്നത് അദ്ദേഹത്തിന്റെ വലിയ ആഗ്രഹമായിരുന്നു. പക്ഷേ അതിന് ഹെലികോപ്റ്റര്‍ വരാന്‍ സൗകര്യമുണ്ടായിരിക്കണം. തന്റെ ആവനാഴിയിലെ സകല തന്ത്രങ്ങളും പ്രയോഗിച്ചിട്ടും ഹെലിപ്പാഡ് നിര്‍മിക്കാനുള്ള സ്ഥലം തരപ്പെടുത്താന്‍ കരുണാകരന് ആയില്ല. ഞങ്ങള്‍ വ്രതമെടുത്ത് ആയിരുന്നില്ല മലയ്ക്ക് പോയിരുന്നത് അത് കൊണ്ട് മാളികപ്പുറം വഴിയാണ് നടയ്ക്കല്‍ എത്തിയിരുന്നത്” എന്നിങ്ങനെയാണ് ആത്മകഥയില്‍ വിവരിക്കുന്നത്.
