ബല്‍റാമിന്റേത് നാണം കെട്ട പരാമര്‍ശം, കോണ്‍ഗ്രസ് വിശദീകരണം തേടും

തിരുവനന്തപുരം:രാഹുല്‍ ഈശ്വറിനേയും കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെയും താരതമ്യം ചെയ്‌ത വി.ടി.ബല്‍റാം എം.എല്‍.എയ്‌ക്കെതിരെ രൂക്ഷവിമര്‍ശനവുമായി കെ.പി.സി.സി അദ്ധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ രംഗത്തെത്തി. ഇരുവരെയും പരസ്‌പരം താരതമ്യം ചെയ്‌ത എം.എല്‍.എയുടെ നടപടി തെറ്റാണ്. എല്ലാവരും പാര്‍ട്ടിക്ക് വിധേയരാണെന്ന് ബല്‍റാം ഓര്‍‌ക്കണം. അച്ചടക്കമില്ലാത്ത ആള്‍ക്കൂട്ടമായി പാര്‍ട്ടി മാറരുത്. ഇക്കാര്യത്തില്‍ ബല്‍റാമിനോട് വിശദീകരണം തേടുമെന്നും അദ്ദേഹം വ്യക്തമാക്കി.

ശബരിമല വിഷയത്തില്‍ രാഹുല്‍ ഗാന്ധി നടത്തിയത് അദ്ദേഹത്തിന്റെ വ്യക്തിപരമായ അഭിപ്രായമാണ്. ഇക്കാര്യത്തില്‍ അദ്ദേഹത്തിന്റെ പ്രസ്‌താവന തെറ്റിദ്ധരിപ്പെട്ടു.വിശ്വാസികള്‍ക്കൊപ്പം നില്‍ക്കുക എന്ന നിലപാടേ എടുക്കാന്‍ കഴിയൂ എന്ന് അദ്ദേഹത്തെ അറിയിച്ചിരുന്നു.

ഓരോ സംസ്ഥാനങ്ങളിലെയും വിശ്വാസങ്ങള്‍ക്കും ആചാരങ്ങള്‍ക്കും അനുസൃതമായി നിലപാടെടുക്കാന്‍ അനുമതി നല്‍കിയിട്ടുണ്ട് എന്നാണ് അദ്ദേഹം പറഞ്ഞതെന്നും മുല്ലപ്പള്ളി അറിയിച്ചു. കേരളത്തിലെ മതേതര ജനാധിപത്യ ഐക്യത്തിന് തടസം നില്‍ക്കുന്നത് കേരളത്തിലെ സി.പി.എം ഘടകമാണ്. ഇക്കാര്യത്തില്‍ കടുംപിടുത്തം കാണിക്കുന്നത് മുഖ്യമന്ത്രി പിണറായി വിജയനാണ്.

കേരളത്തിലെ അവസാനത്തെ കമ്യൂണിസ്‌റ്റ് മുഖ്യമന്ത്രിയായിരിക്കും പിണറായി വിജയനെന്നും മുല്ലപ്പള്ളി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *