തിരുവനന്തപുരം: അഴിമതി നടന്നശേഷം അന്വേഷിക്കുന്നതിനുപകരം അഴിമതിക്ക് അവസരം നല്‍കാത്ത അവസ്ഥ കേരളത്തില്‍ സൃഷ്ടിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. അഴിമതി എവിടെയായാലും കര്‍ശനനടപടിയെടുക്കണമെന്നാണ് സര്‍ക്കാര്‍ നിലപാട്. അഴിമതി വിമുക്ത കേരളമാണ് ലക്ഷ്യം. ഇതിനായി കൃത്യമായ നിരീക്ഷണ സംവിധാനം വിജിലന്‍സ് ഉറപ്പാക്കണം. പരാതികള്‍ ഉണ്ടായാല്‍ കര്‍ശനനടപടി വേണമെന്നും അദ്ദേഹം പറഞ്ഞു.
സര്‍ക്കാര്‍, അര്‍ധസര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ വിജിലന്‍സ് ഇടപെടല്‍ ഉണ്ടായത് അഴിമതിവിരുദ്ധ നടപടികളുടെ ഭാഗമായാണ്. ആയിരത്തോളം റെയ്ഡുകള്‍ ഒരുവര്‍ഷത്തിനിടെ നടത്താനായത് വിജിലന്‍സ് പ്രവര്‍ത്തനത്തിന്റെ മികവാണ് തെളിയിക്കുന്നത്. അങ്ങേയറ്റം വിശ്വാസ്യതയും മനശുദ്ധിയും ഉദ്യോഗസ്ഥര്‍ പുലര്ത്തുന്പോഴാണ് ആസൂത്രണം ചെയ്യുന്ന പരിശോധനകള്‍ വിജയമാകുന്നതെന്നും അദ്ദേഹം പറഞ്ഞു.
നൂതനസാങ്കേതിക വിദ്യകള്‍ തട്ടിപ്പിന് ഉപയോഗിക്കുന്നതിനാല്‍ ഉദ്യോഗസ്ഥരും ഉയര്‍ന്ന സാങ്കേതികവിദ്യകള്‍ സ്വായത്തമാക്കണം. ഡിജിറ്റല്‍ തെളിവുകള്‍ സ്വീകരിക്കാനും അന്വേഷണം കൂടുതല്‍ കാര്യക്ഷമമാക്കാനും ഇത് സഹായിക്കും. ഇതിനായി വിദഗ്ധപരിശീലനം നല്കാന് തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് എന്നിവിടങ്ങളില്‍ സൈബര്‍ സെന്ററുകള്‍ അനുവദിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
