സോളാര്‍ കേസില്‍ ഉമ്മന്‍ചാണ്ടിയുടെയും കെ.സി വേണുഗോപാലിന്റെയും അറസ്‌റ്റ് ഉടന്‍

തിരുവനന്തപുരം: ഔദ്യോഗിക വസതികളില്‍ വച്ച്‌ പീഡിപ്പിച്ചെന്ന കേസില്‍ സോളാര്‍ നായിക സരിതാ.എസ് നായരുടെ മൊഴിയെടുപ്പ് നാളെ നടക്കും. മൊഴിയെടുപ്പ് പൂര്‍ത്തിയായാലുടന്‍ മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, മുന്‍ കേന്ദ്രമന്ത്രി കെ.സി.വേണുഗോപാല്‍ എന്നിവരെ ക്രൈംബ്രാഞ്ച് അന്വേഷണ സംഘം അറസ്റ്റ് ചെയ്യും. സരിതയുടെ രഹസ്യമൊഴി തിരുവനന്തപുരം ജുഡീഷ്യല്‍ മജിസ്ട്രേട്ട് കോടതിയില്‍ നാളെ വൈകിട്ട് 4 നാണ് രേഖപ്പെടുത്തുക. ക്രൈംബ്രാഞ്ചിന് നല്‍കിയ പ്രാഥമിക മൊഴി സരിത ആവര്‍ത്തിച്ചാല്‍ കേസ് കടുക്കും.

കഴിഞ്ഞ മാര്‍ച്ചില്‍ ക്രൈംബ്രാഞ്ചിന് നല്‍കിയ മൊഴി ഇനി മാറ്റിപ്പറയുന്നത് സരിതയ്ക്കും ദുഷ്‌കരമാണ്. 2012ലെ ഹര്‍ത്താല്‍ ദിനത്തില്‍ ക്ലിഫ് ഹൗസില്‍ വച്ച്‌ ഉമ്മന്‍ചാണ്ടി പ്രകൃതി വിരുദ്ധ ലൈംഗിക പീഡനത്തിന് ഇരയാക്കിയെന്നും കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാരില്‍ ടൂറിസം മന്ത്രിയായിരുന്ന എ.പി അനില്‍കുമാറിന്റെ ഔദ്യോഗിക വസതിയായ റോസ്ഹൗസില്‍ വച്ച്‌ കെ.സി.വേണുഗോപാല്‍ പീഡിപ്പിച്ചുവെന്നുമുള്ള സരിതയുടെ പരാതി പ്രകാരം ക്രൈംബ്രാഞ്ച് രണ്ട് എഫ്.ഐ.ആറുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. മൊഴിക്കുശേഷം ഇതിന്റെ പകര്‍പ്പ് വാങ്ങിയാകും അന്വേഷണത്തിന്റെ അടുത്തഘട്ടം ക്രൈംബ്രാഞ്ച് തുടങ്ങുക.

ആദ്യ ദൗത്യം

ശാസ്ത്രീയ പരിശോധനകളിലൂടെ സരിതയുടെ മൊഴി സത്യമാണോയെന്ന് ഉറപ്പാക്കുകയാണ് ക്രൈംബ്രാഞ്ചിന്റെ ആദ്യ ദൗത്യം. പീഡിപ്പിക്കപ്പെട്ടെന്ന് സരിത പറയുന്ന ദിവസങ്ങളില്‍ അവിടെയുണ്ടായിരുന്നോ എന്ന് മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ സഹായത്തോടെ കണ്ടെത്തണം. ഔദ്യോഗിക വസതികളില്‍ അന്ന് ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരുടെയും ജീവനക്കാരുടെയും മൊഴി രേഖപ്പെടുത്തണം. ഉമ്മന്‍ചാണ്ടിയുടെയും വേണുഗോപാലിന്റെയും ടൂര്‍ഡയറി കണ്ടെടുത്ത്, ഇരുവരും ആ ദിവസം തിരുവനന്തപുരത്തുണ്ടായിരുന്നോ എന്നും ഉറപ്പാക്കണം. ശക്തമായ സാഹചര്യ, ശാസ്ത്രീയ തെളിവുകള്‍ കണ്ടെത്തിയാല്‍ അടുത്ത നടപടി അറസ്റ്റാണ്.

അതേസമയം സരിതയുടെ പരാതിപ്രകാരം ക്രൈംബ്രാഞ്ച് രജിസ്റ്റര്‍ ചെയ്ത എഫ്.ഐ.ആറുകള്‍ റദ്ദാക്കാന്‍ ഉമ്മന്‍ചാണ്ടിയും വേണുഗോപാലും ഹൈക്കോടതിയെ സമീപിക്കും. എന്നാല്‍ പുതിയ ഭേദഗതി പ്രകാരം ഇത് സാധ്യമാകുമോ എന്ന് സംശയമുണ്ട്. 20 വര്‍ഷംവരെ ശിക്ഷ ലഭിക്കാവുന്ന കേസാണിത്. വിശദമായ അന്വേഷണത്തിന് ശേഷം സെക്‌ഷന്‍ 172 പ്രകാരം കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കണം. അല്ലാതെ, ഈ ഘട്ടത്തില്‍ എഫ്.ഐ.ആര്‍ റദ്ദാക്കാന്‍ നിയമം അനുശാസിക്കുന്നില്ല.

വകുപ്പുകള്‍

ഉമ്മന്‍ചാണ്ടിക്കെതിരെ ഐ.പി.സി 377, പണം കൈപ്പറ്റിയതിന് ഐ.പി.സി 420, കെ. സി വേണുഗോപാലിനെതിരെ ബലാത്സംഗത്തിന് ഐ.പി.സി 376, സ്ത്രീത്വത്തെ അപമാനിച്ചതിന് ഐ.പി.സി 354, ഫോണിലൂടെ ശല്യംചെയ്തതിന് കേരള പൊലീസ് ആക്‌ട് 120 എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *