തിരുവനന്തപുരം: അയ്യപ്പഭക്തനായ ശിവദാസിനെ പോലീസ് മര്‍ദ്ദിച്ചു കൊന്നതു തന്നെയെന്ന് ബിജെപി. പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ പി.എസ്.ശ്രീധരന്‍ പിള്ളയാണ് ആരോപണം ആവര്‍ത്തിച്ചത്. സംഭവത്തിന്‍റെ ഉത്തരവാദിത്തം ഏറ്റെടുത്ത് മുഖ്യമന്ത്രി പിണറായി വിജയന്‍ ആഭ്യന്തരവകുപ്പ് ഒഴിയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
അയ്യപ്പന്‍റെ ചിത്രം വച്ച് സൈക്കിളില്‍ ശബരിമലയിലേക്കുള്ള യാത്രാമധ്യേയാണ് നിരപരാധിയായ ശിവദാസിനെ പിണറായിയുടെ പോലീസ് അക്രമിച്ചതും അടിച്ചു കൊന്നതുമെന്നും അദ്ദേഹം ആരോപിച്ചു.
ഇദ്ദേഹത്തെ കാണാതായെന്ന വിവരം പുറത്ത് വന്നതു മുതല്‍ ഈ കേസില്‍ അന്വേഷണം വേണമെന്ന് ബിജെപി ആവശ്യപ്പെട്ടിരുന്നു. ജഡം കിട്ടിയതോടെ ബിജെപി ഉന്നയിച്ച സംശയങ്ങള്‍ സ്ഥിരീകരിക്കപ്പെട്ടിരിക്കുകയാണ്- ശ്രീധരന്‍ പിള്ള പറഞ്ഞു. നേരത്തെ, ശിവദാസ് മരിച്ചത് പോലീസ് നടപടിക്കിടെയല്ലെന്ന് പോലീസ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കിയിരുന്നു.
ഇത്തരത്തില്‍ വ്യാജ പ്രചരണം നടത്തിയാല്‍ കര്‍ശന നടപടിയെടുക്കുമെന്നും പത്തനംതിട്ട ജില്ലാ പോലീസ് മേധാവി അറിയിച്ചിരുന്നു. സംസ്ഥാന പോലീസിന്‍റെ ഫേസ്ബുക്ക് പേജിലൂടെയും ഇക്കാര്യം വ്യക്തമാക്കിയിരുന്നു.
