ശ്രീധരന്‍പിള്ളയുടെ പ്രസംഗത്തോടെ ശബരിമല വിഷയത്തിലെ സംഘപരിവാര്‍ അജണ്ട പുറത്തായെന്ന് മുഖ്യമന്ത്രി

ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍ പി.എസ്.ശ്രീധരന്‍പിള്ളയുടെ പ്രസംഗത്തിലൂടെ ശബരിമലയിലെ സംഘപരിവാര്‍ അജണ്ട പുറത്തായെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ശബരിമല വിഷയത്തില്‍ നടന്ന അതിക്രമവും പ്രതിഷേധങ്ങളും സംഘപരിവാര്‍ നടത്തുന്ന മുതലെടുപ്പാണെന്ന് സര്‍ക്കാരും ഇടത് പാര്‍ട്ടികളും പറഞ്ഞപ്പോള്‍ ചിലരെങ്കിലും വിശ്വാസിച്ചില്ല. എന്നാല്‍ ശ്രീധരന്‍പിള്ള തന്നെ ഇക്കാര്യംതുറന്ന് പറഞ്ഞതോടെ സംഘപരിവാര്‍ അജണ്ട പുറത്തായെന്നും മുഖ്യമന്ത്രി പറഞ്ഞു. ശബരിമലയെയും വിശ്വാസികളെയും ഏതറ്റം വരെയും സംരക്ഷിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കണ്ണൂരില്‍ നടന്ന എല്‍.ഡി.എഫ് ബഹുജന റാലിയുടെ ഉദ്ഘാടനം നിര്‍വഹിച്ച്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഭക്തരുടെ പേരിലുള്ള സമരം ആസൂത്രണം ചെയ്‌തത് ബി.ജെ.പിയും ശ്രീധരന്‍പിള്ളയുമാണ്. ഇതൊരു സുവര്‍ണ അവസരമാണെന്നാണ് അദ്ദേഹം പറയുന്നത്. ഈ സമരം തീരുമ്ബോള്‍ നമ്മളും സര്‍ക്കാരിന്റെ ഭാഗമായ പാര്‍ട്ടിയും മാത്രമേ ബാക്കിയാകൂ എന്നാണ് ബി.ജെ.പി പറയുന്നത്. അപ്പോള്‍ കോണ്‍ഗ്രസ് എവിടെയാണെന്ന് ആരും ചോദിക്കുന്നില്ല. കോണ്‍ഗ്രസിലെ ചിലര്‍ മാത്രമേ നിങ്ങളുടെ കൂടെ വരൂ. ദേശീയ പാരമ്ബര്യമുള്ള കോണ്‍ഗ്രസില്‍ ഇപ്പോഴും മതനിരപേക്ഷതയുള്ള നിരവധി പേരുണ്ട്. കണ്ണൂരിലെ ഒരു കോണ്‍ഗ്രസ് നേതാവ് ഇപ്പോള്‍ ബി.ജെ.പിയില്‍ പോകാന്‍ തയ്യാറായിരിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.

മുഖ്യമന്ത്രിയെന്ന നിലയില്‍ തന്ത്രിയെയും പന്തളം രാജകുടുംബത്തെയും സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് വിളിച്ചിരുന്നു. എന്നാല്‍ സര്‍ക്കാര്‍ വിളിച്ച ചര്‍ച്ചയ്‌ക്ക് വരാത്ത തന്ത്രി ബി.ജെ.പി അദ്ധ്യക്ഷനെയും ബി.ജെ.പിയെയുമാണ് തനിക്ക് കൂടുതല്‍ വിശ്വാസമെന്നാണ് ഇപ്പോള്‍ പറയുന്നത്. ഇതില്‍ തന്ത്രി മറുപടി പറയണം. നിയമോപദേശം തേടിയാണ് തന്ത്രി ശ്രീധരന്‍പിള്ളയെ വിളിച്ചതെന്നാണ് വിശദീകരണം. എന്നാല്‍ സര്‍ക്കാര്‍ സംവിധാനങ്ങളില്‍ നിയമസഹായം ലഭിക്കാവുന്ന നിരവധി സൗകര്യങ്ങളുണ്ട്. എന്തുകൊണ്ട് ഇവരെയൊന്നും സമീപിക്കാന്‍ തന്ത്രിക്ക് തോന്നിയില്ല. ഭക്തരുടെ പേരിലുള്ള സമരത്തില്‍ തന്ത്രിയും പങ്കാളിയായി. ഗൂഢാലോചനയില്‍ അദ്ദേഹവും പങ്കാളിയായെന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Leave a Reply

Your email address will not be published. Required fields are marked *