ബംഗളുരു: കര്‍ണാടക ഉപതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യത്തിന് മുന്നേറ്റം. മൂന്ന് ലോക്സഭാ മണ്ഡലങ്ങളിലേക്കും രണ്ടു നിയമസഭാ മണ്ഡലങ്ങളിലേക്കും നടന്ന ഉപതെരഞ്ഞെടുപ്പില്‍ നാലിലും കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യം മുന്നേറ്റം നടത്തി.
ബല്ലാരി, മാണ്ഡ്യ ലോക്സഭാ സീറ്റുകളിലാണ് സഖ്യം മുന്നേറ്റം നടത്തിയത്. അതേസമയം, ശിവമോഗയില്‍ മാത്രമാണ് ബിജെപിക്ക് മുന്നേറ്റം കാഴ്ചവെക്കാനായത്. ബല്ലാരി, മാണ്ഡ്യ എന്നിവിടങ്ങളില്‍ സഖ്യസ്ഥാനാര്‍ഥികള്‍ ഒരു ലക്ഷത്തിലധികം വോട്ടിന്‍റെ ലീഡ് നേടിക്കഴിഞ്ഞു.
നിയമസഭാ ഉപതെരഞ്ഞെടുപ്പ് നടന്ന രാമനഗരിയില്‍ മുഖ്യമന്ത്രി കുമാരസ്വാമിയുടെ ഭാര്യ അനിത കുമാരസ്വാമി വിജയിച്ചു. ജാംഖണ്ഡിയില്‍ കോണ്‍ഗ്രസിന്‍റെ ആനന്ദ് സിദ്ദു ന്യാമഗൗഡയും വിജയിച്ചു. കോണ്‍ഗ്രസ്- ജെഡിഎസ് സഖ്യം ഒന്നിച്ചു മത്സരിക്കുന്ന ആദ്യ തെരഞ്ഞെടുപ്പ് ആയതിനാല്‍ സഖ്യത്തിന് നിര്‍ണായകമാണ് ഉപതെരഞ്ഞെടുപ്പ് ഫലം. വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ സഖ്യത്തിന്റെ ഭാവി എന്തെന്നും ഈ തെരഞ്ഞെടുപ്പു ഫലം കൊണ്ട് നിര്‍ണയിക്കപ്പെടും.
