ശബരിമലയില്‍ ആരാചലംഘനം നടന്നിട്ടില്ലെന്ന് വത്സന്‍ തില്ലങ്കേരി

സന്നിധാനം: ശബരിമലയില്‍ ആചാരലംഘനം നടത്തിയതായുള്ള ആരോപണങ്ങള്‍ ആര്‍എസ്‌എസ് നേതാവ് വത്സന്‍ തില്ലങ്കേരി നിഷേധിച്ചു. ഇരുമുടി കെട്ടില്ലാതെ താന്‍ പതിനെട്ടാം പടി കയറിയെന്നും കയറി പൂര്‍ത്തിയാക്കാതെ തിരിച്ചിറങ്ങിയെന്നുമുള്ള ആരോപണങ്ങളാണ് അദ്ദേഹം നിഷേധിച്ചത്. സന്നിധാനത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

താന്‍ ഗുരുസ്വാമിക്കൊപ്പമാണ് രാവിലെ പതിനെട്ടാംപടി കയറാനെത്തിയത്. കയറുന്പോഴാണ് പിന്നില്‍ വലിയ ശബ്ദം കേട്ടത്. അപ്പോള്‍ തിരിഞ്ഞുനോക്കി. അല്ലാതെ പതിനെട്ടാം പടി വഴി തിരിച്ചിങ്ങിയിട്ടില്ല. ഇത്തരം വാര്‍ത്തകള്‍ മാധ്യമങ്ങള്‍ നല്‍കുന്നതിന് മുന്‍പ് തന്നോട് ചോദിക്കാമായിരുന്നുവെന്നും ശബരിമലയില്‍ എത്തുന്ന ഭക്തര്‍ കടുത്ത മനുഷ്യാവകാശ ലംഘനം നേരിടുന്നത് മറച്ചുപിടിക്കാനാണ് തനിക്കെതിരേ പ്രചരണം നടത്തുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

താന്‍ പോലീസിന്‍റെ മൈക്ക് ഉപയോഗിച്ചത് ബോധപൂര്‍വമല്ല. പ്രതിഷേധക്കാരെ ശാന്തരാക്കാന്‍ ആ സമയത്ത് ആരോ മൈക്ക് കൈമാറുകയായിരുന്നു. പോലീസ് സേനയുടെ മൈക്കാണെന്ന് തനിക്ക് മനസിലായി പോലുമില്ല. മാധ്യമപ്രവര്‍ത്തകര്‍ ഇതെല്ലാം കണ്ടതല്ലെയെന്നും അദ്ദേഹം ചോദിച്ചു.

Leave a Reply

Your email address will not be published. Required fields are marked *