ശബരിമലയില്‍ സ്പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട് അവഗണിച്ചു, ഐ.ജി ഉള്‍പ്പെടെയുള്ളവര്‍ സമാധാനം പറയണം

ശബരിമല: യുവതീ പ്രവേശനത്തിന് വഴിയൊരുങ്ങിയാല്‍ സംഘപരിവാര്‍ സംഘടനകള്‍ പതിനെട്ടാം പടിയുടെ നിയന്ത്രണം ഏറ്റെടുക്കുമെന്ന സ്പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട് പൊലീസ് മുഖവിലയ്ക്കെടുക്കാതിരുന്നതാണ് ഇന്നലെ ശബരിമലയില്‍ ആചാരലംഘനത്തിന് ഇടയാക്കിയതെന്ന് സൂചന.

ആര്‍.എസ്.എസ് നേതാവ് വത്സന്‍ തില്ലങ്കേരി ഉള്‍പ്പെടെ 25 ഓളം പ്രതിഷേധക്കാര്‍ പതിനെട്ടാംപടിയുടെ നിയന്ത്രണം ഏറ്റെടുത്തപ്പോള്‍ ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് നോക്കി നില്‍ക്കാനേ കഴിഞ്ഞുള്ളു. പ്രവര്‍ത്തകരെ പ്രകോപിപ്പിച്ചാല്‍ സ്ഥിതിഗതികള്‍ കൈവിട്ട് പോകുമെന്ന തിരിച്ചറിവാണ് സംയമനം പാലിക്കാന്‍ പൊലീസിനെ പ്രേരിപ്പിച്ചത്. ഇരുമുടിക്കെട്ടില്ലാതെയാണ് ഇവര്‍ പതിനെട്ടാംപടിയില്‍ കയറിയത്. പ്രതിഷേധക്കാര്‍ പതിനെട്ടാംപടിയില്‍ കയറുക മാത്രമല്ല അഞ്ചോളം പടികളില്‍ കുത്തിയിരുന്ന് പ്രതിഷേധിക്കുകയും ചെയ്തു. സംഭവം വിവാദമായതിനെ തുടര്‍ന്ന് ഇന്നലെ നട അടയ്ക്കും മുന്‍പ് പരിഹാരക്രിയകളും നടത്തി.

ഇത് സംബന്ധിച്ച്‌ നേരത്തെ സ്പെഷ്യല്‍ ബ്രാഞ്ച് രണ്ട് തവണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചതായാണ് സൂചന. എന്നാല്‍, ഉദ്യോഗസ്ഥര്‍ ഇത് മുഖവിലയ്ക്കെടുത്തില്ല. അതാണ് ഇന്നലത്തെ സംഭവത്തിലേക്ക് നയിച്ചതെന്നാണ് വിലയിരുത്തല്‍. 52 കാരിയായ ലളിതയെന്ന തീര്‍ത്ഥാടകയും സംഘവും പതിനെട്ടാംപടി കയറുന്നത് തടയുകയായിരുന്നു പ്രതിഷേധക്കാരുടെ ലക്ഷ്യം. ഇത് മുന്നില്‍ കണ്ട് പതിനെട്ടാംപടിക്ക് ചുറ്റും കനത്ത സുരക്ഷാവലയം ഒരുക്കാന്‍ പൊലീസിനും കഴിഞ്ഞില്ല. ഒപ്പം പൊലീസ് ഉപയോഗിക്കുന്ന മെഗാഫോണ്‍ പ്രവര്‍ത്തകരെ ശാന്തമാക്കാന്‍ വത്സന്‍ തില്ലങ്കേരിക്ക് കൊടുക്കേണ്ടി വന്നതും പൊലീസിനുണ്ടായ വീഴ്ചയായാണ് കാണുന്നത്.

വത്സന്‍ തില്ലങ്കേരിയുടെ നിര്‍ദ്ദേശം കേട്ടപ്പോള്‍ തന്നെ പ്രവര്‍ത്തകര്‍ ശരണം മുഴക്കി ഭക്തര്‍ക്ക് പോകാന്‍ വഴിയൊരുക്കി. ഇത് പൊലീസിന് താത്കാലിക ആശ്വാസം പകര്‍ന്നെങ്കിലും സന്നിധാനത്ത് ഉണ്ടായിരുന്ന ഐ.ജി ഉള്‍പ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥര്‍ക്ക് വരും ദിവസങ്ങളില്‍ ഇതിന് സമാധാനം പറയേണ്ടിവരും. ഇത് സംബന്ധിച്ച്‌ ഡി.ജി.പി ഐ.ജി അജിത്ത് കുമാറിനോട് ടെലിഫോണിലൂടെ വിശദീകരണം ചോദിച്ചതായും അറിയുന്നു. തങ്ങളുടെ മുന്നറിയിപ്പ് വകവയ്ക്കാത്തതില്‍ സ്പെഷ്യല്‍ ബ്രാഞ്ച് ഉദ്യോഗസ്ഥര്‍ക്കും കടുത്ത അതൃപ്തിയുണ്ട്. ക്ഷേത്രനട അടച്ച്‌ പ്രവര്‍ത്തകര്‍ മലയിറങ്ങുമ്ബോള്‍ പ്രകോപനമുണ്ടാകുമോയെന്ന ആശങ്കയും പൊലീസിനുണ്ടായിരുന്നു.

അര്‍ദ്ധരാത്രിവരെ പമ്ബയിലും പരിസരത്തും പൊലീസിന്റെ ശക്തമായ സാന്നിദ്ധ്യം ഉണ്ടായിരുന്നു. ദൃശ്യ മാദ്ധ്യമ പ്രവര്‍ത്തകര്‍ക്ക് നേരെ ഇന്നലെ രാവിലെയുണ്ടായ ആക്രമണത്തിന്റെ തുടര്‍ച്ച ഉണ്ടാകുമോയെന്ന ഭയത്താല്‍ സന്നിധാനത്തുള്ള പല ദൃശ്യമാദ്ധ്യമ പ്രവര്‍ത്തകരും ഇന്നലെ അവിടെ തങ്ങുകയായിരുന്നു. ഇക്കാര്യത്തില്‍ പൊലീസും മാദ്ധ്യമപ്രവര്‍ത്തകര്‍ക്ക് ജാഗ്രാതാ നിര്‍ദ്ദേശം നല്‍കിയിരുന്നു. ആറോളം മാദ്ധ്യമപ്രവര്‍ത്തകര്‍ക്ക് നേരെയാണ് ഇന്നലെ ആക്രമണം ഉണ്ടായത്. ദേശീയ മാദ്ധ്യമപ്രവര്‍ത്തകരെ പമ്ബയില്‍ നിന്ന് നിലയ്ക്കല്‍ വരെ പൊലീസ് സംരക്ഷണയിലാണ് കടത്തിവിട്ടത്.

വിവാദം, വിശദീകരണം

അതേസമയം, പതിനെട്ടാം പടിയില്‍ കയറിയതിനെക്കുറിച്ച്‌ വത്സന്‍ തില്ലങ്കേരി വിശദീകരിച്ചിട്ടുണ്ട്. ഇരുമുടിക്കെട്ടുമായി പതിനെട്ടാം പടി കയറി ദര്‍ശനം നടത്തുമ്ബോഴാണ് പുറത്ത് ബഹളം കേട്ടത്. രണ്ടുപടി ഇറങ്ങി എല്ലാവരും പിരിഞ്ഞ് പോകണമെന്ന് പറഞ്ഞു. അതിനിടെ തോളില്‍ കിടന്ന ഇരുമുടിക്കെട്ട് താഴെ വീണു.
ഒപ്പമുണ്ടായിരുന്ന രാജേഷ് അതെടുത്തുവെന്നുമാണ് വത്സന്‍ തില്ലങ്കേരിയുടെ വിശദീകരണം.
വത്സന്‍ തില്ലങ്കേരി മാത്രമല്ല, ദേവസ്വം ബോര്‍ഡ് അംഗം കെ.പി. ശങ്കരദാസും ഇരുമുടിക്കെട്ടില്ലാതെ പതിനെട്ടാം പടി കയറിയത് വിവാദത്തിന് ഇടയാക്കിയിരുന്നു. എന്നാല്‍, മേല്‍ശാന്തിയോടൊപ്പം ഇരുമുടിക്കെട്ടില്ലാതെ പതിനെട്ടാംപടി ഇറങ്ങുകയും കയറുകയും ചെയ്തത് ആചാരത്തിന്റെ ഭാഗമാണെന്നായിരുന്നു ശങ്കരദാസിന്റെ വിശദീകരണം.

Leave a Reply

Your email address will not be published. Required fields are marked *