പിണറായി വിജയന്‍ അപ്പനില്ലാത്ത വര്‍ത്തമാനം പറയരുത്: ആഞ്ഞടിച്ച്‌ കെ.സുധാകരന്‍

തിരുവനന്തപുരം: താന്‍ ബി.ജെ.പിയിലേക്ക് പോകാനൊരുങ്ങുകയാണെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ ആരോപണത്തിന് ശക്തമായ മറുപടിയുമായി കെ.പി.സി.സി വര്‍ക്കിംഗ് പ്രസിഡന്റ് കെ.സുധാകരന്‍ രംഗത്തെത്തി. മുഖ്യമന്ത്രി അപ്പനില്ലാത്ത വര്‍ത്തമാനം പറയരുതെന്നായിരുന്നു അദ്ദേഹത്തിന്റെ രൂക്ഷപ്രതികരണം. എന്നാല്‍ തന്നെ ബി.ജെ.പിയിലേക്ക് ക്ഷണിക്കാന്‍ ആര്‍.എസ്.എസ് നേതാക്കള്‍ വന്ന് കണ്ടിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. കഴിഞ്ഞ ദിവസം കോഴിക്കോട് നടന്ന രാഷ്ട്രീയ വിശദീകരണ യോഗത്തിലാണ് കണ്ണൂരിലെ ഒരു പ്രമുഖ കോണ്‍ഗ്രസ് നേതാവ് ബി.ജെ.പിയിലേക്ക് പോകാന്‍ തയ്യാറായി നില്‍ക്കുകയാണെന്ന ആരോപണം മുഖ്യമന്ത്രി ഉന്നയിച്ചത്.

ബി.ജെ.പിയിലേക്ക് തന്നെ ക്ഷണിക്കാനായി ആര്‍.എസ്.എസ് നേതാക്കള്‍ തന്നെ വന്ന് കണ്ടിരുന്നു. ബി.ജെ.പിയില്‍ ചേരാനുള്ള ഒരു ചിന്ത പോലും തനിക്കില്ല. രാഷ്ട്രീയ പ്രവര്‍ത്തനം നിറുത്തിയാലും കോണ്‍ഗ്രസില്‍ നിന്നും വേറൊരിടത്തും പോകില്ലെന്നും കെ.സുധാകരന്‍ കണ്ണൂരില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി. ശബരിമല വിഷയത്തില്‍ മുഖ്യമന്ത്രി ആഭാസത്തരം വിളിച്ചു പറയുകയാണ്. അമ്ബലം പൊളിച്ച്‌ വോട്ടുണ്ടാക്കാനാണ് സി.പി.എം ശ്രമിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.

അതേസമയം, ശബരിമല വിഷയത്തില്‍ ആര്‍.എസ്.എസും ബി.ജെ.പിയും കാപട്യം കാണിക്കുകയാണെന്നും സുധാകരന്‍ ആരോപിച്ചു. സുപ്രീം കോടതി വിധിക്കെതിരെ നിയമനിര്‍മാണം നടത്താന്‍ അവസരമുണ്ടായിരിക്കെ അങ്ങനെ പറ്റില്ലെന്നാണ് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍ പി.എസ്.ശ്രീധരന്‍പിള്ള പറയുന്നത്. ശ്രീധരന്‍പിള്ളയെപ്പോലെയുള്ള വലിയ മനുഷ്യര്‍ ഇങ്ങനെ നുണ പറയരുതെന്നും, ബി.ജെ.പി നിയമനിര്‍മാണം നടത്താന്‍ ശ്രമിച്ചില്ലെന്നും കെ.സുധാകരന്‍ പറഞ്ഞു. ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് കേസ് നല്‍കിയവരെല്ലാം ആര്‍.എസ്.എസ് ബന്ധമുള്ളവരാണെന്നും അദ്ദേഹം ആരോപിച്ചു,.

Leave a Reply

Your email address will not be published. Required fields are marked *