തിരുവനന്തപുരം: സ്വാതന്ത്ര്യസമരം എന്നു കേള്‍ക്കുന്നത് ആര്‍എസ്എസിന് അലര്‍ജിയാണെന്നു മുഖ്യമന്ത്രി പിണറായി വിജയന്. സംഘപരിവാര്‍ ഗ്രൂപ്പുകളുടെ പ്രതിഷേധത്തെ തുടര്‍ന്നു തിരൂര്‍ റെയില്‍വെ സ്റ്റേഷനില്‍നിന്നു വാഗണ്‍ ട്രാജഡി ചിത്രീകരിക്കുന്ന ചുമര് ചിത്രം നീക്കിയ പശ്ചാത്തലത്തിലാണു മുഖ്യമന്ത്രിയുടെ വിമര്‍ശനം. സംഘപരിവാറിന്റെ താല്പര്യത്തിനു വഴങ്ങി റെയില്‍വേ വാഗണ്‍ ട്രാജഡി ചിത്രം മാറ്റാന്‍ തീരുമാനിച്ചതു ദേശവിരുദ്ധ നടപടിയാണെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.
കേന്ദ്രത്തിലെയും സംസ്ഥാനങ്ങളിലെയും ഭരണാധികാരം ഉപയോഗിച്ച് ഇന്ത്യയുടെ ചരിത്രം വികൃതമായി മാറ്റിയെഴുതാന്‍ ആര്‍എസ്എസ് ശ്രമിക്കുന്നു. സ്വാതന്ത്ര്യസമരം എന്നു കേള്‍ക്കുന്നതു തന്നെ ഇക്കൂട്ടര്‍ക്ക് അലര്‍ജിയാണ്. സ്വാതന്ത്ര്യ സമരത്തില്‍ ആര്‍എസ്എസിന് ഒരു പങ്കുമില്ലെന്നതു ചരിത്ര സത്യമാണ്. സന്ദര്‍ഭം കിട്ടിയപ്പോഴെല്ലാം ബ്രിട്ടീഷുകാര്‍ക്കു വേണ്ടി വിടുവേല ചെയ്ത പാരന്പര്യമാണ് ഇക്കൂട്ടര്‍ക്കുള്ളത്. ഇത്തരം ആളുകള്‍ ദേശീയ സ്വാതന്ത്ര്യസമരചരിത്രത്തിലെ സുവര്‍ണ ഏടുകള്‍ ഓര്‍ക്കാന്‍ തന്നെ ഭയപ്പെടുന്നതില്‍ അത്ഭുതമില്ല. എന്നാല്‍ ഇന്ത്യന്‍ റെയില്‍വെ പോലുളള ഒരു പൊതുസ്ഥാപനം സംഘപരിവാറിന്റെ താല്പര്യത്തിനു വഴങ്ങി വാഗണ്‍ ട്രാജഡി ചിത്രം മാറ്റാന്‍ തീരുമാനിച്ചതു ദേശവിരുദ്ധ നടപടിയായിട്ടേ കാണാന്‍ കഴിയൂ- പിണറായി പറഞ്ഞു.
ഇന്ത്യന്‍ സ്വാതന്ത്ര്യ സമരചരിത്രത്തിലെ പ്രധാന ഏടായ വാഗണ്‍ ട്രാജഡി ചിത്രീകരിക്കുന്ന ചുമര് ചിത്രം തിരൂര്‍ റെയില്‍വെ സ്റ്റേഷനില്‍നിന്നു നീക്കിയ നടപടി അത്യന്തം ഹീനമാണെന്നും സ്വാതന്ത്ര്യസമരചരിത്രത്തെ അവഹേളിക്കലാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ഈ നടപടി തിരുത്തണമെന്നു റെയില്‍വെയോട് ആവശ്യപ്പെട്ടതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
