സ്ത്രീകളെ പ്രവേശിപ്പിക്കാത്തത് കാപട്യവും ഇരട്ട നിലപാടുമെന്ന് ശബരിമല ഉപദേശകസമിതി ചെയര്‍മാന്‍

സുപ്രീം കോടതി വിധിയുണ്ടായിട്ടും ശബരിമലയില്‍ സ്ത്രീകളെ പ്രവേശിപ്പിക്കാത്തത് കാപട്യവും ഇരട്ടനിലപാടുമാണെന്ന് ശബരിമല ഉപദേശകസമിതി ചെയര്‍മാന്‍ ടി.കെ.എ നായര്‍. ശബരിമല തീര്‍ത്ഥാടനത്തില്‍ 41 ദിവസത്തെ ബ്രഹ്മചര്യമുള്‍പ്പെടെയുള്ള വ്രതം അനുഷ്‌ഠിക്കുന്നത് വിരളമായിരിക്കെ ആര്‍ത്തവ പ്രായത്തിലുള്ള സ്ത്രീകളെ മാത്രം വിലക്കുന്നത് ലിംഗവിവേചനം തന്നെയാണെന്ന് മുന്‍പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിന്റെ ഉപദേശകന്‍ കൂടിയായ ടി.കെ.എ നായര്‍ പറയുന്നു. കേരളകൗമുദിയുടെ എഡിറ്റോറിയല്‍ പേജില്‍ എഴുതിയ പ്രത്യേക അഭിമുഖത്തിലാണ് നായര്‍ ഇക്കാര്യം വ്യക്തമാക്കുന്നത്.

ശബരിമല വിഷയത്തില്‍ കേന്ദ്രസര്‍ക്കാര്‍ സമീപനത്തെയും ടി.കെ.എ നായര്‍ വിമര്‍ശിക്കുന്നുണ്ട്.2019 ലെ പാര്‍ലമെന്റ് തിരഞ്ഞെടുപ്പുവരെ പ്രശ്‌നം സജീവമായി നില്‍ക്കണമെന്ന് കേന്ദ്രസര്‍ക്കാരിന് തോന്നുന്നുണ്ടാകാം. എല്‍.ഡി.എഫ് നയിക്കുന്ന കേരള സംസ്ഥാന സര്‍ക്കാരിന്റെ പ്രളയാനന്തര നടപടികളെയും വികസന പ്രവര്‍ത്തനങ്ങളെയും ശബരിമല പ്രശ്‌നം പ്രതികൂലമായി ബാധിക്കട്ടെ എന്ന കേന്ദ്രത്തിന്റെചിന്തയും ഇതിന് പിന്നിലുണ്ടെന്ന് നായര്‍ വിമര്‍ശിക്കുന്നു.

ലേഖനത്തിന്റെ പൂര്‍ണരൂപം-

‘ശബരിമലയില്‍ ആര്‍ത്തവപ്രായത്തിലുള്ള സ്ത്രീകള്‍ പ്രവേശിക്കുന്നത് നിരോധിക്കുന്ന 1991 ലെ കേരള ഹൈക്കോടതിവിധി റദ്ദാക്കിയ സുപ്രീംകോടതി തീരുമാനം പ്രതീക്ഷിച്ചതുപോലെതന്നെ, കേരള സമൂഹത്തില്‍ കടുത്ത പ്രതികരണങ്ങളുണ്ടാക്കി. വിവിധ ബാനറുകള്‍ക്ക് കീഴില്‍ അണിനിരന്ന സ്ത്രീകളും സ്ത്രീസംഘടനകളും വിധിക്കെതിരെ ശബ്ദമുയര്‍ത്തി. കുറച്ചുദിവസങ്ങളായി നടക്കുന്ന പ്രതിഷേധങ്ങളുടെ ഭാവവും രീതിയും ദുഃഖകരമാംവിധം സമാധാനഭഞ്ജനത്തിലേക്കുപോയി. അത് സംസ്ഥാനത്തിന്റെ ചില ഭാഗങ്ങളിലെ സ്വൈരജീവിതത്തെ പ്രതികൂലമായി ബാധിക്കുകയും നിരവധി ക്രിമിനല്‍ കേസുകള്‍ക്ക് കാരണമാവുകയും ചെയ്തു.

വിധിപ്രസ്താവം വന്നയുടനെ അതിനെ സ്വാഗതം ചെയ്ത കേന്ദ്രമന്ത്രിമാരും ബി.ജെ.പിയും ആര്‍.എസ്.എസും ക്രമേണ നിലപാട് മാറ്റി. ഇപ്പോള്‍ അവര്‍ വിധിയെ രൂക്ഷമായി എതിര്‍ക്കുന്നു. സംസ്ഥാന സര്‍ക്കാരും ഇടതുപക്ഷ ജനാധിപത്യ മുന്നണിയും വിധിയെ തുടക്കം മുതലേ സ്വാഗതം ചെയ്‌തെന്നുമാത്രമല്ല, കടുത്ത എതിര്‍പ്പുകള്‍ക്കിടയ്ക്കും അത് നടപ്പാക്കുന്നതിന് പൂര്‍ണ പ്രതിബദ്ധത പ്രഖ്യാപിച്ചു മുന്നോട്ടുപോവുകയാണ്.

തുടക്കത്തില്‍ സന്ദിഗ്ദ്ധസമീപനമാണ് എന്നു തോന്നിച്ചിരുന്ന യു.ഡി.എഫ് ഇപ്പോള്‍ പരമ്ബരാഗത വിലക്ക് നിലനിറുത്തി സുപ്രീംകോടതി വിധിക്കുമുമ്ബുള്ള സ്ഥിതി തിരിച്ചുകൊണ്ടുവരണം എന്ന് പ്രഖ്യാപിച്ച്‌ പ്രചാരണങ്ങള്‍ നടത്തുന്നു. അതേസമയം കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ വ്യക്തിപരമായി സുപ്രീംകോടതി വിധിയെ പരസ്യമായി അനുകൂലിക്കുന്ന വിരോധാഭാസം!

എന്‍.ഡി.എ പ്രത്യേകിച്ച്‌ ബി.ജെ.പി ഏത് വിധേനയും സുപ്രീംകോടതി വിധി നടപ്പാക്കുന്നത് തടയുന്നതിനുള്ള പ്രത്യക്ഷവും പരോക്ഷവുമായ തന്ത്രങ്ങളും ശ്രമങ്ങളുമായി മുന്നോട്ടുപോകുന്നു. മുതിര്‍ന്ന കേന്ദ്രമന്ത്രിമാരുടെയും ബി.ജെ.പി കേന്ദ്ര നേതൃത്വത്തിന്റെയും പ്രസ്താവനകളും സംസ്ഥാന ഘടകത്തിനും കരുത്ത് പകരുകയുമാണ്.

അതേസമയം, സുപ്രീംകോടതി വിധിയെ മറികടക്കാന്‍ കേന്ദ്ര നിയമമോ ഓര്‍ഡിനന്‍സോ വേണമെന്ന ആവശ്യത്തോട് കേന്ദ്ര സര്‍ക്കാര്‍ മൗനത്തിലോ നിസ്സഹകരണത്തിലോ ആണ്. അതിന്റെ കാരണങ്ങള്‍ എന്തുതന്നെയായാലും അങ്ങനെയൊരു നീക്കത്തിന്റെ ഫലപ്രാപ്തിയെക്കുറിച്ച്‌ കേന്ദ്ര സര്‍ക്കാരിന് സംശയമുണ്ടാകാം. 2019 ലെ പാര്‍ലമെന്റ് തിരഞ്ഞെടുപ്പുവരെ പ്രശ്‌നം സജീവമായി നില്‍ക്കണമെന്ന് കേന്ദ്രസര്‍ക്കാരിന് തോന്നുന്നുണ്ടാകാം. എല്‍.ഡി.എഫ് നയിക്കുന്ന കേരള സംസ്ഥാന സര്‍ക്കാരിന്റെ പ്രളയാനന്തര നടപടികളെയും വികസന പ്രവര്‍ത്തനങ്ങളെയും ശബരിമല പ്രശ്‌നം പ്രതികൂലമായി ബാധിക്കട്ടെ എന്ന് കരുതുന്നുണ്ടാകാം. ഒരുവശത്ത് രാഷ്ട്രീയ സാഹസങ്ങളും മറുവശത്ത് ഭരണഘടനാധാര്‍മ്മികതയും ചെലുത്തുന്ന സമ്മര്‍ദ്ദത്തിന്റെ ഫലവുമാകാം. ഏതായാലും ശബരിമല വിധി ദേശീയ രാഷ്ട്രീയഘടനയ്ക്കുമേല്‍ ചെലുത്തുന്ന പ്രത്യാഘാതങ്ങളെ ഗൗരവമായി കൈകാര്യം ചെയ്യുന്നതില്‍ കേന്ദ്ര സര്‍ക്കാര്‍ കാണിക്കുന്ന ഉദാസീനത തികച്ചും അക്ഷന്തവ്യമാണ്.

മറ്റൊരു തലത്തില്‍, സുപ്രീംകോടതിവിധിയും അതിന്റെ കേരളത്തിലെ പ്രത്യാഘാതങ്ങളും നിയമങ്ങളും വിശ്വാസവും തമ്മിലുള്ള സംഘര്‍ഷത്തിന് അടിവരയിടുകയാണ്. വിശ്വാസത്തില്‍ യുക്തിയൊന്നുമില്ലെന്നും അത് മനുഷ്യനിര്‍മ്മിത നിയമങ്ങള്‍ക്കപ്പുറത്താണെന്നുമുള്ള പുരാതനവും ആവര്‍ത്തിക്കപ്പെടുന്നതുമായ കാഴ്ചപ്പാട് പ്രതിധ്വനിപ്പിച്ചുകൊണ്ട്, ശബരിമല ക്ഷേത്രത്തില്‍ എല്ലാ പ്രായത്തിലുമുള്ള സ്ത്രീകള്‍ക്കുംപ്രവേശനം നല്‍കുന്നതിനെ എതിര്‍ക്കുന്നവര്‍ സത്യത്തില്‍ നമ്മുടെ ഭരണഘടനയില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്ന രാജ്യത്തിന്റെ മൗലികാവകാശങ്ങള്‍ക്ക് മേലേ വിശ്വാസാധിഷ്ഠിതമായ ആചാരങ്ങളെയും പാരമ്ബര്യത്തെയും പ്രതിഷ്ഠിക്കുകയാണ് ചെയ്യുന്നത്. അവര്‍ ജസ്റ്റിസ് ഇന്ദുമല്‍ഹോത്രയുടെ വിയോജന വിധിയില്‍ തങ്ങളുടെ വാദങ്ങള്‍ക്ക് പിന്‍ബലം കണ്ടെത്തുന്നു. കോടതിയുടെ ഭൂരിപക്ഷവിധി ഒരു മതത്തിനുമേല്‍ അടിച്ചേല്പിക്കുന്നത് വിശ്വാസപ്രമാണത്തിനും വിശ്വാസങ്ങള്‍ക്കും അനുസരിച്ച്‌ മതം പിന്തുടരാനുള്ള അവകാശത്തിനുമേലുള്ള കടന്നുകയറ്റമാകുമെന്ന് അവര്‍ പറഞ്ഞിരുന്നു. ശബരിമല തീര്‍ത്ഥാടകരുടെ പദവി ഒരു സവിശേഷ ആരാധനാ സമൂഹത്തിന്റേതാണെന്ന് വസ്തുതകള്‍ അറിയാതെ അവര്‍ വ്യാഖ്യാനിച്ചു. അതേസമയം , വ്യക്തിനിയമങ്ങള്‍, മതപരമായ ചടങ്ങുകള്‍, രീതികള്‍, വിശ്വാസങ്ങള്‍ എന്നിവ മൗലികാവകാശങ്ങളുടെ പരിധിക്ക് പുറത്താണെന്ന ധാരണ ഭൂരിപക്ഷവിധി സംശയാതീതമായി നിരാകരിച്ചു. മതപരമായ ചടങ്ങുകള്‍ക്കും ആചാരങ്ങള്‍ക്കും പാരമ്ബര്യങ്ങള്‍ക്കും ഉപരിയായി അവ എത്രതന്നെ പുരാതനമാണെങ്കിലും ഭരണഘടനാ ധാര്‍മ്മികതയുടെ പ്രാമാണ്യം ഉറപ്പിക്കുകയാണ് പരമോന്നത കോടതിയുടെ ശബരിമല വിധി.

കേരളത്തെ സ്വാമി വിവേകാനന്ദന്‍ ഒരിക്കല്‍ ഭ്രാന്താലയമെന്ന് വിശേഷിപ്പിച്ചു. ആ കേരളം ഇപ്പോള്‍ താരതമ്യമില്ലാത്ത സാമൂഹിക സാമ്ബത്തിക വികാസം നേടി. ഇന്ത്യയുടെ മാത്രമല്ല, ലോകത്തിന്റെ തന്നെ അസൂയയ്ക്ക് പാത്രമായി കേരളത്തില്‍ ശ്രീനാരായണഗുരു, ചട്ടമ്ബി സ്വാമികള്‍ എന്നിവരെപ്പോലുള്ള ഹിന്ദുമത ആദ്ധ്യാത്മിക പ്രതീകങ്ങളും മന്നത്തു പത്മനാഭന്‍, അയ്യങ്കാളി തുടങ്ങിയ സാമൂഹിക പരിഷ്‌കര്‍ത്താക്കളും മറ്റ് സാമൂഹിക പ്രവര്‍ത്തകരും നവോത്ഥാന പ്രസ്ഥാനത്തില്‍ കൈകോര്‍ത്തു. ആ പ്രസ്ഥാനമാണ് കാലങ്ങളായി നിലനിന്ന പ്രാചീന അനാചാരങ്ങളും മനുഷ്യത്വവിരുദ്ധമായ സമ്ബ്രദായങ്ങളും തകര്‍ത്ത് മനുഷ്യന്റെ അന്തസ് ഉയര്‍ത്തിപ്പിടിക്കുകയും മാനവികമൂല്യങ്ങള്‍ പങ്കുവയ്ക്കുകയും ചെയ്തത്. അവരും യാഥാസ്ഥിതികത്വത്തില്‍ നിന്ന് രൂക്ഷമായ എതിര്‍പ്പ് നേരിട്ടു. പക്ഷേ, കാലത്തിന്റെ അപ്രതിരോധ്യമായ പ്രയാണത്തില്‍ അവരുടെ പ്രസ്ഥാനത്തിന്റെ അന്തഃസത്ത നമ്മുടെ നിയമഭരണ ചട്ടക്കൂടുകളും ഒരു വലിയ പരിധിവരെ സമൂഹവും പൂര്‍ണമായും ഉള്‍ക്കൊണ്ടു. രാഷ്ട്രീയ സാമ്ബത്തിക പരിവര്‍ത്തനത്തിലേക്ക് വഴിതുറക്കുന്ന സാമൂഹിക വിമോചനത്തിന്റേതായ ഈ പ്രക്രിയയുടെ സജീവസാക്ഷ്യമാണ് പഴയ തിരുവിതാംകൂറിന്റെ മഹാരാജാവ് ശ്രീ ചിത്തിര തിരുനാളിന്റെ ചരിത്രം കുറിച്ച കേരളമിപ്പോള്‍ അഭിമാനപൂര്‍വം ആഘോഷിക്കുന്ന ക്ഷേത്രപ്രവേശന വിളംബരം. പഴയകാലത്തെ ‘തീണ്ടല്‍ക്കാര്‍ ‘ ഇന്ന് ക്ഷേത്രപൂജാരികളാണ്. സ്ത്രീകളെ ഭൂമിയിലെ ശപിക്കപ്പെട്ടവരാക്കി മാറ്റിയ തൊട്ടുകൂടായ്മയടക്കമുള്ള ഒട്ടേറെ വിലക്കുകളും ആചാരങ്ങളും വിവേകികളായ സാമൂഹിക പ്രവര്‍ത്തകരും എഴുത്തുകാരും രാഷ്ട്രീയ നേതാക്കളും ഉയര്‍ത്തിയ സമ്മര്‍ദ്ദത്തില്‍ നിരോധിക്കപ്പെടുകയോ ഉപേക്ഷിക്കപ്പെടുകയോ ചെയ്തു.കേരളത്തെ സമ്ബന്നമാക്കുന്നതില്‍ മനുഷ്യ പ്രയത്‌നത്തിന്റെ വിവിധ മണ്ഡലങ്ങളില്‍ സ്ത്രീകള്‍ നല്‍കിയ സംഭാവനകള്‍ ഇന്ന് പരക്കെ തിരിച്ചറിയപ്പെടുന്നു. ഈ പശ്ചാത്തലത്തില്‍ നോക്കിയാല്‍, ശബരിമല സ്ത്രീപ്രവേശനപ്രശ്‌നം, വിദ്യാസമ്ബന്നരായ ഒട്ടേറെ വനിതകളുടെ സജീവ ഇടപെടലിനു ശേഷവും ഒരു സാമൂഹികമനഃശാസ്ത്ര സമസ്യയായി നിലനില്‍ക്കുന്നതായി തോന്നുന്നു. പ്രകൃതിദത്തമായ ആര്‍ത്തവത്തെ കളങ്കവും അശുദ്ധവുമായി കാണുന്ന മനോഭാവത്തില്‍ മാറ്റം വരേണ്ട കാലം വൈകിയിരിക്കുന്നു.

ശബരിമല തീര്‍ത്ഥാടനത്തില്‍ 41 ദിവസത്തെ ബ്രഹ്മചര്യമുള്‍പ്പെടെയുള്ള വ്രതം അനുഷ്ഠിക്കുന്നതു വിരളമായിരിക്കെ ആര്‍ത്തവ പ്രായത്തിലുള്ള സ്ത്രീകളെ മാത്രം വിലക്കുന്നത് ലിംഗവിവേചനം തന്നെയാണ്. കാപട്യവും ഇരട്ടനിലപാടുമാണ്. ശബരിമലവിധി കേരളത്തിന്റെ നിയമഗ്രന്ഥാവലിയിലെ പുരുഷാധിപത്യത്തിന്റെ അവസാനത്തെ ഇടം മായ്ക്കുന്നു. ഇന്ത്യയിലെ സ്ത്രീകളുടെ വിമോചന പ്രക്രിയയ്ക്ക് ഭരണഘടനാപരമായ മറ്റൊരു പിന്തുണകൂടി നല്‍കുന്നു.

വിശ്വാസികളുടെ സംരക്ഷകരുടെ ആത്യന്തികലക്ഷ്യം നിര്‍ലജ്ജമായ രാഷ്ട്രീയ നേട്ടമാണ് എന്നു തെളിഞ്ഞുകഴിഞ്ഞു. എല്ലാ സ്ത്രീകളുടെയും ആരാധനാ സ്വാതന്ത്ര്യത്തിന് അനുയോജ്യമാംവിധം ക്രമസമാധാനം പാലിക്കേണ്ടത് സംസ്ഥാന സര്‍ക്കാരിന്റെ ഭരണഘടനയാല്‍ ചുമതലപ്പെടുത്തപ്പെട്ട ഉത്തരവാദിത്വമാണ് . മണ്ഡലമകരവിളക്ക് കാലത്ത് ശ്രമകരമായ തീര്‍ത്ഥാടനം. വിശേഷിച്ച്‌ പമ്ബാ നദിയിലെ മഹാപ്രളയത്തിനുശേഷമുള്ള സാഹചര്യത്തില്‍, സുഗമമായി നടത്തേണ്ടത് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ നിയമപരമായ കടമയാണ്. അതേസമയം സുപ്രീംകോടതി വിധി, വിശ്വാസത്തിന്റെ പേരില്‍ നേരിട്ടോ മറ്റേതെങ്കിലും വിധത്തിലോ അട്ടിമറിക്കപ്പെടാതിരിക്കാന്‍ രാജ്യത്തെ ഭരണഘടനാപരമായ ധാര്‍മ്മികതയുടെ സൂക്ഷിപ്പുകാര്‍ എന്ന നിലയില്‍ കേന്ദ്ര സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധവുമാണ്.

അയ്യപ്പഭക്തര്‍ മാത്രമല്ല, കേരള ജനത മാത്രമല്ല, ഇന്ത്യയാകെത്തന്നെയും ശബരിമല തീര്‍ത്ഥാടനം നിയമാനുസൃതം നടക്കുമെന്നും ഭക്തജനങ്ങള്‍ക്ക് സമാധാനപരമായി ശബരിമല സന്നിധിയില്‍ പ്രാര്‍ത്ഥന നടത്താന്‍ സാധിക്കുമെന്നും പ്രത്യാശിക്കുന്നു. കേന്ദ്രസംസ്ഥാന സര്‍ക്കാരുകളും ദേവസ്വം ബോര്‍ഡും സഹകരണാത്മക സംഘരാജ്യതത്വത്തിന്റെ അന്തസ്സത്ത ഉള്‍ക്കൊണ്ട് പരസ്പര ധാരണയോടെ അവരവരുടേതായ ഉത്തരവാദിത്വങ്ങള്‍ നിറവേറ്റാന്‍ ഭരണഘടനാ ബാധ്യസ്ഥമാണ്. വിശ്വാസത്തിന്റെയും വിശ്വാസികളുടെയും കാവല്‍ ഭടന്മാരും ഈ പ്രക്രിയയില്‍ പങ്കുചേരാന്‍ ധര്‍മ്മനീതി നിര്‍ബന്ധരാണ്’.

Leave a Reply

Your email address will not be published. Required fields are marked *