അണ്ണാമലയിലെ പി.ജി.ഡി.ബി.എ കേരളത്തില്‍ അംഗീകരിച്ചിട്ടില്ല, കെ.ടി.ജലീലിന്റെ വാദങ്ങള്‍ പൊളിയുന്നു

തിരുവനന്തപുരം: ന്യൂനപക്ഷ ധനകാര്യ കോര്‍പറേഷനില്‍ ജനറല്‍ മാനേജര്‍ തസ്‌തികയില്‍ തന്റെ ബന്ധു അദീപിന് വിദ്യാഭ്യാസ യോഗ്യതയുടെ അടിസ്ഥാനത്തിലാണ് നിയമനം നല്‍കിയതെന്ന മന്ത്രി കെ.ടി.ജലീലിന്റെ വാദം പൊളിയുന്നു. അദീപിന്റെ പി.ജി.ഡി.ബി.എ കേരളത്തിലെ ഒരു സര്‍വകലാശാലയും അംഗീകരിച്ചിട്ടില്ലെന്ന വിവരം പുറത്തായതോടെയാണ് മന്ത്രിയുടെ വാദം പൊളി‌ഞ്ഞത്. അണ്ണാമലയില്‍ നിന്നും നേടിയ പി.ജി.ഡി.ബി.എ കാലിക്കറ്റ് സര്‍വകലാശാലയുടെ അംഗീകാരമുണ്ടെന്നായിരുന്നു മന്ത്രിയുടെ നിലപാട്. എം.ബി.എ യോഗ്യത വേണ്ട പോസ്‌റ്റിന് ബി.ടെക്കും പി.ജി.ഡി.ബി.എയും മതിയെന്നും മന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ അവകാശപ്പെട്ടിരുന്നു.

അതേസമയം, വിവാദത്തില്‍ മന്ത്രി ജലീലിനെ പിന്തുണച്ച്‌ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണന്‍ രംഗത്തെത്തി. ബന്ധുനിയമന വിവാദത്തില്‍ പെട്ട മന്ത്രി കെ.ടി.ജലീലിനെതിരെ നടക്കുന്നത് മുസ്‌ലിം ലീഗിന്റെ രാഷ്ട്രീയ പ്രതികാരമാണെന്നും അദ്ദേഹം ആരോപിച്ചു. ബി.ജെ.പിയെപ്പോലെ വര്‍ഗീയ പ്രചാരണം നടത്തുന്ന പാര്‍ട്ടിയാണ് മുസ്‌ലിം ലീഗെന്ന് കോടതിയും പറഞ്ഞിരിക്കുകയാണ്. തിരഞ്ഞെടുപ്പിലെ വര്‍ഗീയ പ്രചാരണങ്ങള്‍ മുസ്‌ലിം ലീഗ് എത്രയും പെട്ടെന്ന് അവസാനിപ്പിക്കണം.ജനങ്ങള്‍ക്കിടയില്‍, പ്രത്യേകിച്ചും മുസ്‌ലിം സമുദായത്തില്‍ ജലീലിനുള്ള സ്വാധീനമാണ് അദ്ദേഹത്തിനെതിരെ മുസ‌്ലിം ലീഗ് തിരിയാന്‍ കാരണം. ജലീല്‍ കുറ്റം ചെയ്‌തുവെന്ന് പാര്‍ട്ടി കരുതുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *