ആദ്യ ജയം വന്നു!! ഹൃദയം കവര്‍ന്ന അറ്റാക്കിങ്ങ് പ്രകടനത്തില്‍ ഗോകുലം ഷില്ലോങ്ങിനെ വീഴ്ത്തി

ഗോകുലത്തിന് അവസാനം അവര്‍ ആഗ്രഹിച്ച ആരാധകര്‍ അര്‍ഹിച്ച ആദ്യ ജയം വന്നു. ഇന്ന് കോഴിക്കോടില്‍ ഷില്ലോങ്ങ് ലജോങ്ങിനെ ഏകപക്ഷീയമായി പരാജയപ്പെടുത്തി കൊണ്ടാണ് ഗോകുലം ആദ്യ ജയം സ്വന്തമാക്കിയത്. ഒന്നിനെതിരെ മൂന്നു ഗോളുകള്‍ക്കായിരുന്നു ഗോകുലം കേരള എഫ് സിയുടെ വിജയം. ഗനി നിഗം എന്ന യുവ മലയാളി താരത്തിന്റെ മിന്നും പ്രകടനമാണ് കളി കേരളത്തിന് സ്വന്തമാക്കി കൊടുത്തത്.

രാജേഷ്, സുഹൈര്‍, അന്റോണിയോ ജര്‍മ്മന്‍, ഗനി നിഗം ഈ നാലു താരങ്ങളുടെ അറ്റാക്കിങ് മൂവുകളാല്‍ ഫുട്ബോള്‍ ആരാധകരുടെ ഹൃദയം നിറഞ്ഞ മത്സരമായിരുന്നു ഇന്ന്. ഇവരെ നാലു പേരെയും തടയാന്‍ ലജോങ്ങിന്റെ ഇന്ത്യന്‍ നിര നന്നേ കഷ്പ്പെട്ടു. ആദ്യ ഗോള്‍ വരാന്‍ 43ആം മിനുട്ട് വരെ കാത്തിരിക്കേണ്ടി വന്നത് ഗോകുലത്തിന്റെ നിര്‍ഭാഗ്യം കൊണ്ടു മാത്രമായിരുന്നു.43ആം മിനുട്ടില്‍ ഗനി ആണ് ഗോകുലത്തിന് ലീഡ് നേടിക്കൊണ്ടുത്തത്. ബോക്സിനകത്ത് നിന്ന് പിറന്ന ഗനിയുടെ ഷോട്ട് മിനേര്‍വ വല തുളച്ച്‌ കയറി.

ഗനിയുടെ ഐലീഗിലെ ആദ്യ ഗോളായിരുന്നു ഇത്. ആ ഗോളിന്റെ ലീഡില്‍ ആദ്യ പകുതി അവസാനിപ്പിച്ച ഗോകുലം രണ്ടാം പകുതിയില്‍ ആക്രമണത്തിന്റെ മൂര്‍ച്ച കൂട്ടി. 57ആം മിനുട്ടില്‍ അന്റോണിയോ ജര്‍മ്മനിലൂടെ ഗോകുലം ലീഡ് ഇരട്ടിയാക്കി. ജര്‍മ്മന്‍ ഇടം കാലന്‍ ഷോട്ട് വലിയൊരു ഡിഫ്ലക്ഷനോടെ വലയില്‍ വീഴുകയായിരുന്നു. ജര്‍മ്മന്റെ ലീഗിലെ രണ്ടാം ഗോളായിരുന്നു ഇത്.

കളിയിലെ ഏറ്റവും മികച്ച ഗോള്‍ പിറന്നത് 67ആം മിനുട്ടില്‍ ആയിരുന്നു. ഇടതുവിങ്ങില്‍ നിന്ന് ഗനി നിഗം കൊടുത്ത ഒരു ഗംഭീര ക്രോസ് പറന്നു കൊണ്ട് രാജേഷ് ഫിനിഷ് ചെയ്തും ഗോകുലം മൂന്ന് ഗോളിന് മുന്നില്‍. മൂന്ന് പോയന്റും സ്വന്തം. 79ആം മിനുട്ടില്‍ ബുവാമിലൂടെ മിനേര്‍വ തങ്ങളുടെ ആശ്വാസ ഗോള്‍ കണ്ടെത്തി.

ഒരു ഗോളും ഒരു അസിസ്റ്റും സ്വന്തമാക്കിയ ഗനി തന്നെയാണ് കളിയിലെ ഹീറോ ഓഫ് ദി മാച് അവാര്‍ഡ് സ്വന്തമാക്കിയതും. ഇന്നത്തെ ജയത്തോടെ ഗോകുലം ലീഗില്‍ നാലാം സ്ഥാനത്തേക്ക് ഉയര്‍ന്നു.

Leave a Reply

Your email address will not be published. Required fields are marked *