വാഹനങ്ങള്‍ക്ക് മാത്രമല്ല തീര്‍ത്ഥാടകരെയും പാസ് നല്‍കിയെ കടത്തി വിടൂ, കൂടുതല്‍ നിയന്ത്രണങ്ങളുമായി പൊലീസ്

പത്തനംതിട്ട: മണ്ഡലം മകരവിളക്ക് മഹോത്സവത്തിന് ശബരിമല നടതുറക്കാന്‍ ദിവസങ്ങള്‍ മാത്രം ശേഷിക്കെ കടുത്ത നിയന്ത്രണങ്ങള്‍ക്ക് ഒരുങ്ങുകയാണ് പൊലീസ്. ഇതിന് മുന്നോടിയായി വാഹനങ്ങള്‍ക്ക് മാത്രമല്ല കാല്‍നടയായി എത്തുന്ന തീര്‍ത്ഥാടകര്‍ക്കും പാസ് നിര്‍ബന്ധമാക്കാനുള്ള അലോചനയിലാണ് പൊലീസ്.

എരുമേലിയില്‍ നിന്ന് കാല്‍നടയായി കാനന പാതയിലൂടെ സന്നിധാനത്തേക്ക് വരുന്ന തീര്‍ഥാടകര്‍ക്കാകും തിരിച്ചറിയല്‍ രേഖ നിര്‍ബന്ധമാക്കുക. മതിയായ രേഖകള്‍ പരിശോധിച്ച ശേഷം പൊലീസ് തയ്യാറാക്കിയ പാസ്‌ നല്‍കും. ഇതുധരിച്ചുവേണം കാനനപാതയിലൂടെ തീര്‍ത്ഥാടകര്‍ സന്നിധാനത്തേക്ക് പോകാന്‍.

തുലാമാസ പൂജയ്‌ക്കും ചിത്തിര ആട്ടവിശേഷത്തിനും അധികം ഭക്തര്‍ കാനനപാതയിലൂടെ എത്തിയിരുന്നില്ലെങ്കിലും മണ്ഡലം മകരവിളക്ക് മഹോത്സവത്തിന് അതായിരിക്കില്ല അവസ്ഥ എന്ന ബോധ്യം പൊലീസിനുണ്ട്. മാത്രമല്ല യുവതീപ്രവേശവുമായി ബന്ധപ്പെട്ട് വന്‍സംഘര്‍ഷ സാധ്യത നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ഇത്തരത്തിലുള്ള കടുത്ത നിയന്ത്രണങ്ങള്‍ അനിവാര്യമാണെന്നും പൊലീസ് കരുതുന്നു.

ഇതിന്റെ അടിസ്ഥാനത്തില്‍ ഡി.ജി.പിയുടെയും ഐ.ജി. മനോജ് എബ്രഹാമിന്റെയും നേതൃത്വത്തില്‍ പുതിയ പദ്ധതിയുടെ രൂപരേഖ തയ്യാറാക്കിയിട്ടുണ്ടെന്നാണ് വിവരം. ഐ.ജി റാങ്കിലുള്ള കൂടുതല്‍ ഉന്നത ഉദ്യോഗസ്ഥര്‍ ഇത്തവണ ശബരിമലയിലുണ്ടാകും. പൊലീസ് സേനയുടെ എണ്ണം ആറായിരത്തിലേറെയാക്കും. ഇതര സംസ്ഥാനത്ത് നിന്നടക്കം കൂടുതല്‍ ആയുധധാരികളായ സംഘത്തെ ശബരിമലയിലെത്തിക്കാനും ആലോചനയുണ്ട്. എന്നാല്‍ നാളത്തെ സുപ്രീം കോടതി വിധിക്ക് ശേഷമാകും ഇതുസംബന്ധിച്ച അന്തിമ തീരുമാനം കൈകൊള്ളുക.

Leave a Reply

Your email address will not be published. Required fields are marked *