ശബരിമലയില്‍ സര്‍ക്കാര്‍ മുടക്കുന്നത് കോടികള്‍, സുരക്ഷാകാര്യങ്ങളില്‍ ഇടപെടുമെന്നും സര്‍ക്കാര്‍

കൊച്ചി: ശബരിമലയിലെ ആചാരാനുഷ്ഠാനങ്ങളില്‍ ഇടപെടില്ലെന്നും എന്നാല്‍ സുഗമമായ തീര്‍ത്ഥാടനം ഉറപ്പ് വരുത്താന്‍ അവിടുത്തെ സുരക്ഷാ കാര്യങ്ങളില്‍ ഇടപെടുമെന്നും സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കി. ഭക്തര്‍ക്ക് സുഗമമായി തീര്‍ത്ഥാടനം നടത്താന്‍ സുരക്ഷയില്‍ ഇടപെടേണ്ടത് അത്യാവശ്യമാണെന്നും സര്‍ക്കാര്‍ ചൂണ്ടിക്കാട്ടി. ടി.ആര്‍ രമേശ് എന്ന വ്യക്തിയാണ് സര്‍ക്കാരിന് ശബരിമല ക്ഷേത്രത്തിന്റെ ദൈന്യംദിന കാര്യങ്ങളില്‍ ഇടപെടാന്‍ അധികാരമില്ലെന്ന് കാട്ടി ഹൈക്കോടതിയെ സമീപിച്ചത്. യു.പി സര്‍ക്കാര്‍ 1999ല്‍ കാശിക്ഷേത്രം ഏറ്റെടുത്തതിനെ സുപ്രീംകോടതി വിലക്കിയത് ചൂണ്ടിക്കാട്ടിയാണ് രമേശിന്റെ ഹര്‍ജി.

ശബരിമലയിലെ മതപരമോ ആചാരപരമോ ആയ കാര്യങ്ങളില്‍ ഒരിക്കലും സര്‍ക്കാര്‍ ഇടപെടില്ല. ഇനി ഇടപെടാന്‍ ഉദ്ദേശിക്കുന്നുമില്ല. സുരക്ഷാ കാര്യങ്ങളില്‍ മാത്രമായിരിക്കും സര്‍ക്കാരിന്റെ ഇടപെടല്‍. സുഗമമായ തീര്‍ത്ഥാടന കാലം ഉറപ്പുവരുത്താനുള്ള ക്രമീകരണങ്ങള്‍ ശബരിമലയില്‍ ഏര്‍പ്പെടുത്തും. ശബരിമലയുടെ ക്ഷേത്രകാര്യങ്ങളില്‍ മുഖ്യമന്ത്രി ഒരു ഘട്ടത്തിലും ഇടപെട്ടിട്ടില്ല. സുരക്ഷാ കാര്യങ്ങളില്‍ മുഖ്യമന്ത്രി നിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്. അത് മുഖ്യമന്ത്രിയുടെ ഉത്തരവാദിത്വമാണ്. ശബരിമലയിലെ സ്ത്രീ പ്രവേശനം സര്‍ക്കാര്‍ പൂര്‍ണമായും അംഗീകരിക്കുന്നു. സ്ത്രീകളുടെ മൗലികാവകാശങ്ങളുമായി ബന്ധപ്പെട്ട സുപ്രീം കോടതി വിധി നടപ്പാക്കാന്‍ സര്‍ക്കാരിന് ഉത്തരവാദിത്വമുണ്ട്. യഥാര്‍ത്ഥ വിശ്വാസികള്‍ക്ക് ക്ഷേത്രത്തില്‍ പ്രവേശിക്കാനുള്ള എല്ലാ ക്രമീകരണങ്ങളും ചെയ്യുമെന്നും സത്യവാങ്മൂലത്തില്‍ സര്‍ക്കാര്‍ വ്യക്തമാക്കി.

ജാതി മതവ്യത്യാസമില്ലാതെ എല്ലാവര്‍ക്കും പ്രവേശനം അനുവദിച്ചിട്ടുള്ള ക്ഷേത്രമാണ് ശബരിമല. അതാണ് ശബരിമലയിലെ പാരമ്ബര്യം. ശബരിമലയില്‍ ഭക്തര്‍ക്ക് ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കുന്നതിന് ദേവസ്വം ബോര്‍ഡിന് കോടിക്കണക്കിന് രൂപ സംസ്ഥാന സര്‍ക്കാര്‍ ഖജനാവില്‍നിന്ന് നല്‍കുന്നുണ്ട്. ഈ പണം ചിലവാക്കുന്നത് സംബന്ധിച്ചുള്ള കാര്യങ്ങള്‍ ഉറപ്പുവരുത്താന്‍ സര്‍ക്കാരിന് ഇടപെടല്‍ നടത്താന്‍ അവകാശമുണ്ടെന്നും സര്‍ക്കാര്‍ കോടതിയില്‍ വ്യക്തമാക്കി. ചിത്തിര ആട്ടവിശേഷത്തിനായി നടതുറന്നപ്പോള്‍ മാദ്ധ്യമങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയതിനെതിരെ സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി തീര്‍പ്പാക്കി. നിലവില്‍ ശബരിമലയില്‍ മാദ്ധ്യമങ്ങള്‍ക്ക് വിലക്കില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി ഹര്‍ജി തീര്‍പ്പാക്കിയത്. മറ്റ് ഹര്‍ജികള്‍ കോടതി അടുത്ത തിങ്കളാഴ്‌ചയിലേക്ക് മാറ്റി.

Leave a Reply

Your email address will not be published. Required fields are marked *