കോഴിക്കോട്: ന്യൂനപക്ഷ ധനകാര്യ കോര്‍പറേഷനില്‍ ബന്ധുവിനെ നിയമിച്ച മന്ത്രി കെ.ടി. ജലീലിന് ആത്മാഭിമാനമുണ്ടെങ്കില്‍ രാജിവച്ച് അന്വേഷണം നേരിടണമെന്ന് യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി പി.കെ. ഫിറോസ്. ജലീലിന്റെ ബന്ധു അദീബ് രാജിവച്ചത് മന്ത്രിയുടെ മുഖം രക്ഷിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ്. തൊണ്ടി മുതല്‍ തിരിച്ചു നല്കിയതുകൊണ്ട് മാത്രം കള്ളന് കുറ്റവിമുക്തനാകില്ലെന്നും മന്ത്രി രാജിവച്ച് അന്വേഷണം നേരിടണമെന്നും ഫിറോസ് വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
600 കോടി വാര്‍ഷിക വരുമാനമുള്ള സ്ഥാപനത്തിലാണ് ബന്ധുവിനെ നിയമിച്ചത്. ഇത്രയും വാര്‍ഷിക വരുമാനമുള്ള സ്ഥാപനത്തിന്റെ വാതിലാണ് ജലീല്‍ ബന്ധുവിന് തുറന്നു കൊടുത്തത്. ഇതിലൂടെ ജലീലാണ് ഒന്നാം പ്രതിയെന്നും ഫിറോസ് പറഞ്ഞു.
ഷെഡ്യൂള്‍ഡ് ബാങ്ക് ഉദ്യോഗസ്ഥനായ അദീബിനെ നിയമിച്ചതില്‍ അപാകതയില്ലെന്ന മന്ത്രിയുടെ വാദം തെറ്റാണ്. ഷെഡ്യൂള്‍ഡ് ബാങ്കുകള്‍ സ്റ്റാറ്റ്യൂട്ടറി പദവി വഹിക്കുന്നില്ലെന്ന് സുപ്രീംകോടതി പരാമര്‍ശം ഉണ്ട്. അദീബിന്റെ വിദ്യാഭ്യാസ യോഗ്യതയില്‍ മാറ്റം വരുത്തിയതും ജലീല്‍ ഇടപെട്ടാണ്. ജലീലിന്റെ വാദങ്ങള്‍ എല്ലാം പച്ചക്കള്ളമാണെന്നും ഫിറോസ് കൂട്ടിച്ചേര്‍ത്തു.
