ശബരിമല: സുപ്രീംകോടതി തീരുമാനം സ്വാഗതാര്‍ഹമെന്ന് ചെന്നിത്തല

തിരുവനന്തപുരം: ശബരിമലയിലെ യുവതീ പ്രവേശനം സംബന്ധിച്ച വിധിയിന്മേലുള്ള പുന:പരിശോധനാ ഹര്‍ജികള്‍ തുറന്ന കോടതിയില്‍ പരിഗണിക്കാനുള്ള സുപ്രീംകോടതിയുടെ തീരുമാനം സ്വാഗതാര്‍ഹമാണെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.

ഈ തീരുമാനത്തിന്റെ വെളിച്ചത്തില്‍ സ്ത്രീ പ്രവേശനം നടപ്പാക്കുമെന്ന പിടിവാശി മണ്ഡലം മകരവിളക്ക് കാലത്ത് സംസ്ഥാനസര്‍ക്കാര്‍ ഉപേക്ഷിക്കണം. വിധി സ്റ്റേ ചെയ്തിട്ടില്ലെന്നതിന്റെ സാങ്കേതികത്വത്തില്‍ സര്‍ക്കാര്‍ കടിച്ചു തൂങ്ങരുത്. ശബരിമലയിലും നാട്ടിലും സംഘര്‍ഷം ഒഴിവാക്കാനുള്ള പക്വമായ തീരുമാനം സര്‍ക്കാര്‍ കൈക്കൊള്ളണം.

സുപ്രീംകോടതി വീണ്ടും വാദം കേള്‍ക്കാനെടുത്ത തീരുമാനം ഭക്തജനങ്ങളുടെ വിജയമാണ്. ഇത് ഭക്തജനങ്ങള്‍ക്ക് പുതിയ പ്രത്യാശ നല്‍കുന്നു. രാഷ്ട്രീയ കക്ഷികളില്‍ കോണ്‍ഗ്രസ് മാത്രമാണ് റിവ്യൂ പെറ്റീഷന്‍ നല്‍കിയത്. കോണ്‍ഗ്രസിന്റെ പ്രയാര്‍ഗോപാലകൃഷ്ണനാണ് ഹര്‍ജി നല്‍കിയത്. ബി.ജെ.പിയും മറ്റും റിവ്യുഹര്‍ജി പോലും നല്‍കാതെ കള്ളക്കളി കളിക്കുകയായിരുന്നു.

സര്‍ക്കാരിനും ദേവസ്വംബോര്‍ഡിനും സുപ്രീംകോടതി നോട്ടീസ് അയച്ചിട്ടുണ്ട്. ഇനിയെങ്കിലും സര്‍ക്കാര്‍ ജനഹിതം മാനിച്ച്‌ വിശ്വാസങ്ങള്‍ കാത്തു സൂക്ഷിക്കുന്നതിനുള്ള നിലപാട് സ്വീകരിക്കണം. പമ്ബയിലും മറ്റും മണ്ഡലകാലത്തിനോടനുബന്ധിച്ച്‌ പൂര്‍ത്തിയാക്കേണ്ട ഒരുക്കങ്ങളൊന്നും നടത്തിയിട്ടില്ല. ഈ അവസ്ഥയില്‍ യുവതികളെക്കൂടി പ്രവേശിപ്പിക്കുമെന്ന് വാശിപിടിച്ച്‌ പ്രശ്നം സങ്കീര്‍ണ്ണമാക്കരുതെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *