ഷാര്‍ജ: തിങ്കളാഴ്ച രാത്രി ഷാര്‍ജയിലെ മൈസലൂണ്‍ മേഖലയില്‍ വില്ലയിലുണ്ടായ തീപിടുത്തത്തില്‍ രണ്ട് പേര്‍ മരണപ്പെട്ടു. ഒരു സ്ത്രീയും, കുട്ടിയുമാണ് തീപിടിത്തത്തെ തുടര്‍ന്നുണ്ടായ പുക ശ്വസിച്ച് മരണപ്പെട്ടത്. ഷാര്‍ജ സിവില്‍ ഡിഫന്‍സ് മീഡിയാ വിഭാഗം പുറത്തുവിട്ട വിവരത്തിന്റെ അടിസ്ഥാനത്തിലാണ് മരണസഖ്യ രണ്ടാണെന്ന് വ്യക്തമായത്. തിങ്കളാഴ്ച രാത്രി ഒന്‍പത് മണിയോടെയാണ് ഷാര്‍ജ സിവില്‍ ഡിഫന്‍സ് ആസ്ഥാനത്ത് തീപിടുത്ത വിവരം അറിഞ്ഞത്.
സംഭവ സ്ഥലത്ത് നിന്നും ഏതാണ്ട് 200 മീറ്റര്‍ മാത്രം അകലെയാണ് ഷാര്‍ജ സിവില്‍ ഡിഫന്‍സ് ആസ്ഥാനം സ്ഥിതി ചെയ്യുന്നത്. അത്‌കൊണ്ട് തന്നെ വിവരം അറിഞ്ഞ് ഏതാനും നിമിഷത്തിനകം തന്നെ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് സ്ഥലത്ത് എത്താന്‍ പറ്റി. സംഭവം അറിഞ്ഞയുടന്‍ സ്ഥലത്ത് കുതിച്ചെത്തിയ പോലീസ് സംഭവ സ്ഥലത്ത് കൂടിനിന്നവരെയും ആ ഭാഗത്തേക്കുളള വാഹന ഗതാഗതവും നിയന്ത്രിച്ചു.
അല്‍പ സമയത്തിനകം തന്നെ മറ്റ് മേഖലയില്‍ നിന്ന് കൂടി കൂടുതല്‍ ഫയര്‍ എഞ്ചിനുകള്‍ എത്തി തീ അണക്കാനുള്ള പരിശ്രമത്തില്‍ ഏര്‍പ്പെട്ടതോടെ തീ മറ്റ് സ്ഥലങ്ങളിലേക്ക് പടരുന്നത് തടയാന്‍ സാധിച്ചു. സംഭവം കണ്ട് നിന്ന ഒരാള്‍ക്ക് ഇതിനകം ഹ്യദയ സ്തംഭനമുണ്ടായതായും വിവരങ്ങള്‍ പുറത്തുവന്നു. ഇദ്ദേഹത്തേയും അപകടത്തില്‍ പരുക്ക് പറ്റിയ മറ്റ് മൂന്നു പേരേയും ഉടനെ കുവൈത്ത് ഹോസ്പിറ്റലിലേക്ക് എത്തിച്ചു.
ഇവരിപ്പോള്‍ ആശുപത്രിയില്‍ ചികിത്സയിലാണുളളത്. മരിച്ചവര്‍ ഏത് രാജ്യക്കാരാണെന്ന് പോലീസ് വ്യക്തമാക്കിയിട്ടില്ല. എങ്കിലും അപകട സമയത്ത് വില്ലയില്‍ ഏതാണ്ട് ഇരുപത്തിയഞ്ച് പേര്‍ ഉള്ളതായാണ് പ്രാധമിക വിവരം. പോലീസ്, സിവില്‍ ഡിഫന്‍സ് വിഭാഗങ്ങള്‍ അന്യേഷണം ആരംഭിച്ചിട്ടുണ്ട്.
