തിരുവനന്തപുരം: സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തില്‍ ശബരിമലയില്‍ കനത്ത സുരക്ഷ ഒരുക്കി സര്‍ക്കാര്‍. മണ്ഡല-മകരവിളക്ക് തീര്‍ഥാനടത്തിന്റെ ഭാഗമായി 5,200 പോലീസുകാരെയാണ് ശബരിമലയില്‍ സുരക്ഷ ഒരുക്കാന്‍ സര്‍ക്കാര്‍ വിന്യസിക്കുന്നത്.
പ്രായഭേദമന്യേ സ്ത്രീകള്‍ക്കു ശബരിമലയില്‍ പ്രവേശിക്കാമെന്ന സുപ്രീംകോടതി വിധിക്കു ശേഷം കഴിഞ്ഞ രണ്ട് തവണയും ശബരിമലയില്‍ നടതുറന്നപ്പോള്‍ ഉണ്ടായ സാഹചര്യങ്ങള്‍ കൂടി കണക്കിലെടുത്താണ് പോലീസ് വിന്യാസം. കഴിഞ്ഞ രണ്ട് തവണയും ശബരിമലയില്‍ യുവതീപ്രവേശനവുമായി ബന്ധപ്പെട്ട് വലിയ സംഘര്‍ഷങ്ങളാണ് അരങ്ങേറിയത്. നിലവിലെ സാഹചര്യത്തില്‍ പന്പയിലും സന്നിധാനത്തും സുരക്ഷ ചുമതല രണ്ട് ഐജിമാര്‍ക്കാണ്. വിജയ് സാക്കറെക്ക് സന്നിധാനത്തും അശോക് യാദവിന് പമ്ബയിലുമാണ് ചുമതല. സന്നിധാനത്തും, പമ്ബയിലും നിലയക്കലും രണ്ട് എസ്പിമാര് വീതുവുമുണ്ടാകും. ക്രമസമാധാനവും തിരക്കും വെവ്വേറെ നിയന്ത്രിക്കാനാണ് രണ്ട് എസ്പിമാരെ നിയോഗിക്കുക.
നാല് ഘട്ടങ്ങളായാണ് പോലീസ് വിന്യാസം. വനിതാ പോലീസുകാരെ മണ്ഡല, മകര വിളക് കാലത്ത് ശബരിമലയില്‍ വിന്യസിക്കും. 50 വയസ്സിന് മുകളില്‍ പ്രായമുള്ള പോലീസുകാര്‍ക്ക് പുറമേ വനിത ബറ്റാലിയനിലുള്ളവരേയും പമ്ബയിലെത്തിക്കും.
ഇതിന് പുറമേ കേരള പോലീസിന്റെ കമാണ്ടോകളും കേന്ദ്ര ദ്രുതകര്‍മ്മ സേനയും ദുരന്ത നിവാരണ സേനയും ശബിരമലിയല്‍ ഉണ്ടാകും.
