യജ്ഞേശ്വരം ക്ഷേത്രത്തില്‍ ശിവരാത്രിയിലും പൂജ മുടങ്ങി

തൃത്താല: പുരാതനമായ തൃത്താല യജ്ഞേശ്വരം ക്ഷേത്രത്തില്‍ ശിവരാത്രി നാളിലും നടതുറന്നില്ല. മലബാര്‍ ദേവസ്വം ബോര്‍ഡിന് കീഴിലുള്ള ക്ഷേത്രത്തില്‍ പൂജാരിയും കഴകവും എക്‌സിക്യൂട്ടീവ് ഓഫിസറുമെല്ലാമുണ്ടെങ്കിലും രണ്ടാഴ്ചയോളമായി പൂജ നടക്കുന്നില്ല. ശിവപ്രതിഷ്ഠയുള്ള ഈ ക്ഷേത്രത്തില്‍ ശിവരാത്രി നാളില്‍ പൂജ നടക്കാത്തത് വിശ്വാസികളെ നിരാശരാക്കിയിരിക്കുകയാണ്.

ദേവസ്വം ബോര്‍ഡ് നിയോഗിച്ച എക്‌സിക്യൂട്ടീവ് ഓഫീസര്‍ക്കാണ് ക്ഷേത്രത്തിന്റെ ചമതല. മാസശമ്പളത്തില്‍ പൂജാരിയെ നിയമിച്ചിട്ടുണ്ടെങ്കിലും എക്‌സിക്യൂട്ടീവ് ഓഫീസറും പൂജാരിയും തമ്മിലുള്ള അഭിപ്രായ ഭിന്നതയാണ് ക്ഷേത്രത്തില്‍ പൂജമുടങ്ങാന്‍ കാരണമായത്. നേരത്തെ ദിവസേനയുള്ള ഉഷപൂജ കൃത്യമായി നടന്നിരുന്നു. വിശ്വാസികളുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്കായി നാട്ടുകാരുടെ കമ്മിറ്റിയുണ്ടെങ്കിലും ഇപ്പോഴത്തെ പ്രതിസന്ധി പരിഹരിക്കാന്‍ അവര്‍ക്കും കഴിയുന്നില്ല. ദേവസ്വം അധികൃതര്‍ക്കും മന്ത്രിമാര്‍ക്കും വിശ്വാസികള്‍ പരാതികള്‍ നല്‍കിയെങ്കിലും നടപടിയുണ്ടായിട്ടില്ല.

പന്തീരുകുലപ്പെരുമയുടെ ഭാഗമായ വെള്ളിയാങ്കല്ല് യജ്ഞേശ്വരം ക്ഷേത്രം ഏറെ പ്രശസ്തമാണ്. പന്തീരുകുലത്തിലെ ബ്രാഹ്്മണ ശ്രേഷ്ഠനായ അഗ്്‌നിഹോത്രി പ്രതിഷ്ഠ നടത്തിയതെന്ന് കരുതുന്ന ഈ ക്ഷേത്രത്തില്‍ പൂജാദി കര്‍മ്മങ്ങള്‍ മുടങ്ങിക്കിടക്കുന്നത് വിശ്വാസികളെ ഏറെ വിഷമിപ്പിക്കുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *