ചാലക്കുടി: ചിരിയുടെ മണിമാല ചിതയിലൂര്‍ന്നു വീണു.
മലയാളിയെ ചിരിപ്പിച്ച് കടന്നു പോയ കലാകാരന്‍ അഗ്്‌നിനാളങ്ങളിലമര്‍ന്നു.
ചിതക്കു ചൂറ്റും ആരാധകരുടെ വിങ്ങിയ മനസ്സുകള്‍ മാത്രം.
അകാലത്തില്‍ പൊലിഞ്ഞ കലാഭവന്‍ മണി ഓര്‍മ്മയായി.
നാല്‍പത്തിയഞ്ചാം വയസ്സില്‍ കരള്‍രോഗം മൂലം ജീവതത്തില്‍ നിന്ന് വിടചൊല്ലിയ കലാഭവന്‍ മണിക്ക് കലാകേരളം സ്‌നേഹം തിങ്ങിയ യാത്രയയപ്പാണ് നല്‍കിയത്. ഇന്നലെ തൃശൂരിലും ചാലക്കിടിയിലുമെത്തിയ ജനസാഗരം ആ കലാകാരന്‍ എത്രമേല്‍ സ്‌നേഹിക്കപ്പെടുകയും ആരാധിക്കപ്പെടുകയും ചെയ്തിരുന്നുവെന്നതിന്റെ നേര്‍ സാക്ഷ്യമായി.
പോസ്റ്റുമോര്‍ട്ടത്തിന് ശേഷം തൃശൂര്‍ മെഡിക്കല്‍ കോളേജിലും തൃശൂര്‍ റീജ്യണല്‍ തീയറ്ററിലും പൊതുദര്‍ശനത്തിന് വെച്ചപ്പോള്‍ ആയിരക്കണക്കിനാളുകളാണ് തങ്ങളുടെ പ്രീയപ്പെട്ട മണിയെ അവസാനമായി ഒരു നോക്കുകാണാനും അന്ത്യാഞ്ജലിയര്‍പ്പിക്കാനുമായി തടിച്ചു കൂടിയത്. ഇന്നലെ ഉച്ചക്ക് 12.25ഓടെയാണ് മൃതദേഹം റീജ്യണല്‍ തീയറ്ററില്‍ പൊതുദര്‍ശനത്തിനായി എത്തിച്ചത്. ജനക്കൂട്ടത്തെ നിയന്ത്രിക്കാന്‍ പോലീസിന് പോലും കഴിയാത്ത സ്ഥിതിയായിരുന്നു. അനൗണ്‍സ്‌മെന്റിലൂടെ ജനങ്ങളെ ഒതുക്കി നിര്‍ത്താന്‍ പോലീസും മറ്റും ശ്രമിച്ചുവെങ്കിലും മൃതദേഹം ആംബുലന്‍സില്‍ നിന്ന് പുറത്തെടുക്കാന്‍ ഏറെ ബുദ്ധിമുട്ടി. തിരക്ക് നിയന്ത്രിക്കാന്‍ കഴിയാതെ പോലീസും മറ്റും പാടുപെട്ടു. സ്ത്രീകളും കൈക്കുഞ്ഞുങ്ങളുമടക്കമുള്ള ആയിരക്കണക്കിനാളുകളാണ് റീജ്യണല്‍ തീയറ്ററില്‍ എത്തിയിരുന്നത്. പോസ്റ്റുമോര്‍ട്ടം നടന്ന മെഡിക്കല്‍ കോളജ് മോര്‍ച്ചറിക്ക് മുന്നില്‍ വന്‍ തിരക്കാണ് രാവിലെ മുതല്‍ അനുഭവപ്പെട്ടത്.
ജ്യണല്‍ തീയറ്ററില്‍ സംവിധായകരായ പ്രിയനന്ദനന്‍, വി.എം.വിനു, പി.ടി.കുഞ്ഞുമുഹമ്മദ്, നടന്‍മാരായ ജയറാം, മേഘനാഥന്‍, വി.കെ.ശ്രീരാന്‍, ശിവജി ഗുരുവായൂര്‍, ജയരാജ് വാര്യര്‍, ഇടവേള ബാബു, മുകേഷ്, ഇര്‍ഷാദ്, അനൂപ് ചന്ദ്രന്‍, ബിനീഷ് കൊടിയേരി, ദര്‍ശന്‍, സുധിര്‍, സണ്ണി വെയ്ന്‍, ലിഷോയ്, രാജേന്ദ്രന്‍, നടി അഞ്ജു അരവിന്ദ്,സംഗീതസംവിധായകന്‍ എം.ഡി.രാജേന്ദ്രന്‍, മന്ത്രി സി.എന്‍.ബാലകൃഷ്ണന്‍, സിപിഎം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍, സി.എന്‍.ജയദേവന്‍ എം.പി, പി.കെ.ബിജു എം.പി, ഡി.സി.സി പ്രസിഡന്റ് ഒ.അബ്ദുറഹ്മാന്‍കുട്ടി, മുന്‍ മന്ത്രി കെ.പി.വിശ്വനാഥന്‍, മേയര്‍ അജിത ജയരാജന്‍, ജില്ല പഞ്ചായത്ത് പ്രസിഡന്റ് ഷീല വിജയകുമാര്‍, സി.പി.എം നേതാക്കളായ മുരളി പെരുനെല്ലി, എം.എം.വര്‍ഗീസ്, പി.കെ.ഷാജന്‍, മുന്‍ മേയര്‍ ബിന്ദു, എം.എല്‍.എമാരായ കെ.രാധാകൃഷ്ണന്‍, പ്രഫ.സി.രവീന്ദ്രനാഥ്, ടി.എന്‍.പ്രതാപന്‍, എം.പി.വിന്‍സന്റ്, ഗീതഗോപി, വി.എസ്.സുനില്‍കുമാര്‍, ബി.ജെ.പി ജില്ല പ്രസിഡന്റ് എ.നാഗേഷ്, ബി.ജെ.പി നേതാവ് അഡ്വ.ഗോപാലകൃഷ്ണന്‍, സംഗീതനാടക അക്കാദമി സെക്രട്ടറി ഡോ.പി.വി.കൃഷ്ണന്‍നായര്‍, സാഹിത്യ അക്കാദമി സെക്രട്ടറി ആര്‍.ഗോപാലകൃഷ്ണന്‍, പത്മശ്രീ പെരുവനം കുട്ടന്‍മാരാര്‍, കവി രാവുണ്ണി, സംവിധായകന്‍ ബാബു പിഷാരോടി, നടി കെ.പി.എസി ലളിത, കലക്ടര്‍ വി.രതീശന്‍, ഗായകന്‍ ഫ്രാങ്കോ, കവിയും ഗാനരചയിതാവുമായ ഏങ്ങണ്ടിയൂര്‍ ചന്ദ്രശേഖരന്‍, ടി.വി.ചന്ദ്രമോഹന്‍, ഐജി അജിത്കുമാര്‍, സിറ്റിപോലീസ് കമ്മീഷണര്‍ കെ.ജി.സൈമണ്‍തുടങ്ങിയവര്‍ മണിക്ക് അന്ത്യാഞ്ജലിയര്‍പ്പിക്കാനെത്തിയിരുന്നു.
മൃതദേഹം തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ഡോ.രാജേന്ദ്രപ്രസാദ്, ഡോ.ഷെയ്ഖ് ഹുസൈന്‍, ഡോ.ഷിജു എന്നിവരുടെ നേതൃത്വത്തിലാണ് പോസ്റ്റുമോര്‍ട്ടം നടത്തിയത്. ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി ആരംഭിച്ച പോസ്റ്റുമോര്‍ട്ടം പതിനൊന്നേകാലോടെ പൂര്‍ത്തിയാക്കിയ ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു. നട•ാരായ മുകേഷ്, ഇടവേള ബാബു, സാദിഖ്, സി.പി.എം ജില്ലാ സെക്രട്ടറി എ.സി. മൊയ്തീന്‍, പി.കെ. ബിജു എം.പി, സി.പി.എം കേന്ദ്രകമ്മിറ്റി അംഗം ഇ.പി. ജയരാജന്‍, ബി.ഡി. ദേവസി എം.എല്‍.എ തുടങ്ങി നിരവധിപേര്‍ ചേര്‍ന്ന് മൃതദേഹം ഏറ്റുവാങ്ങി.
എ.സി.പിമാരായ ജയചന്ദ്രന്‍, സുദര്‍ശനന്‍, കെ.പി. ജോസ്, സിഐ മണികണ്ഠന്‍ തുടങ്ങിയവരുടെ നേതൃത്വത്തില്‍ വന്‍ പോലീസ് സ്ന്നാഹം സ്ഥിതിഗതികള്‍ നിയന്ത്രിക്കാന്‍ സ്ഥലത്തുണ്ടായിരുന്നു.
കലാഭവന്‍മണിയുടെ ആന്തരികാവയവങ്ങള്‍ വിശദമായ ലാബ് പരിശോധനക്കയക്കുമെന്ന് പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ഡോക്ടര്‍മാര്‍ അറിയിച്ചു. വിസറയും രക്തസാമ്പിളുകളും കാക്കനാട്ടെ ഗവ.ലബോറട്ടറിയിലേക്കാണ് പരിശോധനകള്‍ക്കായി അയക്കുക. ഇതിന്റെ ഫലപരിശോധന റിപ്പോര്‍ട്ട് ലഭിക്കുന്നതിന് ഒരുമാസമെങ്കിലുമെടുക്കുമെന്നാണ് ഡോക്ടര്‍മാര്‍ അറിയിച്ചത്. ഗുരുതരമായ കരള്‍രോഗം മണിക്കുണ്ടായിരുന്നതായി പോസ്റ്റുമോര്‍ട്ടത്തില്‍ സ്ഥിരീകരിച്ചിട്ടുണ്ട്.
അസ്വഭാവിക മരണത്തിനാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളതെങ്കിലും അതെക്കുറിച്ച് എന്തെങ്കിലും വെളിപ്പെടുത്താന്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ വിസമ്മതിച്ചു. അതേസമയം കലാഭവന്‍ മണിയുടെ ശരീരത്തില്‍ മരണത്തിനിടയാക്കുന്ന മാരക വിഷാംശങ്ങള്‍ ഇല്ലെന്നാണ് പോസ്റ്റുമോര്‍ട്ടത്തില്‍ മനസിലാകുന്നതെന്നാണ് പ്രാഥമിക സൂചന. വിശദമായ റിപ്പോര്‍ട്ടില്‍ ഇതുസംബന്ധിച്ച് വ്യക്തതയുണ്ടാകും. എന്നിരിക്കലും വിഷാംശമല്ല മരണകാരണമെന്ന് ഏറെക്കുറെ വ്യക്തമാക്കപ്പെട്ടിട്ടുണ്ട്. മദ്യപിച്ചതുകൊണ്ടോ അല്ലാതെയോ വരുന്ന കരള്‍രോഗത്താല്‍ മണി ഗുരുതരാവസ്ഥയിലായിരുന്നുവെന്നും കരള്‍ ഏറെക്കുറെ പ്രവര്‍ത്തനരഹരിതമായിത്തുടങ്ങിയിരുന്നുവെന്നും പോസ്റ്റുമോര്‍ട്ടത്തില്‍ കണ്ടെത്തിയതായി സൂചനകളുണ്ട്. മരുന്നുകള്‍ ഫലിക്കാത്ത നിലയിലായിരുന്നു ശരീരം.
കൊച്ചിയിലെ ആശുപത്രിയിലെ ലാബറട്ടറി വളരെ മികച്ചതായതിനാലാണ് നേരിയ തോതിലുള്ള മെഥനോളിന്റെ അംശം ശരീരത്തിലുള്ളതായി കണ്ടെത്തിയതെന്നും സാധാരണ ലാബില്‍ ഇത് കണ്ടെത്തുമായിരുന്നില്ലെന്നും പറയപ്പെടുന്നു. ഭക്ഷണത്തില്‍ നിന്നും ഈ വിഷാംശം ശരീരത്തിലെത്താമെന്നാണ് വിദഗ്ധര്‍ പറയുന്നത്. ആന്തരികാവയവങ്ങള്‍ രാസപരിശോധന കഴിഞ്ഞ് കാക്കനാട്ടെ ലാബില്‍ നിന്നും ഫലം വരുമ്പോഴെ ഇതെല്ലാം സംബന്ധിച്ച് വ്യക്തമായ വിവരങ്ങള്‍ ലഭിക്കുകയുള്ളു.
