യുവതികളെ ശബരിമലയില്‍ എത്തിച്ച്‌ ആചാരലംഘനം നടത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ച്‌ കഴിഞ്ഞു,​ നമുക്ക് മുന്നില്‍ രണ്ട് മാര്‍ഗങ്ങള്‍ മാത്രം: സുരേന്ദ്രന്‍

തിരുവനന്തപുരം: ശബരിമല വിഷയത്തില്‍ നിലപാടില്‍ ഉറച്ചു നില്‍ക്കുന്ന സര്‍ക്കാരിനെതിരെ ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന്‍ രംഗത്ത്. അവിശ്വാസികളായ സ്ത്രീകളെ ബലം പ്രയോഗിച്ച്‌ ശബരിമലയില്‍ എത്തിച്ച്‌ ആചാരം ലംഘനം നടത്താനാണ് സര്‍ക്കാര്‍ തീരുമാനമെന്ന് സുരേന്ദ്രന്‍ പറഞ്ഞു. സര്‍ക്കാര്‍ അപകടകരമായ നിലപാട് എടുത്തു കഴിഞ്ഞിരിക്കുന്നു. വിശ്വാസികള്‍ക്ക് രണ്ട് മാര്‍ഗമാണുള്ളത്. ഒന്നുകില്‍ ആചാരലംഘനത്തിന് കൂട്ടു നില്‍ക്കുകയോ അല്ലെങ്കില്‍ ഈ നീക്കത്തെ ചെറുത്തു തോല്‍പ്പിക്കുകയോ ചെയ്യാം- സുരേന്ദ്രന്‍ വ്യക്തമാക്കി. ഫേസ്ബുക്ക് പോസ്റ്രിലൂടെയാണ് സുരേന്ദ്രന്റെ പ്രതികരണം.സര്‍ക്കാര്‍ നിലപാടിനെതിരെ രണ്ടാമത്തെ മാര്‍ഗം മാത്രമാണ് ആത്മാഭിമാനമുള്ളവരുടെ മുന്‍പിലുള്ളതെന്നും സുരേന്ദ്രന്‍ പറയുന്നു. ആയ്യപ്പന്റെ അനുഗ്രഹത്തോടെ ചരിത്രപോരാട്ടത്തിന് രംഗത്തിറങ്ങാമെന്നും സുരേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.

ഫേസ്ബുക്ക് പോസ്റ്രിന്റെ പൂര്‍ണരൂപം:

സര്‍ക്കാര്‍ അപകടകരമായ നിലപാടെടുത്തുകഴിഞ്ഞു. എന്തുവിലകൊടുത്തും അവിശ്വാസികളായ യുവതികളെ ബലം പ്രയോഗിച്ച്‌ ശബരിമലയില്‍ പ്രവേശിപ്പിച്ച്‌ ആചാരലംഘനം നടത്തുമെന്ന് തീരുമാനിച്ചുകഴിഞ്ഞു. ഹിന്ദുസമൂഹത്തെ അപമാനിച്ച്‌ ആത്മവിശ്വാസം നഷ്ടപ്പെടുത്തി ദുര്‍ബലമാക്കാനുള്ള നീക്കം. ഇനി വിശ്വാസികളുടെ മുന്നില്‍ രണ്ടു മാര്‍ഗ്ഗമേയുള്ളൂ.

ഒന്നുകില്‍ അപമാനം സഹിച്ച്‌ കീഴടങ്ങി ശബരിമലയെ തകര്‍ക്കാനുള്ള നീക്കത്തിന് കൂട്ടുനില്‍ക്കുക. അല്ലെങ്കില്‍ എന്തു ത്യാഗവും സഹിച്ച്‌ ഈ നീക്കത്തെ ചെറുത്തു തോല്‍പ്പിച്ച്‌ വിശ്വാസികളെ അണിനിരത്തി ആചാരലംഘനം തടയുക. രണ്ടാമത്തെ മാര്‍ഗ്ഗമേ ആത്മാഭിമാനമുള്ളവരുടെ മുന്നില്‍ കരണീയമായിട്ടുള്ളൂ. അയ്യപ്പന്റെ അനുഗ്രഹത്തോടെ രംഗത്തിറങ്ങാം. ചരിത്രപരമായ പോരാട്ടത്തിന് സമയമായി. അന്തിമ വിജയം വിശ്വാസികള്‍ക്കു മാത്രമായിരിക്കും.

 

 

Leave a Reply

Your email address will not be published. Required fields are marked *