പൊലീസിനെ വെല്ലുവിളിച്ചുള്ള ശശികലയുടെ മലകയറ്റത്തിന്‌ പിന്നില്‍ ഗൂഢലക്ഷ്യം

നിലയ്‌ക്കല്‍: ഹിന്ദു ഐക്യവേദി നേതാവ് കെ പി ശശികല ഇന്നലെ ഉച്ചയോടെ പമ്ബയില്‍ എത്തിയിരുന്നുവെങ്കിലും രാത്രിയോടെമാത്രം മലകയറാന്‍ ശ്രമിച്ചതിന്‌ പിന്നില്‍ ഗൂഢലക്ഷ്യം. ശശികല ശബരിമലയില്‍ കയറാന്‍ എത്തിയത് രാത്രി 1.15 മണിയോടെയാണ്. തുടര്‍ന്നാണ് പൊലീസ് ഇവരെ തടഞ്ഞത്.പൊലിസ്‌ നിയന്ത്രണങ്ങള്‍ ലംഘിക്കുമെന്ന്‌ പരസ്യമായി വെ‌ല്ലുവിളിച്ചാണ്‌ അവര്‍ മലകയറാന്‍ ഒരുങ്ങിയത്‌. ചിത്തര ആട്ട മഹോല്‍സവ ദിവസം സന്നിധാനത്തുണ്ടായ അക്രമങ്ങള്‍ ആവര്‍ത്തിക്കുകയായിരുന്നു ലക്ഷ്യമെന്ന്‌ പൊലീസ്‌ കരുതുന്നു.

രാത്രിയില്‍ ആരെയും സന്നിധാനത്തേക്ക് കടത്തിവിടില്ലെന്ന് പൊലീസ് നേരത്തെ അറിയിച്ചിരുന്നു. എന്നാല്‍, ഇവര്‍ തിരികെ പോകാന്‍ കൂട്ടാക്കിയില്ല. തുടര്‍ന്നാണ്, ശശികലയെ അറസ്റ്റ് ചെയ്യേണ്ടി വന്നത്‌. റാന്നി പൊലീസ്‌ സ്‌റ്റേഷനിലാണ്‌ ശശികലയുള്ളത്‌.

കെ പി ശശികലയെ പോലീസ് കരുതല്‍തടങ്കലില്‍ ആണ് എടുത്തിരിക്കുന്നത് സിആര്‍പിസി 151 പ്രകാരമാണ് പോലീസ് നടപടി . ചിത്തിര ആട്ടവിശേഷവുമായി ബന്ധപ്പെട്ട സ്ത്രീകളടക്കമുള്ള ഭക്തരെ തടയുകയും ആക്രമിക്കുകയും നേതൃത്വം നല്‍കുകയും ചെയ്ത സംഘത്തിന് നേതൃത്വം നല്‍കി എന്നതാണ് കെപി ശശികല കുറ്റകൃത്യം.

അഞ്ചുമണിക്കൂറോളം മരക്കൂട്ടത്ത് പോലീസ് ശശികലയെ തടഞ്ഞ് നിര്‍ത്തിയ ശേഷമാണ് കരുതല്‍ അറസ്റ്റ് ചെയ്തത് . ചിത്തിര ആട്ടവിശേഷത്തിനായി ശബരിമലയിലെത്തിയ സ്ത്രീകളടക്കമുള്ള ഭക്തരെ ആക്രമിക്കാന്‍ നേതൃത്വം നല്‍കിയതിന് പിന്നില്‍ കെപി ശശികല അടക്കമുള്ളവരുടെ ഗൂഢാലോചന ഉണ്ട് എന്നതാണ് പോലീസിനെ നിഗമനം.

പോലീസ് ശശികലയെ അറസ്റ്റ് ചെയ്ത 15 മിനിറ്റിനുള്ളില്‍ ഹിന്ദു ഐക്യവേദിയും ശബരിമല കര്‍മ്മസമിതിയും സംസ്ഥാന വ്യാപക ഹര്‍ത്താല്‍ ആഹ്വാനം ചെയ്തു .ഇതോടെ ശശികലയെ അറസ്റ്റ് ചെയ്താല്‍ ഉടന്‍ ഹര്‍ത്താല്‍ നടത്താന്‍ ഹിന്ദുഐക്യവേദി മുന്‍കൂട്ടി തീരുമാനിച്ചിരുന്നു എന്ന വ്യക്തമാക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *