സുരക്ഷ ശക്തമാക്കാന്‍ ഡിജിപിക്ക് മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശം

തിരുവനന്തപുരം: മണ്ഡല-മകരവിളക്ക് തീര്‍ത്ഥാടന കാലത്ത് ഭീകരര്‍ നുഴഞ്ഞുകയറാന്‍ സാധ്യതയുണ്ടെന്ന കേന്ദ്ര ഇന്റലിജന്‍സ് മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ ശബരിമലയില്‍ സുരക്ഷ ശക്തമാക്കാന്‍ മുഖ്യമന്ത്രി ഡിജിപിക്ക് നിര്‍ദ്ദേശം നല്‍കി. ഇന്നലെ രാവിലെ സെക്രട്ടേറിയറ്റില്‍ കൂടിക്കാഴ്ചയ്‌ക്കെത്തിപ്പോഴാണ് മുഖ്യമന്ത്രി നിര്‍ദ്ദേശം നല്‍കിയത്. ഇരുമുടിക്കെട്ടില്ലാതെ ശബരിമലയിലെത്തുന്നവരെ പ്രത്യേകം നിരീക്ഷിക്കണം. പമ്ബയ്ക്ക് അപ്പുറത്തേക്ക് ഇരുമുടിക്കെട്ടില്ലാതെ കടത്തിവിടില്ലെന്ന നിലപാടിലാണ് പൊലീസുള്ളത്. ഇതിനു മുന്‍പ് നടതുറന്ന സമയത്ത് സന്നിധാനത്ത് നടന്ന അനിഷ്ട സംഭവങ്ങളില്‍ പങ്കെടുത്തത് ഇരുമുടിക്കെട്ടില്ലാതെ സന്നിധാനത്ത് എത്തിയവരാണെന്നാണ് പൊലീസ് ഭാഷ്യം. ഇത്തരത്തില്‍ സംശയം തോന്നിയ ഏഴുപേരെ മടക്കി അയച്ചതായി ഡിജിപി മുഖ്യമന്ത്രിയെ അറിയിച്ചു. ഇവരുടെ പശ്ചാത്തലം പരിശോധിച്ച്‌ വരികയാണ്.

പ്രശ്‌ന സാധ്യത കണക്കിലെടുത്ത് കൂടുതല്‍ ബിജെപി നേതാക്കളെ കരുതല്‍ തടങ്കലിലെടുത്തിട്ടുണ്ട്. പട്ടികജാതി മോര്‍ച്ചാ സംസ്ഥാനപ്രസിഡന്റ് പി.സുധീറിനെയും ശബരിമല ആചാരസംരക്ഷണസമിതി പൃത്ഥ്വിപാലിനെയും ഇന്നലെ പുലര്‍ച്ചെയാണ് കരുതല്‍ കസ്റ്റഡിയിലെടുത്തത്.

ഇന്നലെ പുലര്‍ച്ചെ മൂന്ന് മണിയ്ക്കാണ് ശബരിമല നട തുറന്നത്. വലിയ ഭക്തജനത്തിരക്കാണ് സന്നിധാനത്ത് അനുഭവപ്പെട്ടത്. ദര്‍ശനത്തിന് നീണ്ട ക്യൂവുണ്ട്. കൃത്യമായ നിയന്ത്രണത്തോടെ മാത്രമാണ് സന്നിധാനത്തേയ്ക്ക് തീര്‍ഥാടകരെ കടത്തി വിടുന്നത്. രാത്രി പത്ത് മണിയ്ക്ക് നട അടച്ച ശേഷം ആരെയും സന്നിധാനത്ത് തങ്ങാന്‍ പൊലീസ് അനുവദിച്ചില്ല. എല്ലാവരെയും പമ്ബയിലേക്കും നിലയ്ക്കലേക്കും പൊലീസ് മാറ്റി. നെയ്യഭിഷേകത്തിന് ടിക്കറ്റെടുത്ത വളരെക്കുറച്ച്‌ പേര്‍ക്ക് മാത്രമാണ് സന്നിധാനത്ത് തങ്ങാനായത്. പുലര്‍ച്ച രണ്ട് മണിയോടെ മാത്രമാണ് പമ്ബയില്‍ നിന്ന് സന്നിധാനത്തേയ്ക്ക് തീര്‍ഥാടകരെ കടത്തി വിട്ടത്. അവരെ പിന്നീട് മരക്കൂട്ടത്ത് വീണ്ടും തടഞ്ഞു. മൂന്ന് മണിക്ക് നട തുറന്നതിന് ശേഷം മാത്രമാണ് അവരെ സന്നിധാനത്തേയ്ക്ക് കടത്തിവിട്ടത്.

Leave a Reply

Your email address will not be published. Required fields are marked *