ശശികല വീണ്ടും പമ്ബയില്‍: കര്‍ശന വ്യവസ്ഥയില്‍ ദര്‍ശനത്തിനു പൊലിസ് അനുമതി

പമ്ബ> കഴിഞ്ഞ ദിവസം ശബരിമലയില്‍ സംഘര്‍ഷത്തിനൊരുങ്ങി അറസ്റ്റിലായ ഹിന്ദു ഐക്യ വേദി നേതാവ് വീണ്ടും സന്നിധാനത്തെത്തി. ദര്‍ശനം നടത്തി മടങ്ങിക്കൊള്ളാം എന്നാ ഉറപ്പിലാണ് അവരെ പൊലീസ് മലകയറാന്‍ അനുവദിച്ചത്. അങ്ങനെ ഒരു ഉറപ്പ് തരാനാകില്ലെന്നു ആദ്യം നിലപാടെടുത്ത അവര്‍ പൊലിസ് നിലപാട് കര്‍ശനമാക്കിയപ്പോള്‍ വഴങ്ങുകയായിരുന്നു.

നിലയ്ക്കലില്‍ ശശികലയെ പൊലീസ് തടഞ്ഞു. നിര്‍ദേശങ്ങള്‍ അടങ്ങിയ നോട്ടിസ് പൊലിസ് വായിച്ചുകേള്‍പ്പിച്ചു. ആറുമണിക്കൂറില്‍ കൂടുതല്‍ സന്നിധാനത്തു തുടരാനാവില്ല, പ്രാര്‍ഥനായജ്ഞമോ പ്രതിഷേധമോ സംഘടിപ്പിക്കരുത് തുടങ്ങിയ നിര്‍ദേശങ്ങളാണു നോട്ടിസിലുണ്ടായിരുന്നത്. ഇത് അംഗീകരിച്ചതായി ഒപ്പിട്ടു നല്‍കിയ ശേഷമാണ് യാത്രയ്ക്ക് അനുമതി നല്‍കിയത്. പേരക്കുട്ടിയുടെ ചോറൂണിനാണു സന്നിധാനത്തേക്ക് പോകുന്നതെന്നും ശശികല അവകാശപ്പെട്ടു.

ശബരിമലയില്‍ പ്രശ്‌നങ്ങളുണ്ടാക്കാതെ തിരിച്ചു പോകണമെന്ന പൊലീസിന്റെ നിര്‍ദേശം അംഗീകരിക്കാത്തതിനാലാണ് കഴിഞ്ഞദിവസം അവരെ മരക്കൂട്ടത്ത് വച്ച്‌ അറസ്റ്റ് ചെയ്തത്.ശശികലയെ അറസ്‌റ്റ്‌ ചെയ്‌തതില്‍ പ്രതിഷേധിച്ച്‌ ഹിന്ദു ഐക്യവേദി സംസ്‌ഥാനത്ത്‌ ഹര്‍ത്താലും നടത്തി.

Leave a Reply

Your email address will not be published. Required fields are marked *