ശബരിമലയിലെ പോലീസ് നടപടി: രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി

കൊച്ചി: ശബരിമലയിലെ പോലീസ് നടപടിയില്‍ ഹൈക്കോടതി രൂക്ഷ വിമര്‍ശനം ഉന്നയിച്ചു. ഭക്തരോട് സന്നിധാനത്ത് കയറരുതെന്ന് പറയാന്‍ പോലീസിന് എന്ത് അവകാശമുണ്ടെന്ന് ഹൈക്കോടതി ദേവസ്വം ബെഞ്ച് ചോദിച്ചു. ശബരിമലയിലെ സ്ഥിതിഗതികളെക്കുറിച്ച്‌ അഡ്വക്കേറ്റ് ജനറല്‍ ഉച്ചയ്ക്ക് നേരിട്ട് ഹാജരായി വിശദീകരണം നല്‍കണമെന്നും കോടതി ഉത്തരവിട്ടു.

ശബരിമലയില്‍ സുരക്ഷയ്ക്ക് നിയോഗിച്ചിരിക്കുന്ന പോലീസ് ഉദ്യോഗസ്ഥര്‍ക്ക് വലിയ ജനക്കൂട്ടത്തെ നിയന്ത്രിച്ച്‌ പരിചയമുണ്ടോ എന്ന് കോടതി ആരാഞ്ഞു. സുരക്ഷയ്ക്ക് നിയോഗിച്ചിരിക്കുന്ന പോലീസ് ഉദ്യോഗസ്ഥരുടെ വിവരങ്ങള്‍ സര്‍ക്കാര്‍ കൈമാറണം. സുപ്രീംകോടതി വിധിയുടെ പേരില്‍ പോലീസിന്‍റെ അമിതമായ ഇടപെടല്‍ അനുവദിക്കാന്‍ കഴിയില്ല. ഭക്തര്‍ക്ക് ശുചിമുറിയും കുടിവെള്ളവും ഉറപ്പുവരുത്തണമെന്നും തീര്‍ഥാടകരെ ബുദ്ധിമുട്ടിക്കരുതെന്നും കോടതി നിര്‍ദ്ദേശിച്ചു.

യഥാര്‍ഥ ഭക്തര്‍ക്ക് സുഗമമായി തീര്‍ഥാടനം നടത്താനുള്ള സൗകര്യമുണ്ടാകണം. പന്പ-നിലയ്ക്കല്‍ റൂട്ടില്‍ കെഎസ്‌ആര്‍ടിസിയുടെ കുത്തക പിന്‍വലിക്കേണ്ടി വരുമെന്നും കോടതി ഓര്‍മിപ്പിച്ചു. നടപ്പന്തല്‍ ഭക്തര്‍ക്ക് വിശ്രമിക്കാനുള്ള സ്ഥലമാണെന്നും പോലീസിന്‍റെ സ്ഥാനം ബാരക്കിലാണെന്നും കോടതി വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *