ഇപ്പോള്‍ സോഷ്യല്‍ മീഡിയകളില്‍ തരംഗമാകുന്നത് യതീഷ് ചന്ദ്ര ഐ പി എസ് ആണ്. ശബരിമല തന്നെ വിഷയം. ശബരിമലയിലേക്ക് സൌകാര്യ വാഹനങ്ങള്‍ കടത്തിവിടില്ലെന്ന പൊലീസ് നിലപാടിനെ ചോദ്യം ചെയ്ത കേന്ദ്രമന്ത്രി പൊന്‍രാധാകൃഷ്ണനോട് ഗതാഗതക്കുരുക്കിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കാന്‍ തയാറാണോയെന്ന് യതീഷ് ചന്ദ്ര ചോദിച്ചതാണ് സംഭവം.
ഏതായാലും സംഭവത്തിന് ശേഷം മുഖംനോക്കാതെ തന്റേടത്തോടെ കാര്യങ്ങള്‍ പറയാനറിയാവുന്ന, നടപടിയെടുക്കാനറിയാവുന്ന ഐപിഎസ് ഉദ്യോഗസ്ഥന്‍ തന്നെയാണ് യതീഷ് ചന്ദ്രയെന്ന് കേരളം ഒരിക്കല്‍ കൂടി തിരിച്ചറിയുകയാണ്. തന്റെ കര്‍ശന നിലപാടുകളിലൂടെ പേരെടുത്ത ഉദ്യോഗസ്ഥനാണ് യതീഷ് ചന്ദ്ര.
ഭരിക്കുന്നത് ഏത് സര്‍ക്കാര്‍ ആണെന്ന് നോക്കാതെയുള്ള അദ്ദേഹത്തിന്റെ നിലപാടുകളും നടപടികളും സോഷ്യല്‍ മീഡിയ ഇപ്പോള്‍ വാതോരാതെ ചര്‍ച്ച ചെയ്യുകയാണ്. ആലുവ റൂറല്‍ എസ്പിയായിരിക്കേ ഇടതുപക്ഷം നടത്തിയ ഉപരോധ സമരത്തിനു നേരെ അങ്കമാലിയില്‍ മനഃസാക്ഷിയില്ലാത്ത രീതിയില്‍ ലാത്തിചാര്‍ജ് നടത്തിയപ്പോഴാണ് യതീഷ് ചന്ദ്രയെ കേരളം ആദ്യം ശ്രദ്ധിച്ചത്. അതോടെ വിവാദങ്ങളുടെ കോളങ്ങളില്‍ യതീഷ് ചന്ദ്ര നിറഞ്ഞു നിന്നു.
ലാത്തിചാര്‍ജില്‍ വയോധികര്‍ക്കടക്കം പരുക്കേറ്റു. അന്ന് ഭരണം കോണ്‍ഗ്രസിന്റെ കൈകളില്‍ ആയിരുന്നു. യതീഷിനെതിരെ പ്രസ്താവനകളുമായി വിഎസും പിണറായിയും അടക്കമുള്ള നേതാക്കള്‍ രംഗത്തെത്തി. എന്നാല്‍, അന്ന് യതീഷ് ചന്ദ്രയെ വാഴ്ത്തി പാടിയത് ബിജെപി ആയിരുന്നു. ബിജെപി പ്രവര്‍ത്തകര്‍ സമൂഹ മാധ്യമങ്ങളില്‍ യതീഷ് ചന്ദ്രയെ വാനോളം പുകഴ്ത്തി. മുഖം നോക്കാതെ ഗര്‍ജിക്കുന്ന സിംഹം എന്ന് വരെ വാഴ്ത്തി.
കൊച്ചി ഡപ്യൂട്ടി കമ്മിഷണറായിരിക്കേ പുതുവൈപ്പിനിലെ ഐഒസി പ്ലാന്റിനെതിരെ സമരം നടത്തിയവര്‍ക്കെതിരെ ലാത്തിചാര്‍ജ് വന്‍ വിവാദമായി. നിലവില്‍ തൃശൂര്‍ സിറ്റി പൊലീസ് കമ്മിഷണറാണ്. പക്ഷേ, എല്‍ഡിഎഫ് സര്‍ക്കാര്‍ വരുമ്ബോള്‍ പ്രതികാര നടപടികളുണ്ടാകുമെന്നു പലരും വ്യാഖ്യാനിച്ചു. എന്നാല്‍ ഒന്നുമുണ്ടായില്ല. ക്രമസമാധാനത്തിന്റെ ചുമതല നല്‍കി തൃശൂരില്‍ നിയമിച്ചു.
നിയമത്തില്‍ വിട്ടുവീഴ്ച ചെയ്യാത്ത ഓഫിസറായതിനാലാണ് സര്‍ക്കാര്‍ യതീഷിനെ ശബരിമലയില്‍ നിയമിച്ചത്. കൊടിയുടെ നിറം നോക്കാതെ, തെറ്റു ചെയ്യുന്നവനെതിരെ മുഖം നോക്കാതെ പ്രതികരിക്കുന്നയാളാണ് യതീഷ് ചന്ദ്ര.
