ന്യൂഡല്‍ഹി: അഴീക്കോട് നിയമസഭാ തെരഞ്ഞെടുപ്പ് ഫലം റദ്ദാക്കിയ ഹൈക്കോടതി ഉത്തരവ് ചോദ്യം ചെയ്ത് സമര്‍പ്പിച്ച അപ്പീല്‍ അടിയന്തരമായി കേള്‍ക്കണമെന്ന കെ.എം. ഷാജിയുടെ ആവശ്യം സുപ്രീം കോടതി തള്ളി. അപ്പീല്‍ എന്ന് പരിഗണിക്കുമെന്ന തീയതി നിശ്ചയിക്കാനാകില്ലെന്ന് ചീഫ് ജസ്റ്റീസ് രഞ്ജന്‍ ഗോഗോയ് വ്യക്തമാക്കി.
അതേസമയം, കെ.എം. ഷാജിക്ക് നിയമസഭാ നടപടികളില്‍ പങ്കെടുക്കാമെന്നും എന്നാല്‍ ജനപ്രതിനിധി എന്നുള്ള നിലയിലെ ആനുകൂല്യങ്ങള്‍ കൈപ്പറ്റാനാകില്ലെന്നും കോടതി വാക്കാല്‍ നിരീക്ഷിച്ചു. കെ.എം. ഷാജിയുടെ അയോഗ്യതയ്ക്ക് ഹൈക്കോടതി നല്‍കിയ സ്റ്റേ വെള്ളിയാഴ്ചയാണ് അവസാനിക്കുന്നത്.
തന്നെ അയോഗ്യനാക്കിയ ഹൈക്കോടതിയുടെ ഉത്തരവ് തെറ്റാണെന്നും തനിക്കെതിരേ ഉന്നയിച്ച ആരോപണങ്ങളുടെ അടിസ്ഥാനം ശരിയായ രീതിയില്‍ കോടതി പരിശോധിച്ചില്ലെന്നും ഷാജി നല്‍കിയ ഹര്‍ജിയില്‍ ആരോപിക്കുന്നു. എതിര് സ്ഥാനാര്‍ഥി എം.വി. നികേഷ് കുമാര്‍ നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതി, തെരഞ്ഞെടുപ്പ് റദ്ദാക്കി കെ.എം. ഷാജിക്ക് ആറ് വര്‍ഷം അയോഗ്യത വിധിച്ചത്.
