മുംബൈയെ കുലുക്കി കര്‍ഷക മാര്‍ച്ച്‌: പിന്തുണയുമായി രാഷ്ട്രീയ പാര്‍ട്ടികളും

മുംബൈ: മഹാരാഷ്ട്ര സര്‍ക്കാരിന്‍റെ കര്‍ഷക വിരുദ്ധ നയങ്ങള്‍ക്കെതിരേ മുംബൈയില്‍ ലോക് സംഘര്‍ഷ് മോര്‍ച്ചയുടെ നേതൃത്വത്തില്‍ നടക്കുന്ന ലോംഗ് മാര്‍ച്ചിന് പിന്തുണയുമായി വിവിധ രാഷ്ട്രീയ പാര്‍ട്ടികളും രംഗത്ത്. ശിവസേന, കോണ്‍ഗ്രസ്, എന്‍സിപി എന്നി പ്രമുഖ പാര്‍ട്ടികളാണ് പിന്തുണ പ്രഖ്യാപിച്ചത്. കോണ്‍ഗ്രസ്, എന്‍സിപി നേതാക്കള്‍ സമരനേതാക്കളെ കാണുമെന്നും അറിയിച്ചിട്ടുണ്ട്.

ഇരുപതിനായിരത്തിലധികം വരുന്ന കര്‍ഷകര്‍ മുംബൈയില്‍ ലോംഗ് മാര്‍ച്ച്‌ നടത്തിയതിനെ തുടര്‍ന്ന് സര്‍ക്കാരും ഞെട്ടലിലാണ്. സമരക്കാരെ അനുനയിപ്പിക്കാന്‍ സര്‍ക്കാര്‍ ശ്രമങ്ങള്‍ തുടങ്ങി. മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് സമരനേതാക്കളെ ചര്‍ച്ചയ്ക്കു വിളിച്ചു. വ്യാഴാഴ്ച ഉച്ചയ്ക്ക് 1.30നാണ് മുഖ്യമന്ത്രി കൂടിക്കാഴ്ചയ്ക്കു സമയം അനുവദിച്ചിരിക്കുന്നത്.

മഹാരാഷ്ട്രയുടെ വിവിധ മേഖലകളില്‍നിന്നാരംഭിച്ച റാലി ബുധനാഴ്ച രാ​ത്രിയോടെ സോ​മ​യ്യ കോ​ള​ജ്​ മൈ​താ​ന​ത്ത്​ എത്തിയിരുന്നു. രാത്രിയില്‍ ഇവിടെ ത​ങ്ങിയ ക​ര്‍​ഷ​ക​ര്‍ വ്യാ​ഴാ​ഴ്​​ച രാവിലെ ആ​സാ​ദ്​ മൈ​താനത്തേക്കു നീങ്ങുകയാണ്. കാര്‍ഷിക കടം എഴുതിത്തള്ളുക, വിളകള്‍ക്കു ന്യായവില ഉറപ്പാക്കുക, വരള്‍ച്ചാ ദുരിതാശ്വാസ പാക്കേജ് പ്രഖ്യാപിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ നിരത്തിയാണ് കര്‍ഷകര്‍ ലോംഗ് മാര്‍ച്ചുമായി രംഗത്തെത്തിയിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *