സുപ്രീം കോടതിയുടെ വാക്കാല്‍ പരാമര്‍ശത്തില്‍ കെ.എം. ഷാജിക്ക് നിയമസഭാ നടപടികളില്‍ പങ്കെടുക്കാനാവില്ലെന്ന് സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്. നിയമസഭാ നടപടികളില്‍ പങ്കെടുക്കുന്നതിനു വാക്കാല്‍ പരാമര്‍ശം മതിയാകില്ല. കോടതിയില്‍നിന്നും രേഖാമൂലം അറിയിപ്പ് ലഭിക്കണം. ഇക്കാര്യം ഷാജിയെ അറിയിക്കുമെന്നും സ്പീക്കര്‍ പറഞ്ഞു.
അഴീക്കോട് നിയമസഭാ തെരഞ്ഞെടുപ്പ് ഫലം റദ്ദാക്കിയ ഹൈക്കോടതി വിധി ചോദ്യം ചെയ്ത് കെ.എം. ഷാജി സുപ്രീം കോടതിയെ സമീപിച്ചിരുന്നു. അപ്പീല്‍ അടിയന്തരമായി കേള്‍ക്കണമെന്ന ഷാജിയുടെ ആവശ്യം കോടതി തള്ളിയെങ്കിലും നിയമസഭാ നടപടികളില്‍ പങ്കെടുക്കാമെന്നു വാക്കാല്‍ പരാമര്‍ശം ഉണ്ടായി. ഷാജിക്ക് നിയമസഭാ നടപടികളില്‍ പങ്കെടുക്കാമെന്നും എന്നാല്‍ ജനപ്രതിനിധി എന്നുള്ള നിലയിലെ ആനുകൂല്യങ്ങള്‍ കൈപ്പറ്റാനാകില്ലെന്നുമാണ് കോടതി പറഞ്ഞത്. കെ.എം. ഷാജിയുടെ അയോഗ്യതയ്ക്ക് ഹൈക്കോടതി നല്കിയ സ്റ്റേ വെള്ളിയാഴ്ചയാണ് അവസാനിക്കുന്നത്.
തന്നെ അയോഗ്യനാക്കിയ ഹൈക്കോടതിയുടെ ഉത്തരവ് തെറ്റാണെന്നും തനിക്കെതിരേ ഉന്നയിച്ച ആരോപണങ്ങളുടെ അടിസ്ഥാനം ശരിയായ രീതിയില്‍ കോടതി പരിശോധിച്ചില്ലെന്നും ഷാജി നല്കിയ ഹര്‍ജിയില്‍ ആരോപിക്കുന്നു. എതിര് സ്ഥാനാര്‍ഥി എം.വി. നികേഷ് കുമാര്‍ നല്കിയ ഹര്‍ജിയിലാണ് ഹൈക്കോടതി, തെ രഞ്ഞെടുപ്പ് റദ്ദാക്കി കെ.എം. ഷാജിക്ക് ആറ് വര്‍ഷം അയോഗ്യത വിധിച്ചത്.
