ന്യൂഡല്‍ഹി: മിസോറാം നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന 209 സ്ഥാനാര്‍ത്ഥികളില്‍ പകുതിയില്‍ക്കൂടുതലും കോടീശ്വരന്‍മാര്‍. അസോസിയേഷന്‍ ഫോര്‍ ഡെമോക്രാറ്റിക് റിഫോംസ് എന്ന സംഘടനയാണ് സ്ഥാനാര്‍ത്ഥികളെക്കുറിച്ചുള്ള വിവരം പുറത്തുവിട്ടത്. ക്രിമനല്‍ കേസുകളില്‍ പ്രതിയായ 9 പേരും സ്ഥാനാര്‍ത്ഥിപട്ടികയിലുണ്ട്.
പ്രതിപക്ഷപാര്‍ട്ടിയായ മിസോ നാഷണല്‍ ഫ്രണ്ട് (എം.എന്‍.എഫ്) -35, ഭരണപക്ഷമായ കോണ്‍ഗ്രസ്- 33 ബി.ജെ.പി 17 എന്നിങ്ങനെയാണ് സ്ഥാനാര്‍ത്ഥികളിലെ കോടീശ്വരന്‍മാരുടെ നിര.
മാമിത് ജില്ലയിലെ ഹാഷെക്ക് മണ്ഡലത്തില്‍ നിന്ന് മത്സരിക്കുന്ന എം.എന്‍.എഫിന്റെ ലാല്‍റിനെങ്ക സെയിലോയുടെ ആസ്തി 100 കോടിയാണ്. സ്ഥാനാര്‍ത്ഥികളുടെ ശരാശരി ആസ്തി 3.11 കോടിയാണ്. 2013ലെ തിരഞ്ഞെടുപ്പില്‍ ഇത് 2.31 കോടിയായിരുന്നു.
ക്രിമിനല്‍ കേസ് നേരിടുന്ന സ്ഥാനാര്‍ത്ഥികളില്‍ 3 പേര്‍ വീതം എം.എന്‍.എഫിലും കോണ്‍ഗ്രസില്‍ നിന്നുമാണ്. 2 പേര്‍ ബി.ജെ.പിയില്‍ നിന്നും.
നവംബര്‍ 28നാണ് മിസോറാം നിയമസഭയിലെ 40 മണ്ഡലങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് നടക്കുന്നത്. കോണ്‍ഗ്രസ് ആണ് നിലവില്‍ സംസ്ഥാനം ഭരിക്കുന്നത്.
