കൊച്ചി: ശബരിമലയിലെ അക്രമ സംഭവങ്ങള്‍ സംബന്ധിച്ച് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചു. സംസ്ഥാന സര്‍ക്കാരനെതിരെയല്ല മറിച്ച് സുപ്രീം കോടതി വിധിക്കെതിരെയാണ് അക്രമങ്ങള്‍ നടക്കുന്നതെന്ന് സത്യവാങ്മൂലത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.
ശബരിമലയില്‍ പോലീസിന്‍റെ ഭാഗത്തു നിന്ന് യാതൊരു പ്രകോപനവും ഉണ്ടായിട്ടില്ലെന്നും യഥാര്‍ഥ ഭക്തരെ ബുദ്ധിമുട്ടിക്കുന്ന തരത്തിലുള്ള നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടില്ലെന്നും അറിയിച്ച സര്‍ക്കാര്‍ യഥാര്‍ഥ ഭക്തരെ ആക്രമിച്ചെന്ന് എവിടെയും പരാതികളില്ലെന്നും കൂട്ടിച്ചേര്‍ത്തു.
നടപ്പന്തല്‍ മുന്‍പും കഴുകാറുണ്ടെന്ന് കോടതിയെ അറിയിച്ച സര്‍ക്കാര്‍ ഇതിന്‍റെ വീഡിയോ ദൃശ്യങ്ങളും സമര്‍പ്പിച്ചു. ഭക്തര്‍ കിടക്കാതിരിക്കാനാണ് നടപ്പന്തലില്‍ വെള്ളമൊഴിച്ചെതന്ന വാദം ശരിയല്ലെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.
നടപ്പന്തല്‍ പ്രതിഷേധക്കാരുടെ താവളമാക്കി മാറ്റാനാകില്ല. ശബരിമലയിലെ പ്രതിഷേധങ്ങളുമായി ബന്ധപ്പെട്ട് ക്രിമിനിലുകളെയാണ് അറസ്റ്റ് ചെയ്തത്. ചിത്തിര ആട്ട വിശേഷ സമയത്ത് ശബരിമലയിലും പരിസര പ്രദേശങ്ങളിലും പ്രശ്നം ഉണ്ടാക്കിയവര്‍ മണ്ഡലകാലത്തും എത്തി- സര്‍ക്കാര്‍ ചൂണ്ടിക്കാട്ടി. ഇതിനും തെളിവായി ദൃശ്യങ്ങള്‍ സമര്‍പ്പിച്ചിട്ടുണ്ട്.
ശബരിമലയിലെ ബേസ് ക്യാമ്ബ് നിലയ്ക്കലിലേക്ക് മാറ്റിയതിന് സുപ്രീംകോടതി വിധിയുമായി യാതൊരു ബന്ധവുമില്ലെന്നും സര്‍ക്കാര്‍ അറിയിച്ചു. ശബരിമലയില്‍ ആവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ എല്ലാം ഏര്‍പ്പാടാക്കിയിട്ടുണ്ടെന്നു ദേവസ്വം ബോര്‍ഡ് കോടതില്‍ വ്യക്തമാക്കി എന്നാല്‍ ഭക്തരുടെ എണ്ണത്തില്‍ ഇത്തവണ ഗണ്യമായ കുറവുണ്ടെന്നും ബോര്‍ഡ് ചൂണ്ടിക്കാട്ടി.
