ഹസ്സനു വേണ്ടി ഉമ്മന്‍ ചാണ്ടി

തിരുവനന്തപുരം: എം.ഐ. ഷാനവാസിന്റെ വിയോഗത്തോടെ ഒഴിവുവന്ന കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റ് സ്ഥാനത്തേക്ക് എം.എം. ഹസനെ പരിഗണിക്കണമെന്ന ആവശ്യവുമായി ഉമ്മന്‍ ചാണ്ടി. ഇന്നലെ ഇന്ദിരാഭവനില്‍ നടന്ന എം.ഐ. ഷാനവാസ് അനുസ്മരണ യോഗശേഷം മുതിര്‍ന്ന നേതാവ് എ.കെ. ആന്റണി, കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ എന്നിവരെ ഈ ആവശ്യം ഉമ്മന്‍ചാണ്ടി അറിയിച്ചു. ഇക്കാര്യത്തില്‍ ഹൈക്കമാന്‍ഡാണ് തീരുമാനമെടുക്കേണ്ടതെന്നായിരുന്നു മുല്ലപ്പള്ളിയുടെ മറുപടി. കെപിസിസി പ്രസിഡന്റ് സ്ഥാനമൊഴിഞ്ഞ ശേഷം ഹസന് അര്‍ഹമായ സ്ഥാനം ലഭിച്ചില്ലെന്നും അദ്ദേഹത്തെ പരിഗണിക്കണമെന്നുമായിരുന്നു ഉമ്മന്‍ചാണ്ടിയുടെ അഭ്യര്‍ത്ഥന. ആവശ്യം എഐസിസി അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ ധരിപ്പിക്കുമെന്ന് എ.കെ. ആന്റണി പറഞ്ഞു.

വി.എം. സുധീരന്‍ അധ്യക്ഷസ്ഥാനം രാജിവച്ചപ്പോഴാണ് ഹസനെ പ്രസിഡന്റാക്കിയത്. ഹസന്റെ കാലത്തായിരുന്നു പാര്‍ട്ടി കേരളയാത്ര നടത്തിയത്. മുന്‍ വര്‍ഷങ്ങളിലൊന്നും പാര്‍ട്ടിക്ക് ലഭിക്കാത്ത സംഭാവനയാണ് ആ യാത്രയിലൂടെ ഹസന്‍ സ്വരൂപിച്ചത്. ഈ തുകയുടെ പകുതി എല്ലാ ഡിസിസികള്‍ക്കും വീതിച്ചു നല്‍കി. ബാക്കി പാര്‍ട്ടി അക്കൗണ്ടില്‍ നിക്ഷേപിച്ചു. എന്നാല്‍ ഒഴിവിലേക്ക് തമ്ബാനൂര്‍ രവിയെ നിയമിക്കാനാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്ക് താത്പര്യം. ഗ്രൂപ്പുകള്‍ക്കതീതമായാണ് ഇത്തവണ കെപിസിസി നേതൃത്വത്തെ എഐസിസി നിയമിച്ചത്. ആയതിനാല്‍എ.കെ. ആന്റണിയും മുല്ലപ്പള്ളി രാമചന്ദ്രനും നിര്‍ദ്ദേശിക്കുന്ന ആളെയാകും എഐസിസി നിയമിക്കുകയെന്നും സൂചനയുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *