തിരുവനന്തപുരം: ശബരിമല വിഷയം സംഘഷഭരിതമാക്കിയത് മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും ഡിജിപിയുമാണെന്ന് കോണ്‍ഗ്രസ് വര്‍ക്കിംഗ് കമ്മിറ്റി അംഗം എ.കെ. ആന്റണി. കോടതി വിധികള്‍ പ്രസ്താവിക്കുന്പോള്‍ അപ്പോള്‍ തന്നെ നടപ്പാക്കണമെന്ന് പറയാറില്ല. സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് സുപ്രീംകോടതി വിധി വന്നപ്പോള്‍ അത് എന്തുവിലകൊടുത്തും നടപ്പാക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞതാണ് പ്രകോപനങ്ങള്‍ക്കു കാരണമായതെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തില്‍ 24 മണിക്കൂറും മതേതരത്വം പ്രസംഗിച്ചുനടക്കുന്ന സിപിഎമ്മിന്റെ പ്രവൃത്തി മറ്റൊന്നാണെന്നും ആന്റണി കൂട്ടിച്ചേര്‍ത്തു. സിപിഎമ്മും അവരുടെ കേരള ഘടകവും മുഖ്യമന്ത്രി പിണറായി വിജയനും വെള്ളവും വളവും നല്കി ബിജെപിയെയും ആര്‍എസ്എസിനെയും വളര്‍ത്തുകയാണ്. പ്രളയത്തില്‍ തകര്‍ന്ന പന്പയുടെയും സന്നിധാനത്തെയും അവസ്ഥ ബോധ്യപ്പെടുത്തി സാവകാശ ഹര്‍ജിയോ, പുനഃപരിശോധനാ ഹര്‍ജിയോ നല്കിയിരുന്നെങ്കില് പ്രശ്നങ്ങള്‍ ഒഴിവാക്കാമായിരുന്നെന്നും ആന്റണി കൂട്ടിച്ചേര്‍ത്തു.
