മന്ത്രിസ്ഥാനത്തുനിന്ന് നീക്കാനുള്ള തീരുമാനം വേദനിപ്പിച്ചെന്ന് മാത്യു ടി തോമസ്

തിരുവനന്തപുരം: മന്ത്രി സ്ഥാനത്ത് നിന്ന് നീക്കാനുള്ള പാര്‍ട്ടി ദേശീയ നേതൃത്വത്തിന്റെ തീരുമാനം വേദനിപ്പിച്ചുവെന്ന് മാത്യു ടി തോമസ്. നീതി പൂര്‍വ്വം പ്രവര്‍ത്തിച്ചത് പലര്‍ക്കും അനിഷ്ടമുണ്ടാക്കി. കുടുംബത്തെയും തന്നെയും വ്യക്തിപരമായി അപകീര്‍ത്തിപെടുത്താന്‍ ശ്രമിച്ചുവെന്നും ഇടതുപക്ഷതോടൊപ്പം എന്നുമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

രണ്ടര വര്‍ഷത്തിന് ശേഷം മന്ത്രിസ്ഥാനം വച്ചുമാറാമെന്ന ധാരണയുടെ അടിസ്ഥാനത്തിലാണ് സ്ഥാനമാറ്റം. ധാരണപ്രകാരം മാത്യു ടി. തോമസ് മന്ത്രിസ്ഥാനം ഒഴിഞ്ഞില്ലെന്ന് കാട്ടി ജെഡിഎസില്‍ ചേരിപ്പോര് ശക്തമായിരുന്നു. മാത്യു ടി തോമസ്സിനെതിരെ എംഎല്‍എമാരായ കെ.കൃഷ്ണന്‍കുട്ടിയും സികെനാണുവും ദേശീയനേതൃത്വത്തിന് മുന്നില്‍ പല തവണ പരാതിയുമായി പോയിരുന്നു.

ഇതിനു പിന്നാലെയാണ് മന്ത്രി സ്ഥാനത്തു നിന്നും മാത്യു ടി തോമസിനെ മാറ്റാനുള്ള തീരുമാനമുണ്ടായത്. ന്ത്രിസ്ഥാനത്തെച്ചൊല്ലിയുള്ള തര്‍ക്കം പരിഹരിക്കാന്‍ ജനതാദള്‍ സംസ്ഥാനനേതാക്കള്‍ ദേവഗൗഡയുമായി നേരിട്ട് ചര്‍ച്ച നടത്തി. കെ കൃഷ്ണന്‍കുട്ടി, സികെ നാണു എന്നിവരും ചര്‍ച്ചയില്‍ പങ്കെടുത്തു. ദേശീയ ജനറല്‍ സെക്രട്ടറി ഡാനിഷ് അലിയും ചര്‍ച്ചയിലുണ്ടായിരുന്നു.

ചര്‍ച്ചയില്‍ പങ്കെടുക്കണമെന്ന് ദേവഗൗഡ നിര്‍ദേശിച്ചെങ്കിലും മാത്യു ടി.തോമസ് എത്തിയിരുന്നില്ല. ഒടുവില്‍ ദേവഗൗഡ മന്ത്രിസ്ഥാനം ഒഴിയാന്‍ ആവശ്യപ്പെടുകയായിരുന്നു. ജെഡിഎസില്‍ നിന്ന് കെ കൃഷ്ണന്‍ കുട്ടി എംഎല്‍എയെ പുതിയ മന്ത്രിയായി നിയമിക്കാനാണ് ധാരണയായിരിക്കുന്നത്. ചിറ്റൂരില്‍ നിന്നുള്ള എംഎല്‍എയും ജെഡിഎസ് സംസ്ഥാന പ്രസിഡന്റുമാണ് കെ കൃഷ്ണന്‍കുട്ടി.

Leave a Reply

Your email address will not be published. Required fields are marked *